ADVERTISEMENT

അച്ചൻ പട്ടാളത്തിലാണ്. അക്ഷരപ്പിശക് അല്ല, ശരിക്കും ഈ ‘അച്ചൻ’ പട്ടാളത്തിലാണ്. വൈദികനായിരിക്കെ മിലിറ്ററി സേവനം തിരഞ്ഞെടുത്ത സിറോ മലബാർ സഭയിലെ ആദ്യ പുരോഹിതനാണ് സിഎസ്ടി സന്യാസ സഭാംഗമായ ഫാ.ജിസ് ജോസ് കിഴക്കേൽ. കരസേനയുടെ സെന്റർ കമാൻഡിനു കീഴിലെ കാൻപുർ യൂണിറ്റിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) ആയ ഫാ.ജിസ്, 5 വർഷത്തെ സേവനം പൂർത്തിയാക്കിക്കഴിഞ്ഞു. 

2015ലായിരുന്നു ഫാ.ജിസിന്റെ പൗരോഹിത്യ സ്വീകരണം. മൂവാറ്റുപുഴ വാഴക്കുളം കല്ലൂർക്കാട് കിഴക്കേൽ ജോസ് വർഗീസിന്റെയും വൽസയുടെയും രണ്ടാമത്തെ മകൻ. ആലുവ ലിറ്റിൽ ഫ്ലവർ, വടവാതൂർ സെന്റ് തോമസ് അപ്പസ്തലിക് സെമിനാരികളിൽ വൈദികപരിശീലനം. ഒപ്പം ഫിലോസഫിയിൽ ബിരുദവും എംസിഎയും നേടി. ഇടുക്കി കാഞ്ചിയാർ ജെപിഎം കോളജിൽ അസിസ്റ്റന്റ് മാനേജരായി ജോലിയിൽ പ്രവേശിക്കുന്നത് 2015 മേയിൽ. വിദ്യാർഥികൾക്കുള്ള ജോലി അവസരങ്ങൾ തിരയുന്നതിനിടെ അപ്രതീക്ഷിതമായാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഒരു പരസ്യം ഫാ.ജിസിന്റെ കണ്ണിൽപ്പെടുന്നത്.

 പട്ടാളത്തിലേക്കു റിലീജിയസ് ടീച്ചർ (മതാധ്യാപക) ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുള്ള പരസ്യം. ഓൺലൈനിൽ അപേക്ഷ അയച്ചു. 2017 ഒക്ടോബറിലായിരുന്നു ഇത്. പ്രവേശന പരീക്ഷ പാസായതോടെ ഫിസിക്കൽ, മെഡിക്കൽ കടമ്പകൾ. കർണാടക ബാഗർകോട്ടായിരുന്നു ഫിസിക്കൽ ടെസ്റ്റ്. പ്രത്യേക പരിശീലനമൊന്നുമില്ലെങ്കിലും കോളജിൽ സ്ഥിരമായി ബാഡ്മിന്റൻ കളിച്ചിരുന്നത് തുണയായി. 1600 മീറ്റർ 5.40 മിനിറ്റിൽ ഓടിയെത്തി ഫിസിക്കൽ പാസായി. നായിബ് സുബേദാർ റാങ്കിലായിരുന്നു നിയമനം. 7 ആഴ്ചത്തെ കഠിനമായ ശാരീരികക്ഷമതാ പരിശീലനം. സ്വയരക്ഷയ്ക്കായി തോക്കും ആയുധങ്ങളുമുൾപ്പെടെ ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു. 11 ആഴ്ചത്തെ പൊതുവായ ആത്മീയ പരിശീലനവും ഓറിയന്റേഷനും പൂർത്തിയാക്കി പുണെയിലെ നാഷനൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസിങ് ഔട്ട്. അങ്ങനെ 2019ൽ ളോഹയ്ക്ക് ഒപ്പം ഫാ.ജിസ് പട്ടാളവേഷമണിഞ്ഞു. 19 പേരാണ് ആ ബാച്ചിലുണ്ടായിരുന്നത്. 

‘ഓരോ യൂണിറ്റിലുമുള്ള പട്ടാളക്കാർക്കും കുടുംബങ്ങൾക്കും ആത്മീയ സഹായങ്ങൾ നൽകുക, മതപരമായ ആഘോഷങ്ങളിൽ സഹായിക്കുക, എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുക, വാഹനങ്ങളുടെയും ആയുധസാമഗ്രികളുടെയും പൂജ, മൂല്യങ്ങൾ വളർത്തുക, സൈനികർക്കിടയിൽ മതനിരപേക്ഷതയും സഹവർത്തിത്വവും ഉറപ്പാക്കുക എന്നു തുടങ്ങി പ്രത്യേക ഓപ്പറേഷനുകൾക്ക് പോകുന്ന ജവാന്മാർക്ക് മനോധൈര്യം പകരുക, മാനസിക സംഘർഷങ്ങളിൽ കൗൺസലിങ് നൽകുക തുടങ്ങി റിലീജിയസ് ടീച്ചർമാരുടെ ഉത്തരവാദിത്തം വലുതാണ്. എല്ലാ മതവിഭാഗങ്ങൾക്കും സൈന്യത്തിൽ അവരവരുടെ പുരോഹിതർ ഉണ്ടാകും. പണ്ഡിറ്റ്ജിമാരും വൈദികരും, മുസ്‌ലിം, സിഖ് പുരോഹിതരും ബുദ്ധസന്യാസിമാരുമെല്ലാം ഉണ്ടാകും. ബ്രിട്ടിഷ് ആർമിയിൽ മുൻപ് റിലീജിയസ് ചാപ്ലൈൻസ് ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആ രീതിയുണ്ട്– ഫാ ജിസ് പറഞ്ഞു. 

തുടക്കകാലം വെല്ലുവിളികളുടേതായിരുന്നു. ജോലി ചെയ്യുന്ന യൂണിറ്റിലെ സൈനികരിലേറെയും വടക്കുകിഴക്കൻ സംസ്ഥാനക്കാർ. ഭാഷ അറിയാത്തതായിരുന്നു പ്രധാന പ്രശ്നം. ഹിന്ദി പ്രസംഗങ്ങളൊക്കെ എഴുതി പഠിച്ച് സൈനികരോടു സംസാരിക്കേണ്ടിവന്നു. പലപ്പോഴും ഗൺ പോയിന്റിൽ നിൽക്കേണ്ടിവരുന്ന സൈനികരുടെ ടെൻഷൻ കൂടി മതാധ്യാപകർ ഏറ്റെടുക്കേണ്ടിവരും. മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യു വരിക്കാൻ ഭീതിയില്ലെങ്കിലും ദൂരെ നാട്ടിലുള്ള കുടുംബത്തെക്കുറിച്ചുള്ള ആശങ്കകൾ ചിലപ്പോഴെങ്കിലും സൈനികരുടെ മനസ്സിനെ ദുർബലമാക്കും.

കോവിഡ് കാലത്ത് സ്ഥിതി കൂടുതൽ ഗുരുതരമായിരുന്നു. അതീവ സുരക്ഷാ സാഹചര്യത്തിൽ പലർക്കും സമയത്ത് ലീവ് എടുക്കാനോ നാട്ടിൽ പോകാനോ കഴിഞ്ഞില്ല. പ്രിയപ്പെട്ടവരുടെ മരണസമയത്തോ, ഭാര്യയുടെ പ്രസവസമയത്തോ പോകാൻ കഴിയാത്ത അവസ്ഥ, രോഗത്തെ പറ്റിയും പ്രിയപ്പെട്ടവരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുമുള്ള ആശങ്ക, ഇവയെല്ലാം പലരെയും മാനസികമായി തളർത്തി. ആ സമയങ്ങളിൽ കൗൺസലിങ്ങും പ്രാർഥനയുമായി അവരെ തിരികെ കൊണ്ടുവരുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ചൈനയുമായുള്ള സംഘർഷ കാലത്തെ അനുഭവങ്ങളും സമാനമായിരുന്നു. 

ഫാ. ജിസിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘സൈനികൻ ആയിരിക്കുന്നതിന്റെ അഭിമാനത്തോടൊപ്പം ഇടയ്ക്ക് അതികഠിനമായ ഏകാന്തത അനുഭവപ്പെടുന്ന ദിനങ്ങളുണ്ടാകും. സൈനികർ മാനസിക സംഘർഷങ്ങൾ ആത്മീയ ഗുരുക്കന്മാരോടു പങ്കുവയ്ക്കും. എന്നാൽ ചില നേരങ്ങളിൽ സ്വന്തം സംഘർഷങ്ങൾക്കു സ്വയം ഉത്തരം കണ്ടെത്തേണ്ട അവസ്ഥയുണ്ട്. കേൾക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോകും. കൂടുതൽ പ്രാർഥിച്ചും ധ്യാനിച്ചുമാണ് ആ സംഘർഷനേരങ്ങൾ കടന്നു പോകുക. ദൈവത്തോടുള്ള ആത്മീയ അടുപ്പവും മാതൃരാജ്യത്തോടുള്ള സ്നേഹവും പട്ടാളക്കാരനായതിന്റെ അഭിമാനവുമൊക്കെ ഒരേ സമയം സിരകളിൽ നിറയും.

കാർഗിൽ യുദ്ധത്തിന്റെ 25–ാം വാർഷികദിനത്തിൽ ലഡാക്കിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് വലിയ അനുഭവമായിരുന്നു. ആ നേരത്തൊക്കെ ദൈവം എന്നെ നയിക്കുന്ന വ്യത്യസ്തമായ വഴികൾ ഞാൻ ഓർത്തുകൊണ്ടിരുന്നു, ഒരേസമയം ദൈവത്തെയും രാജ്യത്തെയും സേവിക്കാനുള്ള ഈ ഭാഗ്യത്തെപ്പറ്റിയും.’ 

English Summary:

Sunday special about experiences of Fr Jis Jose Kizhakkel of Syro-Malabar Church who opted for military service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com