തീരം നഷ്ടപ്പെട്ട നാട്; കടലാമകളുടെ വരവ് കുറഞ്ഞ കൊളാവിപ്പാലത്തിന്റെ കഥ

Mail This Article
ഏറെ പ്രിയപ്പെട്ടൊരു സ്ഥലത്തേക്കു കടലാമകൾ വരാതായതിന്റെ അനുഭവമാണ് കോഴിക്കോട് വടകരയ്ക്കു സമീപമുള്ള ഇരിങ്ങൽ കോട്ടയ്ക്കൽ കൊളാവിപ്പാലത്തുള്ളവർക്ക് പറയാനുള്ളത്. മുൻകാലങ്ങളിൽ ആറായിരത്തോളം മുട്ടകൾ ശേഖരിച്ചു വിരിയിച്ചിരുന്ന തീരത്തേക്കു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കടലാമകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും മറ്റും തീരത്തിന്റെ ഘടന മാറ്റിയതാണ് പ്രധാന കാരണം. ഒരു സീസണിൽ തീരത്തുനിന്ന് കടൽ എടുത്തുകൊണ്ടുപോയി അഴിമുഖത്ത് നിക്ഷേപിക്കുന്ന മണൽ അടുത്ത സീസണിൽ തീരത്ത് തിരിച്ചുവരാറുണ്ട്. എന്നാൽ ഇപ്പോൾ അഴിമുഖത്ത് അടിയുന്ന മണൽ ഖനനം ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. ഇതോടെ തീരം ഇല്ലാതായിത്തുടങ്ങി.
1992ൽ നാട്ടുകാരനായ ഒരു യുവാവിന് 140 കടലാമ മുട്ടകൾ കിട്ടിയതിൽ നിന്നാണ് കൊളാവിപ്പാലത്ത് ‘തീരം പ്രകൃതി സംരക്ഷണസമിതി’യുടെ തുടക്കം. 1998ൽ വനംവകുപ്പ് ഈ കൂട്ടായ്മയ്ക്കു സഹായവുമായെത്തി. തിക്കോടി ആവിക്കൽ മുതൽ ഇരിങ്ങൽ കോട്ടയ്ക്കൽ അഴിമുഖം വരെയുള്ള കടൽത്തീരത്ത് രാത്രിയിലും അതിരാവിലെയും പ്രവർത്തകർ മുട്ടകൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു പതിവ്.
ഇത്തവണ സീസണിന്റെ അവസാനഘട്ടത്തിലാണ് രണ്ടു കടലാമകൾ കൊളാവിപ്പാലം കടപ്പുറത്ത് മുട്ടയിട്ടത്. ആദ്യത്തെ ആമയിട്ട 101 മുട്ടകൾ സംരക്ഷണസമിതി പ്രവർത്തകർ ഫെബ്രുവരി 23ന് കണ്ടെത്തി ഹാച്ചറിയിലേക്കു മാറ്റി. ഫെബ്രുവരി 25ന് രണ്ടാമത്തെ കടലാമയുടെ 153 മുട്ടകളും ഹാച്ചറിയിലേക്കു മാറ്റി. ഇവ പ്രത്യേകം ക്രമീകരിച്ച മണലിൽ കുഴിച്ചിടുകയും ഇരപിടിയൻ ജീവികളുടെ ആക്രമണമൊഴിവാക്കാൻ വല വിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. 45 മുതൽ 60 ദിവസം വരെയെടുത്താണ് മുട്ട വിരിയുക. കുഞ്ഞനാമകളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടലിലേക്കു തുറന്നുവിടുമെന്നു തീരം കൂട്ടായ്മയിലെ അംഗങ്ങളായ സി.ദിനേഷ്ബാബുവും സി.സതീശനും പറഞ്ഞു.
ഇതിനുപുറമേ പരുക്കേറ്റ കടലാമകളുടെ സംരക്ഷണവും തീരം പ്രവർത്തകർ കടലാമ സംരക്ഷണകേന്ദ്രത്തിൽ നടത്തുന്നുണ്ട്. ആറു വയസ്സ് പ്രായമുള്ള രണ്ട് ആമകളാണ് ഇപ്പോഴിവിടെയുള്ളത്. ഇവയിൽ ഒന്നിന് ജന്മനാ വളർച്ചാ പ്രശ്നമുണ്ടായിരുന്നു. രണ്ടാമത്തെ ആമയെ ഇടത്തേ മുൻകാൽ കപ്പലിലോ ബോട്ടിലോ കുടുങ്ങി നഷ്ടപ്പെട്ട നിലയിലാണ് നാട്ടുകാർക്കു കിട്ടിയത്. ഇവയെ പ്രത്യേക ജലസംഭരണിയിൽ ഉപ്പുവെള്ളം നിറച്ചാണ് വളർത്തുന്നത്.
പലപ്പോഴും ചൂണ്ട വായിൽ കുരുങ്ങിയും മറ്റും പരുക്കേറ്റ നിലയിലാണ് കടലാമകളെ കിട്ടാറുള്ളത്. വനംവകുപ്പിന്റെ സഹായത്തോടെ വെറ്ററിനറി ഡോക്ടർമാരെത്തി ഇവയ്ക്കു ചികിത്സ നൽകുകയാണ് പതിവ്. ആരോഗ്യം വീണ്ടെടുത്ത് വളർച്ചയെത്തിക്കഴിഞ്ഞാൽ തിരികെ കടലിലേക്കു വിടും.