‘ആമത്തൊട്ടിലൊരുക്കി’ കേരളം; വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ആമകൾക്ക് സംരക്ഷിത തീരവും...

Mail This Article
ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെടുന്ന കടലാമകളുടെ ‘ആമത്തൊട്ടിൽ’ ആണു കേരള തീരം. ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്ന് വംശവർധനയ്ക്കായി വർഷംതോറും മുടങ്ങാതെ കേരളതീരം തേടിയെത്തുന്നവരാണ് വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി കടലാമകൾ. സുരക്ഷിത ഇടങ്ങൾ കണ്ടെത്തി നൂറുകണക്കിന് മുട്ടകളിട്ട ശേഷം അമ്മയാമകൾ നീന്തിയെത്തിയ മഹാസമുദ്രങ്ങളിലേക്കു മടങ്ങുന്നു. പിന്നെ ആ മുട്ടകൾ വിരിയും വരെയുള്ള 45 ദിവസം രാവും പകലും കണ്ണിമചിമ്മാതെ അച്ഛനായും അമ്മയായും കരുതലിരിക്കുന്നത് തീരത്തെ ഒരുകൂട്ടം മനുഷ്യരാണ്. മുട്ടയുടെ തോട് പൊട്ടിച്ച് നേരിയ നനവുള്ള പഞ്ചാരമണലിൽ പിച്ചവച്ച് അമ്മമാർ മടങ്ങിയ കടലിലേക്കു ആമക്കുഞ്ഞുങ്ങൾ ഇറങ്ങും വരെയുണ്ടാകും ആ സ്നേഹകാവൽ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ഇനിയും നഷ്ടമാകാത്ത ചില തീരക്കാഴ്ചകളാണിവ.
കരുതൽ കൂട്ടായ്മകൾ
വനംവകുപ്പിന്റെ സഹകരണത്തോടെയാണ് കേരളതീരങ്ങളിൽ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട്, മന്ദലാംകുന്ന്, പുത്തൻകടപ്പുറം എന്നിവിടങ്ങളിൽ 2007 മുതൽ നടക്കുന്ന സംരക്ഷണപ്രവർത്തനങ്ങളിലൂടെ മുക്കാൽലക്ഷം കടലാമക്കുഞ്ഞുങ്ങളെയെങ്കിലും ഇതുവരെ വിരിയിച്ചു കടലിലേക്കു വിടാനായിട്ടുണ്ടെന്ന് എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ജെ.ഗീവർ പറയുന്നു.
ബ്ലാങ്ങാട് ഫൈറ്റേഴ്സ്, പുത്തൻകടപ്പുറം സൂര്യ, മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതി എന്നിവരാണ് വനംവകുപ്പിന്റെ സഹകരണത്തോടെ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സംരക്ഷണ സമിതികൾ. ഇവ കൂടാതെ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ കുറച്ചു സമിതികളും ഈ രംഗത്തുണ്ട്. ഒരു സമിതിയിൽ അറുപതിലേറെ പ്രവർത്തകരുണ്ടാകും.
മുട്ട സംരക്ഷണം
ഒലീവ് റിഡ്‌ലി വിഭാഗത്തിൽപ്പെട്ട ആമകളാണ് കേരള തീരത്ത് എത്തുന്നത്. ഒരു ആമ പരമാവധി 350 മുട്ടകൾ വരെ ഇടും. രാത്രികളിലാണ് മുട്ടയിടാനായി ഇവർ തീരത്ത് എത്തുക. സുരക്ഷിതമായ പ്രദേശത്ത് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മുട്ടയിടുന്നത്. മുട്ടയിടൽ പൂർത്തിയാകാൻ നാലു മണിക്കൂറോളം സമയമെടുക്കും. ശേഷം കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്കു മടങ്ങും. തുടർന്നു കടലാമ സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ചു താൽക്കാലിക ഹാച്ചറികളിലേക്കു മാറ്റും.
നായ, കുറുക്കൻ, പരുന്ത് തുടങ്ങിയവ മുട്ടകൾ നശിപ്പിക്കാതിരിക്കാനാണിത്. വലയുപയോഗിച്ച് കൂടാരം പോലെ കെട്ടിത്തിരിച്ച ഹാച്ചറികളിൽ ഇരുമ്പുകൂടുകൾക്കുള്ളിൽ മണലിൽ കുഴിയെടുത്ത് സ്വാഭാവിക രീതിയിൽ തന്നെയാണ് മുട്ടകൾ സൂക്ഷിക്കുക. 45 ദിവസമാണ് മുട്ട വിരിയാനുള്ള കാലാവധി. മന്ദലാംകുന്ന് ബീച്ചിൽ ഈ വർഷം ഇതുവരെ 43 കടലാമകളാണ് എത്തിയത്. അഞ്ഞൂറിലേറെ ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. ബ്ലാങ്ങാട് ബീച്ചിൽ ഇത്തവണ ഇതുവരെ 26 ആമകൾ എത്തിയതായും അഞ്ഞൂറോളം കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയതായും ഫൈറ്റേഴ്സ് ടർട്ടിൽ ക്ലബ് ഭാരവാഹി സജിൻ ആലുങ്കൽ പറഞ്ഞു.
കേരള തീരത്ത് മുട്ടയിടാനായി കടലാമകളെത്തുന്ന മാസങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്ന വള്ളക്കാരോടും ബോട്ടുകാരോടും വലയിടുന്നതിലും മറ്റും കൂടുതൽ ശ്രദ്ധ നൽകണമെന്നും കടലാമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതികൾ അവലംബിക്കരുതെന്നും കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെടും. എല്ലാവരും നിർദേശങ്ങളോട് സഹകരിക്കുമെന്ന് മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതി ഭാരവാഹി ഹംസു പറഞ്ഞു. അബദ്ധത്തിലെങ്ങാനും വലകളിൽ കടലാമ കുരുങ്ങിയാൽ തന്നെ പരുക്കേൽക്കാതെ അവയെ പുറത്തിറക്കി വിടുകയും ചെയ്യും.
ഒലീവ് റിഡ്‌ലി
ഏഴ് വിഭാഗങ്ങളിലുള്ള കടലാമകളാണ് ലോകത്തുള്ളത്. അവയിൽ ഏറ്റവും ചെറുതാണ് ഒലീവ് റിഡ്‌ലി ആമകൾ. ലെതർബാക്ക് എന്ന പേരിലറിയപ്പെടുന്നവയാണ് ഏറ്റവും വലുത്. ഒഡീഷ തീരത്തെ ഒലീവ് റിഡ്‌ലി ആമകളുടെ മാസ് നെസ്റ്റിങ് ലോകത്തെ തന്നെ ഏറ്റവും വലുതായി കണക്കാക്കപ്പെടുന്നു. 6 ലക്ഷത്തിലേറെ ആമകൾ എത്തിയ ഈ വർഷത്തേത് റെക്കോർഡ് ആണ്. കേരള തീരത്ത് സോളിറ്ററി നെസ്റ്റിങ് ആണുള്ളത്. ഓരോ ആമകളായി വന്ന് മുട്ടയിട്ടു പോകുന്ന രീതിയാണത്.
മുൻപ് ഒക്ടോബർ മുതൽ മാർച്ച് വരെയുണ്ടായിരുന്ന പ്രജനന സമയം ഇപ്പോൾ ഡിസംബർ മുതൽ മാർച്ച് വരെയായി ചുരുങ്ങിയിരിക്കുകയാണെന്നു ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കടലാമ പ്രോജക്ടിൽ റിസർച് അസോഷ്യേറ്റ് ആയ പാർവതി നമ്പ്യാർ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ഇതിനു കാരണമായി പറയുന്നുണ്ട്. കൂടാതെ കേരളതീരത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ കാരണം പലയിടത്തും ആമകൾക്ക് സുഗമമായി കയറിവരാനുള്ള സാഹചര്യമിപ്പോഴില്ല.
100 വയസ്സു വരെ ആയുസ്സുള്ള ഒലിവ് റിഡ്‌ലി ആമകൾ 20 വയസ്സോടു കൂടിയാണ് മുട്ടയിട്ടു തുടങ്ങുന്നത്. ഏതു തീരത്താണോ വിരിഞ്ഞിറങ്ങുന്നത് അവിടേക്കു തന്നെ ആദ്യമായി മുട്ടയിടാൻ ഇവർ തിരിച്ചെത്തുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
‘‘ഇതിപ്പോ എത്രാമത്തെ തവണയാ ഞാനീ തുറയിലെത്തണേന്ന് എനിക്കു തന്നെ പിടിയില്ല. ഇട്ട മുട്ടകളുടെയൊക്കെ ഗതിയെന്തായീന്നും അറിയത്തില്ല. ഓരോ തവണ വരുമ്പഴും ഞാനോർക്കും ഇങ്ങോട്ടുള്ള ദൂരം കൂടിക്കൂടി വരുവാന്നോന്ന്? കരിങ്കൽഭിത്തിക്കപ്പുറം ഞാൻ മുട്ടയിടാറുള്ളിടത്ത് ഇച്ചിരി സ്ഥലമേ ഇനി ബാക്കി കെടപ്പുള്ളു’’. ഒലീവ് റിഡ്‌ലി ആമ കേന്ദ്ര കഥാപാത്രമായി വരുന്ന ‘ഒലീവ് റിഡ്‌ലി’ എന്ന കഥയിൽ എഴുത്തുകാരി പ്രിയ സുനിൽ ഇങ്ങനെയെഴുതി.

മുട്ടയിടാനുള്ള സുരക്ഷിതതീരം ഓരോ വർഷവും ശോഷിച്ചുവരികയാണെങ്കിലും നല്ലമനസ്സുള്ള കുറച്ച് മനുഷ്യർ ഈ തീരങ്ങളിൽ അവശേഷിക്കുന്നുണ്ടെന്നും മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് മൂന്നു മാസത്തോളം അവർ അവസാന ആമക്കുഞ്ഞും കടലിന്റെ സുരക്ഷിതത്വത്തിലേക്കിറങ്ങിപ്പോകും വരെ ഇവിടെയുണ്ടാകാറുണ്ടെന്നും അമ്മ ആമകൾക്കറിയാമായിരിക്കും...അതാണല്ലോ അവർ മുട്ടയിടാൻ ഇങ്ങോട്ടേക്കു തന്നെ വന്നു കൊണ്ടിരിക്കുന്നത്.