‘എമ്പുരാൻ’ രാജ്യസഭയിൽ ഉന്നയിച്ച് ജെബി മേത്തർ; ഭരണപക്ഷ ബഹളം, സഭാരേഖകളിൽ നിന്ന് നീക്കി

Mail This Article
ന്യൂഡൽഹി ∙ എമ്പുരാൻ വിഷയം രാജ്യസഭയിലെ ശൂന്യവേളയിൽ അവതരിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് അംഗം ജെബി മേത്തർക്കെതിരെ ഭരണപക്ഷ എംപിമാർ രംഗത്തെത്തിയതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കി. രാവിലെ ശൂന്യവേളയിലായിരുന്നു ജെബി എമ്പുരാൻ സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും അതേ തുടർന്ന് മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ, അമ്മ മല്ലിക സുകുമാരൻ എന്നിവർക്കെതിരെ ആർഎസ്എസ് നടത്തുന്ന വിദ്വേഷ പരാമർശങ്ങളും സഭയിൽ ഉന്നയിച്ചത്.
സിനിമയിറങ്ങി അഞ്ചാം ദിവസവും സിനിമയ്ക്കെതിരെ വൻതോതിലുള്ള വിദ്വേഷ പ്രചാരണമാണ് ആർഎസ്എസും അനുബന്ധ സംഘടനകളും നടത്തുന്നതെന്നായിരുന്നു ജെബിയുടെ പരാമർശം. ജെബി എമ്പുരാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഭരണപക്ഷത്തു നിന്നു ബഹളമുയർന്നു. ഇതു ശക്തമായതോടെ സഭ നിയന്ത്രിച്ചിരുന്ന ഹരിവംശ് ഇടപെട്ടു. സർഗാത്മക അഭിപ്രായ പ്രകടനങ്ങൾ രൂപപ്പെടുത്താൻ ഇന്ത്യൻ കലയും സിനിമയും പ്രോത്സാഹിപ്പിക്കണമെന്ന വിഷയത്തിൽ സംസാരിക്കാനാണ് ജെബിയെ സഭ നിയന്ത്രിച്ച ഉപാധ്യക്ഷൻ അനുവദിച്ചത്.
വിഷയത്തിൽ നിന്നു മാറി നടത്തിയ പരാമർശങ്ങൾ സഭാരേഖകളിൽ ഉണ്ടാകില്ലെന്ന് ഹരിവംശ് അറിയിച്ചു. ജെബിക്ക് അനുവദിച്ച സമയം പൂർത്തിയാകും മുൻപു തന്നെ അടുത്തയാളെ സംസാരിക്കാൻ വിളിച്ചു. സിപിഎം അംഗങ്ങളായ ജോൺ ബ്രിട്ടാസും എ.എ. റഹീമും ജെബി പറഞ്ഞതിനെ പിന്തുണച്ച് നോട്ടിസ് നൽകിയിരുന്നു.