രാജ്യാന്തര കോടതി അംഗത്വം ഹംഗറി ഉപേക്ഷിക്കും

Mail This Article
ബുഡാപെസ്റ്റ് ∙ രാജ്യാന്തര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഹംഗറി പ്രഖ്യാപിച്ചു. ഐസിസിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നലെ ഹംഗറിയിലെത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. തീവ്ര വലതുപക്ഷ നിലപാടുകാരനായ ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഒർബാന്റെ ക്ഷണം സ്വീകരിച്ചാണു നെതന്യാഹുവിന്റെ സന്ദർശനം. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിലാണ് ജനീവ ആസ്ഥാനമായ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് നൽകിയത്.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്തുകൈമാറാൻ ഐസിസിയുടെ സ്ഥാപക അംഗമായ ഹംഗറി ബാധ്യസ്ഥരാണെങ്കിലും കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് ഒർബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനു വാറന്റ് നൽകിയതോടെ ഐസിസി രാഷ്ട്രീയകോടതിയായി മാറിയെന്നു ഒർബാൻ കുറ്റപ്പെടുത്തി. ഐസിസി വിടുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ്. ഐസിസിയിൽ 125 രാജ്യങ്ങളാണുള്ളത്. ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ അംഗങ്ങളല്ല.