സിഎംആർഎൽ കേസ്: ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് രഹസ്യ രേഖയല്ലെന്നു ഹൈക്കോടതി

Mail This Article
കൊച്ചി∙ ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന കേസിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് രഹസ്യ രേഖയാണെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. എന്നാൽ ബോർഡിന്റെ നിരീക്ഷണങ്ങളെ കുറ്റകൃത്യത്തിനുള്ള വസ്തുതകളായി കണക്കാക്കാനില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
-
Also Read
ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം: പിഎസ്ഐ
ഡയറിയിൽ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥൻ ബോർഡിനു നൽകിയ മൊഴിക്ക് തെളിവ് മൂല്യമില്ല. സിഎംആർഎൽ ഉദ്യോഗസ്ഥരിലൊരാൾ സൂക്ഷിച്ചിരുന്ന ഡയറിയിൽ രേഖപ്പെടുത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണയ്ക്കും എക്സാലോജിക് കമ്പനിക്കും വിവിധ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന് വെളിപ്പെടുത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു നൽകിയ മൊഴിക്കു തെളിവ് മൂല്യമില്ലെന്നു സുപ്രീം കോടതിയുടെ വി.സി.ശുക്ല കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വ്യക്തമാക്കിയത്. ഇത്തരത്തിൽ ഡയറിയിൽ കുറിച്ചിരിക്കുന്നത് അപ്രസ്കതമാണെന്നും തെളിവ് നിയമപ്രകാരം അംഗീകാരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.2017–2018, 2019–2020 വർഷങ്ങളിൽ വീണയ്ക്കും കമ്പനിക്കും 1.72 കോടി രൂപ സിഎംആർഎൽ നൽകിയത് ബിസിനസ് ചെലവായി കണക്കാക്കാനാവില്ലെന്നായിരുന്നു ബോർഡിന്റെ നിലപാട്.
ഇല്ലാത്ത സേവനത്തിനു വീണയ്ക്കും കമ്പനിക്കും നൽകിയ തുകയ്ക്കു പ്രതിഫലമായി സിഎംആർഎൽ കമ്പനി ഓഹരിയുടമയായ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡിന് (കെആർഇഎംഎൽ) ഭൂപരിധിയിൽ ഇളവ് അനുവദിച്ചെന്നായിരുന്നു ആരോപണം. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് കെഎംഎൽഎൽ ഖനനം ചെയ്ത ഇൽമനൈറ്റ് സിഎംആർഎല്ലിനു നൽകിയെന്നുമായിരുന്നു ആരോപണം.വീണയ്ക്കും കമ്പനിക്കും നൽകിയ പണം മുഖ്യമന്ത്രിക്കു നൽകിയ കൈക്കൂലിയാണെന്ന് മാത്യു കുഴൽനാടന്റെ ഹർജിയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഇളവുകൾ നൽകി അധികാരം ദുരുപയോഗം ചെയ്തെന്നും ആരോപിച്ചു.