സുനിത വില്യംസിന്റെ മടക്കം: പേടകം വേറെ; വേണം പുത്തൻ ബഹിരാകാശ കുപ്പായം
Mail This Article
വാഷിങ്ടൻ ∙ ബോയിങ് സ്റ്റാർലൈനർ പേടകം കേടായതുമൂലം തിരികെ വരാനാകാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിൽ കുപ്പായവും തടസ്സമാകുന്നു. മടക്കയാത്രയ്ക്കുള്ള ‘അടുത്ത വണ്ടി’ പിടിക്കാൻ സുനിതയ്ക്കും ബുച്ചിനും ‘സ്പേസ് സ്യൂട്ട്’ വേറെ വേണം.
ബഹിരാകാശ നിലയത്തിൽ ഒരാഴ്ച തങ്ങാൻ ജൂൺ 5ന് സ്റ്റാർലൈനർ പേടകത്തിൽ പോയപ്പോൾ ഇവർ ധരിച്ച ‘സ്പേസ് സ്യൂട്ട്’ മടക്കയാത്രയ്ക്കുള്ള സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിന്റെ സംവിധാനങ്ങളുമായി ഒത്തുപോകില്ല. ഏതായാലും ‘നാസ’ അതിനും പോംവഴി കണ്ടെത്തിക്കഴിഞ്ഞു.
നിലയത്തിൽ ഇപ്പോൾ ഉപയോഗമില്ലാതെയിരിക്കുന്ന ഒരു സ്പേസ് എക്സ് കുപ്പായം സുനിതയ്ക്കു നൽകാനാണു തീരുമാനം. ബുച്ചിനുള്ള സ്യൂട്ട് ഭൂമിയിൽനിന്ന് ഏതാനും ദിവസങ്ങൾക്കകം പുറപ്പെടുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ കൊടുത്തയയ്ക്കും. ഈ പേടകം ഫെബ്രുവരിയിൽ തിരികെ വരുമ്പോൾ സുനിതയും ബുച്ചും പുതിയ കുപ്പായമിട്ട് സീറ്റു പിടിക്കും.
ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന സ്റ്റാർലൈനർ പേടകം ആളില്ലാതെ ഇന്നു പുലർച്ചെ മൂന്നരയ്ക്കു ഭൂമിയിലേക്കു പുറപ്പെടും. 6 മണിക്കൂറിനു ശേഷം ന്യൂ മെക്സിക്കോയിൽ ഇറങ്ങും. യാത്രയ്ക്കിടെ വീണ്ടും സാങ്കേതിക തകരാർ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് സുനിതയും ബുച്ചും ഇതിൽ വരേണ്ടെന്ന് നാസ തീരുമാനിച്ചത്.