തൂത്തൻ ഖാമന്റെ മൃതിയറയിലെ വെള്ളത്തൊട്ടികൾ പാതാളദേവനെ ഉണർത്താനുള്ള കർമത്തിനുള്ളതെന്നു പഠനം

Mail This Article
ഈജിപ്തിലെ അതിപ്രശസ്തനായ ഫറവോ തൂത്തൻ ഖാമന്റെ മൃതിയറയിൽ നിന്നു കണ്ടെത്തിയ പുരാവസ്തുക്കളിൽ ചിലത് വളരെ വ്യത്യസ്തമായ ഒരു കാര്യത്തിന് ഉപയോഗിച്ചതാണെന്നു പുതിയ പഠനം. ഈജിപ്ഷ്യൻ മിത്തോളജി പ്രകാരം പാതാളലോകത്തിന്റെ ദേവനായ ഓസിരിസിനെ ഉണർത്താനായി നടത്തപ്പെട്ട അവേക്കനിങ് ഓഫ് ഓസിരിസ് എന്ന ചടങ്ങിനായാണ് ഇവ ഉപയോഗിച്ചതെന്നാണു യേൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. സ്വന്തം സഹോദരനായ സേഥിനാൽ ഓസിരിസ് കൊല്ലപ്പെട്ടെന്നും ഓസിരിസിന്റെ മകൻ ഹോറൂസ് പിതാവിനെ മരണത്തിൽ നിന്നു തിരികെയെത്തിച്ചുമെന്നാണ് ഐതിഹ്യം. ഈ കഥയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചടങ്ങ് മൃതിയറകളിൽ നടത്തിയിരുന്നത്. തൂത്തൻ ഖാമന്റെ മൃതിയറയിൽ കണ്ടെത്തിയ 4 കളിമൺ തൊട്ടികളും 4 കോലുകളും ഇതിനായാണു ഉപയോഗിച്ചിരുന്നതത്രേ. നൈൽ നദിയിൽ നിന്നുള്ള ജലമാണ് ഇതിനായി ഉപയോഗിച്ചതെന്നും ഗവേഷകർ പറയുന്നു.
ബിസി 1333 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ച ചക്രവർത്തിയാണ് തൂത്തൻ ഖാമൻ. ഈജിപ്തിലെ പ്രശസ്തനായ രാജാവായ അഖേനാടനിനു ശേഷം ഒൻപതാം വയസ്സിലാണ് തൂത്തൻ ഖാമൻ അധികാരത്തെത്തുന്നത്. തുടർന്ന് അദ്ദേഹം അഖേനാടനിന്റെ മകളായ അൻഖേസൻപാറ്റണിനെ വിവാഹം കഴിച്ചു. തീരെച്ചെറുപ്പമായതിനാൽ തൂത്തൻ ഖാമനെ അധികാരത്തിൽ സഹായിക്കാനായി ആയ്, ഹോറെംഹെബ് എന്നീ ഉപദേഷ്ടാക്കളുമുണ്ടായിരുന്നു. തൂത്തൻ ഖാമന്റെ മുൻഗാമിയായ അഖേനാടൻ ഈജിപ്തിൽ അതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾക്കു പകരം പുതിയ ദേവൻമാരെ കൊണ്ടുവരികയും പുതിയ സമ്പ്രദായം അനുഷ്ഠിക്കുകയും ചെയ്തിരുന്നു തൂത്തൻഖാമൻ ഇതെല്ലാം മാറ്റി പഴയ ആരാധനാരീതികളും വിശ്വാസങ്ങളും തിരികെക്കൊണ്ടുവന്നു. എന്നാൽ തന്റെ 19ാം വയസ്സിൽ തൂത്തൻ ഖാമൻ അന്തരിച്ചു. മലേറിയ,അസ്ഥിരോഗം, കൊലപാതകം തുടങ്ങി ഒട്ടേറെ കാരണങ്ങൾ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്.
തുടർന്ന് ഉപദേഷ്ടാവായ പുതിയ ചക്രവർത്തിയായി. അഖേനാടൻ, തൂത്തൻ ഖാമൻ, ആയ് തുടങ്ങിയ രാജാക്കൻമാരുടെ വാഴ്ചയെ അമാർണ കാലഘട്ടം എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമാർണ കാലഘട്ടത്തിൽ ഉൾപ്പെട്ട രാജാക്കൻമാരുടെ പേരുകൾ ചരിത്രത്തിൽ നിന്നു പുറത്താക്കാൻ പ്രാചീന ഈജിപ്തുകാർ ശ്രമിച്ചിട്ടുണ്ട്. അഖേനാടന്റെ മതപരിഷ്‌കാരങ്ങളാകാം ഇതിനു കാരണമായി പറയപ്പെടുന്നത്. ഇവരുടെ കല്ലറകളും അപ്രധാനമായാണ് പണിതിട്ടുള്ളത്. എന്നാൽ എന്ത് അപ്രധാനമാക്കാൻ ശ്രമിച്ചുവോ, അതിന്റെ വിപരീതമാണ് സംഭവിച്ചത്. ഹോവാർഡ് കാർട്ടർ എന്ന ബ്രിട്ടിഷ് പുരാവസ്തുഗവേഷകൻ തൂത്തൻ ഖാമന്റെ മൃതിയറ കണ്ടെത്തലോടെ തൂത്തൻ ഖാമൻ പ്രാചീന ഈജിപ്തിന്റെ ചിഹ്നമായി മാറി. ഇന്നും മമ്മികളെക്കുറിച്ച് പരാമർശിക്കുമ്പോൾ പലരുടെയും ഉള്ളിൽ അറിയാതെയെങ്കിലും അദ്ദേഹത്തിന്റെ രൂപമാണ് തെളിയുന്നത്.