കേരളത്തിലെ എംഡിഎംഎ വിതരണക്കാരിൽ പ്രധാനി; നൈജീരിയ സ്വദേശി അഗ്ബെഡോ അസൂക്ക സോളമൻ ഡൽഹിയിൽ അറസ്റ്റിൽ

Mail This Article
കൊല്ലം ∙ സംസ്ഥാനത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ പ്രധാനിയായ വിദേശിയെ ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ അഗ്ബെഡോ അസൂക്ക സോളമനെ (29)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എൻഡിപിഎസ് ആക്ട് പ്രകാരം ഇരവിപുരം പൊലീസ് നേരത്തേ പിടികൂടിയ ഷിജു, ആസിംഖാൻ, റാഫിഖ്, ഫൈസൽ എന്നിവരിൽ നിന്നാണ് പ്രധാനിയായ നൈജീരിയൻ സ്വദേശിയെക്കുറിച്ചു വിവരം ലഭിക്കുന്നത്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഇരവിപുരം എസ്എച്ച്ഒ ആർ. രാജീവ്, എസ്‌സിപിഒ സുമേഷ്, സിപിഒമാരായ സുമേഷ്, സജിൻ, ഷാൻ അലി എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതികളിൽ ഒരാളായ ഫൈസലുമായി 27ന് ഡൽഹിയിൽ എത്തി ഫോൺ വഴി അഗ്ബെഡോ അസൂക്ക സോളമനുമായി ബന്ധപ്പെട്ടു. പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടു. രാത്രി 7.30ന് ഇയാൾ പറഞ്ഞ സ്ഥലത്ത് അന്വേഷണ സംഘം എത്തി. അവിടെ വച്ച് പണം കൈമാറുന്നതിനിടെ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ഡൽഹിയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് പ്രകാരം കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇരവിപുരത്ത് മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കി. ഒട്ടേറെ തവണ ഇയാളെ ഡൽഹി പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണു വിവരം.
രണ്ടാഴ്ച മുൻപാണ് ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 4 യുവാക്കളെ 90 ഗ്രാം എംഡിഎംഎയുമായി പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡൽഹിയിൽ നിന്നാണ് എംഡിഎംഎ ലഭിക്കുന്നതെന്ന് മനസ്സിലായത്. തുടർന്ന് ബെംഗളൂരുവിൽ സ്ഥിരമായി പോയിവരുന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജില്ലയിൽ എംഡിഎംഎയുടെ മൊത്തക്കച്ചവടം നടത്തുന്ന അനില രവീന്ദ്രനെ ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ആഴ്ചകൾക്ക് മുൻപ് പിടികൂടിയിരുന്നു.