ADVERTISEMENT

‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’

1979 ജൂലൈ ലക്കം വനിതയിൽ വന്ന ഒരു ഫീച്ചർ തുടങ്ങുന്നത് ഇങ്ങനെയാണ്. മംഗലാപുരത്ത് ജനിച്ചു വളർന്നു കൊച്ചിയിൽ താമസിച്ചിരുന്ന പുഷ്പലതയെക്കുറിച്ചായിരുന്നു അത്. ആ ലക്കത്തിന്റെ കവർചിത്രവും പ്രിയപ്പെട്ട സ്കൂട്ടർ ചേർത്തു പിടിച്ചു നിൽക്കുന്ന ആ ‘സാഹസിക’ യുവതിയുടേതായിരുന്നു. ഫീച്ചറിൽ പുഷ്പലത പറയുന്നുണ്ട്, "എനിക്ക് ഇനി പൈലറ്റാവണം, വിമാനം ഓടിക്കണം."

വനിതയിലെ കുറിപ്പു വായിച്ചു പുഷ്പലതയെപ്പോലെ ആവണം എന്നു മോഹിച്ച, അതിനു വേണ്ടി ശ്രമിച്ചിറങ്ങിയ എത്രയോ പേരുണ്ടായിരുന്നു. ആ മാറ്റമാണ് ഇന്നു റോഡിലും ആകാശത്തും കാണുന്നത്. ഇത്തരം സ്ത്രീകളെ അവതരിപ്പിച്ചു നിങ്ങൾക്കും ഇതുപോലെയാകാമെന്നു പറഞ്ഞുകൊടുത്ത് സമൂഹത്തിന്റെ മാറ്റത്തിന് ഒരു ചുവടു മുന്നിൽ വനിത നിന്നു.

2016 ഓഗസ്റ്റ് രണ്ടാംലക്കം വനിതയിൽ, ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ മുഖചിത്രമായി. ആണിൽ നിന്നു പെണ്ണിലേക്കുള്ള ദീപ്തിയുടെ യാത്രയിലെ മുറിവുകളും വേദനകളും അതിജീവനവും ആ ലക്കത്തിലുണ്ടായിരുന്നു. രാജ്യാന്തരതലത്തിൽ ആ കവർചിത്രം  ചർച്ചയായി. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായി. ഇരുട്ടിൽ നിന്ന ട്രാൻസ്ജെൻഡർ  സമൂഹത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരാൻ വനിതയുടെ കവർ ചിത്രവും ദീപ്തിയുടെ ജീവിത കഥയും സഹായിച്ചു.

ഇതുപോലെ എത്രയോ ജീവിതങ്ങൾ വനിതയുടെ താളുകളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്കു യാത്ര ചെയ്തിട്ടുണ്ട്. ഇതു വനിതയുടെ സുവർണജൂബിലി വർഷം. പ്രസിദ്ധീകരണം തുടങ്ങിയതിന്റെ അൻപതാം വർഷത്തിലും മലയാളി വനിതകളുടെ ഹ‍ൃദയത്തോടു ചേർന്നു നിൽക്കുന്നു വനിത.

ആദ്യമായി ഒരു വനിത എവറസ്റ്റ് കീഴടക്കിയ അതേ വർഷം, ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര വനിതാ വർഷം പ്രഖ്യാപിച്ച അതേ വർ‌ഷം ലോകത്തിന്റെ നെറുകയിലേക്കു മലയാളി സ്ത്രീകൾക്കു പറന്നുയരാനുള്ള വെളിച്ചമായി വനിത ഉദിച്ചു. 1975 മാർച്ചിലാണു നമ്മുടെ അകത്തളങ്ങളിലേക്കു വായനയുടെ പുതിയൊരു കൂട്ടായി ആദ്യ വനിത എത്തുന്നത്. കോട്ടയത്തു നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗവും  ചിത്രകാരിയുമായ രുക്മിണി വർമയാണ് പ്രകാശനം നിർവഹിച്ചത്. െഎശ്വര്യത്തിന്റെ ദീപനാളം കൊളുത്തുന്ന പെൺകുട്ടിയായിരുന്നു ആദ്യ ലക്കത്തിന്റെ മുഖചിത്രം. കോട്ടയം ബിസിഎം കോളജ് വിദ്യാർഥിനി  ബീന സൂസൻ ഫിലിപ് ആയിരുന്നു മോഡൽ.

‘സ്ത്രീ സ്വാതന്ത്ര്യം’ എന്ന വാക്കിന്റെ ചിറകിന്  ഇന്നത്തെയത്ര കരുത്തില്ലാത്ത കാലത്താണു വനിതയുടെ തുടക്കം. അരങ്ങിലല്ല അടുക്കളയിലാണു ‘വളകിലുക്കം’ വേണ്ടതെന്ന് ആരൊക്കെയോ നിശ്ചയിച്ചുറപ്പിച്ചിരുന്ന കാലം. മടുപ്പിന്റെ ചാരം വീണ അടുക്കളയിൽ പുതുരുചിയുടെ ഗന്ധം പരത്തി. നിറമുള്ള കുപ്പായങ്ങൾ തുന്നിച്ചു. വിവാഹം മാത്രമേ മുന്നിലുള്ളൂ എന്നു കരുതിയ പെൺകുട്ടികളുടെ കൈ പിടിച്ചു ‘നിനക്കു നടക്കാനെത്ര വഴികളെന്നു’ പറഞ്ഞു കൊടുത്തു. അങ്ങനെയങ്ങനെ സമൂഹത്തിൽ ഒരു ചുവടു പിന്നിൽ നിന്നവർക്കു രണ്ടു ചുവടു മുന്നോട്ടു നടക്കാനുള്ള കൂട്ടായി, കൂട്ടുകാരിയായി.

ആദ്യലക്കത്തിലെ മുഖപ്രസംഗത്തിൽ വനിതയുടെ ലക്ഷ്യത്തെക്കുറിച്ച് ഇങ്ങനെയെഴുതിയിട്ടുണ്ട്– ‘ജീവിതക്ലേശങ്ങളുടെ നടുവിൽ നിന്നു നട്ടംതിരിയുന്ന വീട്ടമ്മമാർക്കും തികഞ്ഞ ശുഭപ്രതീക്ഷയോടെ ജീവിതത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന അനുജത്തിമാർക്കും ഒരുപോലെ വിജ്‍‌ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന ഒരു കുടുംബ കൂട്ടുകാരിയായി ഈ വനിതയെ വളർത്തിക്കൊണ്ടുവരണം എന്നാണു ‍ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം.’ ആ ലക്ഷ്യമാണ് എന്നും വനിതയുടെ ഓരോ പേജിലും നിറയുന്നത്.

ആദ്യ കാലത്ത് മാസത്തിൽ ഒരു വനിതയായിരുന്നു പുറത്തിറങ്ങിയിരുന്നത്. 1987ലാണ് ദ്വൈവാരികയായി മാറുന്നത്. എല്ലാ മാസത്തിലും രണ്ടു വനിത ഇറങ്ങിത്തുടങ്ങി. അവിടെനിന്നും വളർന്ന് ഇപ്പോൾ എല്ലാ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിലാണ് വനിത വായനക്കാരെ തേടിയെത്തുന്നത്. അങ്ങനെ  വർഷത്തിൽ 26 വനിതകൾ സുഹൃത്തായി കൂട്ടുകാരിയായി വഴികാട്ടിയായി വായനക്കാർക്കൊപ്പം ചേർന്നു നിൽക്കാൻ തുടങ്ങി. പ്രചാരം അൻപതിനായിരത്തിൽനിന്നു കുതിച്ചുയർന്ന്  ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത പ്രസിദ്ധീകരണം എന്ന ഉന്നത സ്ഥാനം വരെ എത്തി.

സ്നേഹരുചിക്കൂട്ടുമായി വനിതയെ അണിയിച്ചൊരുക്കാൻ കരുത്തായി നിന്നതു മിസ്സിസ് കെ.എം. മാത്യുവാണ്; വനിതയുടെ ആദ്യ ചീഫ് എഡിറ്റർ. മിസ്സിസ് കെ.എം.മാത്യുവിന്റെ  വിയോഗത്തോടെ 2003 ഓഗസ്റ്റിൽ പ്രേമ മാമ്മൻ മാത്യു ചീഫ് എഡിറ്ററായി ചുമതലയേറ്റു. മുന്നോട്ടുള്ള യാത്രകളിൽ വനിതയും സ്വയം പുതുക്കിക്കൊണ്ടിരുന്നു. വനിത എന്ന തലക്കെട്ടിന്റെ രൂപകൽപന മുതൽ അവസാന താളിൽ വരെയുണ്ട് മാറ്റം. രാജ്യാന്തര പുരസ്കാരങ്ങളുൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ വനിതയെ തേടിയെത്തി.

കവർചിത്രങ്ങളിൽ ആദ്യ കാലം മുതൽ പുതുമകളും കൗതുകങ്ങളും നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വനിതാ മാസികയുടെ ആദ്യ ആൺ മുഖചിത്രം യേശുദാസ് ആയിരുന്നു. ആദ്യ താരഫാമിലി കവർ മമ്മൂട്ടിയും കുടുംബവും.  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  സഹായത്തോടെ ‘ദീപനാളം െകാളുത്തുന്ന പെൺകുട്ടി’യെ രൂപപ്പെടുത്തിയാണ് സുവർണജൂബിലി പതിപ്പിന്റെ കവറിൽ അവതരിപ്പിച്ചിരിക്കുന്നത്. വനിത നടത്തുന്ന ഇവന്റുകളും  വായനക്കാർ ഏറ്റെടുത്തു.

vanitha-cover-photos
വനിതയുടെ വിവിധ കാലങ്ങളിലെ കവർചിത്രങ്ങൾ.

നാടിനാകെ മാതൃകയാവുന്ന സേവനത്തിന്റെ മുഖങ്ങളെ സമൂഹത്തിനു മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു പതിറ്റാണ്ട് മുൻപ് വനിത വുമൻ ഓഫ് ദി ഇയർ പുരസ്കാരം ഏർപ്പെടുത്തിയത്. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വിവിധ മേഖലകളിൽ നിശ്ശബ്ദ സേവനം ചെയ്യുന്ന മലയാളി വനിതകളെയാണ് തിരഞ്ഞെടുത്തിരുന്നത്. തൃശൂരിലെ അംഹ എന്ന സാമൂഹിക സംഘടനയ്ക്കു നേതൃത്വം നൽകിയ ഡോ.പി ഭാനുമതി ആയിരുന്നു ആദ്യ പുരസ്കാര ജേതാവ്.  പിന്നീട് ദയാബായി, ഡോ.ലളിതാ റെജി, ഡോ.സുനിതാ കൃഷ്ണൻ, മേരി വട്ടമറ്റം, ഷീബാ അമീർ, റിത പണിക്കർ, ഡോ.ആർ.എസ് സിന്ധു, ഉമാ പ്രേമൻ, സിസ്റ്റർ ലൂസി കുര്യൻ, സിസ്റ്റർ‌ സുധ വർഗീസ്, റാണി ഹോങ്, ലതാ നായർ, ലക്ഷ്മി എൻ.മേനോൻ എന്നിവർ വനിത വുമൻ ഓഫ് ദി ഇയർ ജേതാക്കളായി.

vanitha-golden-jubilee-cover
സുവർണജൂബിലി പതിപ്പിൽ എഐ സഹായത്തോടെ ഒരുക്കിയ കവർചിത്രം

‘വനിത’ എഡിറ്റോറിയൽ വിഭാഗത്തിൽനിന്നു പിന്നീടു പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങൾക്കും അഭൂതപൂർവമായ സ്വീകരണമാണ് വായനക്കാരിൽ നിന്നു ലഭിച്ചത്. 1998 ജനുവരിയിൽ ഹിന്ദി ‘വനിത’ പ്രസിദ്ധീകരണം ആരംഭിച്ചു.  2002ൽ മനോരമ ആരോഗ്യം പ്രസിദ്ധീകരണം ആരംഭിച്ചു. 2004ൽ മാസികയായി മാറിയ ആരോഗ്യം ഇപ്പോൾ മലയാളികളുടെ വിശ്വസ്ത കുടുംബഡോക്ടർ തന്നെയാണ്. വീട് എന്ന സ്വപ്നം മനസ്സിൽ കാണുന്നവർക്കായി വനിത വീട്, യാത്ര ഇഷ്ടപ്പെടുന്നവർക്കായി മനോരമ ട്രാവലർ, പാചകരുചികളിലെ പരീക്ഷണങ്ങളുമായി വനിത പാചകം  തുടങ്ങിയവയും വായനക്കാരിലേക്കെത്തി.

English Summary:

Vanitha Magazine: 50 Years of empowering malayali women

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com