മധുരയിൽ ചെങ്കൊടിയേറി; ബിമൻ ബോസ് പതാക ഉയർത്തി, സിപിഎം പാർട്ടി കോൺഗ്രസിനു തുടക്കം

Mail This Article
മധുര ∙ സിപിഎം 24–ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ‘നിലവിൽ രാജ്യത്തിന്റെ 40 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്ന കോർപ്പറേറ്റുകളുടെ കൈകളിൽ മാത്രമാണ്. രാജ്യത്തെ യുവാക്കളുടെ ഇടയിൽ ഉയർന്നുവരുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മ, തൊഴിലാളികളുടെ മേലുള്ള അമിത ചൂഷണം. അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന കർഷകരുടെ അവസ്ഥകൾ എന്നിവയെല്ലാം കേന്ദ്ര സർക്കാരിന്റെ സംഭാവനകളാണ്’ – പ്രകാശ് കാരാട്ട് പറഞ്ഞു.
‘‘ലോക്സഭയിലും സംസ്ഥാന നിയമ നിർമാണ സഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ആരാണ് ഡോണൾഡ് ട്രംപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്നത്? ആരാണ് ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടേയും അടുത്ത സുഹൃത്ത്? ആർക്കാണ് ആർഎസ്എസിനോട് പൂർണ വിധേയത്വമുള്ളത് എന്നീ മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം പരിശോധിച്ചാൽ അവ വിരൽചൂണ്ടുന്നത് നരേന്ദ്ര മോദിയിലേക്കും അദ്ദേഹത്തിന്റെ സർക്കാരിലേക്കുമാണ്. രാജ്യത്തിന്റെ ഭരണ സംവിധാനത്തിന്റെ ഇന്നത്തെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ ഇതുമതിയാകും.’’– പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനായ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ ഇടതുനേതാക്കളും പങ്കെടുക്കുന്നു.

‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നാളെ നടക്കുന്ന സെമിനാറിൽ പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. പ്രതിനിധി സമ്മേളനം 6 വരെ തുടരും. പാർട്ടി കോൺഗ്രസിനു മുന്നോടിയായി മധുരയിൽ പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്നു. 80 നിരീക്ഷകർ അടക്കം 881 പ്രതിനിധികളാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികളുള്ളതു കേരളത്തിൽനിന്നാണ് – 175. അഭിനേതാക്കളായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ്മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടി.എസ്.ജ്ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രവർത്തകരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 53 വർഷത്തിനുശേഷമാണു പാർട്ടി കോൺഗ്രസിനു മധുര വേദിയാകുന്നത്.