ADVERTISEMENT

ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും   മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും  ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു. ചങ്ങലപ്പൂട്ടുകൾ അഴിച്ചു സ്വന്തമായി ജീവിക്കാൻ തുടങ്ങിയപ്പോഴും പഴയ ഇഷ്ടം വിട്ടില്ല. 

വീടുകളിൽ പണിക്കു നിന്നു കിട്ടുന്ന തുച്ഛമായ തുക കൊണ്ടവൾ  ചിത്രകല പഠിക്കാനിറങ്ങി. തുടർന്നു ചുമർചിത്രമെഴുതാൻ പരിശീലനം നേടി. ക്ഷേത്രശിൽപ നിർമാണത്തിൽ ശിഷ്യത്വം സ്വീകരിച്ചു. ക്ഷേത്രച്ചുമരുകളിൽ ചിത്രം വരയ്ക്കുന്ന അനു അമൃത എന്ന കലാകാരിയിലേക്കുള്ള ആ പഴയ പെൺകുട്ടിയുടെ വളർച്ച അതിജീവനത്തിന്റേതു കൂടിയാണ്. 

വീടുകളിൽ കൂലിപ്പണിക്കിറങ്ങിയതിനിടെ പഠിച്ചെഴുതിയ തുല്യതാ പരീക്ഷയ്ക്കു സെക്കൻഡ് ക്ലാസ് കിട്ടിയതാണു അനുവിന്റെ ജീവിതത്തിലെ ആദ്യവിജയം. നഴ്സിങ് ഡിപ്ലോമ കഴിഞ്ഞ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിനിടെയാണു ചിത്രകല പഠിക്കാൻ പ്രതിഭ സ്കൂൾ ഓഫ് ആർട്സിൽ ചേർന്നത്.  വീട്ടിൽ പോകാനാവാത്ത ദുരവസ്ഥകളുടെ ഇരുണ്ട കഥ കേട്ടപ്പോൾ ആശുപത്രി അധികൃതർ ജോലി സ്ഥിരപ്പെടുത്തി, കിടക്കാൻ ഒരു മുറിയും നൽകി.

രാത്രിഡ്യൂട്ടി ചോദിച്ചു വാങ്ങി പകൽ ചിത്രകലാ പഠനത്തിനിറങ്ങി. ആലുവ ഗേൾസ് സ്കൂളിൽ പഠിക്കുന്ന കാലത്തു പരിചയപ്പെട്ട ചിത്രകലാധ്യാപകൻ വാരിയർ മാഷെ പലയിടത്തും അന്വേഷിച്ചു. ഒടുവിൽ ചേർത്തലയിൽ ഒരു വാരിയർ മാഷെ കണ്ടെത്തിയതാണു ജീവിതത്തിലെ വഴിത്തിരിവ്. മാഷിന്റെ കീഴിൽ പഠിക്കുന്നതിനിടെ അദ്ദേഹം നൽകിയ ചെറിയ തുകയാൽ ആരംഭിച്ചതാണ് ആലുവയിലെ അമൃത സ്കൂൾ ഓഫ് ആർട്സ്. കപ്രശേരിയിലും മഞ്ഞപ്രയിലും സ്കൂളുകളിൽ ചിത്രകല പഠിപ്പിക്കാൻ അവസരം കിട്ടിയതോടെ ജീവിതം നിറമുള്ളതാവാൻ തുടങ്ങി.

വാരിയർ മാഷ്

തേടി നടന്ന വാരിയർ മാഷെ പാലക്കാട്ട് ഒരു ചിത്രകലാ ക്യാംപിൽ വച്ചു കണ്ടെത്തി. മ്യൂറൽ ചിത്രകലാകാരനായ ഗുരുവായൂരിലെ കെ.കെ.വാരിയർ ആയിരുന്നു അത്. അദ്ദേഹം നൽകിയ കത്തുമായി ഗുരുവായൂരിലെ അപ്പുക്കുട്ടൻ കോട്ടപ്പടിയെ കണ്ടതോടെ  പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് ചുമർചിത്രമെഴുത്ത് പഠിക്കാനായി. ഒൻപതു വർഷത്തോളം നീണ്ടു ആ പഠനം. അദ്ദേഹത്തിന്റെ കീഴിൽ ആദ്യമായി നടപ്പടിയിൽ മഷിപ്പൂ വരച്ചത് ഇരിങ്ങോട്ടുചിറ മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിലാണ്.

ആലപ്പുഴ നെടുമുടി പൂപ്പള്ളി ശ്രീഭദ്ര ഭഗവതി ക്ഷേത്രമടക്കം 16 ക്ഷേത്രങ്ങളിലെ ചുമരുകളിൽ ഇതിനകം ദേവചരിതം ചിത്രമായെഴുതി. എറണാകുളം നെട്ടൂർ തെക്കേപ്പാട്ട് പുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിലെ ഇടമുറിയിൽ 18 ദേവിമാരെയും കൃഷ്ണനെയും ഗണപതിയെയും  വരയ്ക്കുകയാണിപ്പോൾ.

ശിൽപകലയും

ശിൽപി സുബീഷ് പുത്തൻവെളിയുടെ കീഴിലാണ് സിമന്റ് റിലീഫിങ് പരിശീലിച്ചത്. ആത്മവിശ്വാസത്തിന്റെ അടിത്തറയിൽ ക്ഷേത്രശിൽപ നിർമിതിയിൽ സധൈര്യം രംഗത്തിറങ്ങി. ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളിൽ സോപാനവും പഞ്ജരവും മുഖപ്പും ഖനദ്വാരവും ഓവുതാങ്ങിയും ശ്രീകോവിലിനു ചുറ്റുമുള്ള നിർമിതികളും പ്രാർഥനകളോടെ പൂർത്തിയാക്കി.   

ദേവീമാഹാത്മ്യവും അയ്യപ്പചരിതവും കൃഷ്ണലീലകളും വരച്ച് വിസ്മയിപ്പിക്കുന്ന അനുവിന്റെ ആലുവയിലെ ‘ അമൃത സ്കൂൾ ഓഫ് ആർട്സ്’ ചിത്രകലയിൽ തലയെടുപ്പുള്ള സ്ഥാപനമാണിന്ന്. ജീവിത പരീക്ഷകൾ നേരിട്ട അതേ നാട്ടിൽ തടസ്സങ്ങൾ‌ തച്ചുടച്ചു നേടിയ വളർച്ച. നിറമുള്ള ജീവിതം ആനന്ദത്തോടെ വരച്ചിടുകയാണിപ്പോൾ അനു അമൃത. ഒപ്പം കരുത്തായി ചിത്രകാരൻ കൂടിയായ ഭർത്താവ് ഷിബു ചാനും.

English Summary:

From Poverty to Paintbrush: The inspiring story of mural artist Anu Amrita

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com