ADVERTISEMENT

ഒരിക്കൽ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ അഴിമതിക്കെതിരെ പോരാട്ടം നടത്തി. നികുതിവെട്ടിപ്പിലൂടെ മാഫിയ തട്ടിയ ഏഴര കോടിരൂപ അദ്ദേഹത്തിന്റെ ശ്രമഫലമായി സർക്കാർ ഖജനാവിൽ തിരികെയെത്തിച്ചു. തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടുവന്നതു മലയാള മനോരമ പത്രം. തട്ടിപ്പു പുറത്തു കൊണ്ടുവന്ന പത്രപ്രവർത്തകന്റെ ശ്രമത്തെ സഹായിച്ചു എന്ന കുറ്റത്തിനു കടുത്ത ശിക്ഷയാണ് അന്നത്തെ സർക്കാർ ഐഎഎസുകാരനു നൽകിയത്.

സർക്കാർ ഖജനാവിനു നഷ്ടപ്പെട്ട ഏഴരക്കോടി രൂപ വീണ്ടെടുത്തു കൊടുത്ത ഉദ്യോഗസ്ഥനെ പ്രധാന വകുപ്പുകളിൽ നിന്ന് ഒഴിവാക്കി, ഒതുക്കി ഒരു മൂലയ്ക്കിരുത്തി. വകുപ്പുമന്ത്രി അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട്  (സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്വഭാവദാർഢ്യം, മികവ് എന്നിവയെക്കുറിച്ച് മന്ത്രിമാർ എഴുതുന്ന രഹസ്യ റിപ്പോർട്ട്) എഴുതിത്തുലച്ചു.

 

new-report-thalakuri-when-e-k-nayanar-corrected-confidential-report-against-teeka-ram-meena-ias

മൂന്നു പതിറ്റാണ്ടു മുൻപു നടന്ന ഈ സംഭവത്തിലെ പീഡിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഇപ്പോൾ അഡീഷനൽ ചീഫ് സെക്രട്ടറിയായി സെക്രട്ടേറിയേറ്റിൽ ഉണ്ട്. ആസൂത്രണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ. അദ്ദേഹത്തിന്റെ സിആർ എഴുതി നശിപ്പിച്ച ഭക്ഷ്യ മന്ത്രിയും ജീവിച്ചിരിപ്പുണ്ട്. 

 

e-k-nayanar-thalakuri-when-e-k-nayanar-corrected-confidential-report-against-teeka-ram-meena-ias
ഇ. കെ. നായനാർ

പശ്ചാത്തലം ഇങ്ങനെ. 92-93കാലത്ത് കേരളത്തിലെ റേഷൻ കടകളിൽനിന്നു ഗോതമ്പ് പെട്ടെന്ന് അപ്രത്യക്ഷമായി. ഗോതമ്പു വാങ്ങാൻ കടകളിൽ എത്തിയ കാർഡുടമകൾ ഗോതമ്പ് കിട്ടാതെ നിരാശരായി മടങ്ങി. റേഷൻ ഗോതമ്പ് എവിടെ മറഞ്ഞു എന്നുള്ള എന്റെ അന്വേഷണത്തിൽ, സർക്കാരിന്റെ ഒത്താശയോടെ നടക്കുന്ന വലിയൊരു തട്ടിപ്പിന്റെ കഥ ചുരുൾ നിവർത്തി. കേരളത്തിൽ അക്കാലത്ത് ഉയർന്നുവന്ന വൻകിട ഗോതമ്പ് മില്ലുകളുടെ ഉടമകളും ഭക്ഷ്യ വകുപ്പിലെ ചിലരും ചേർന്നുള്ള ഒരു മാഫിയയാണ് ഇതിനുപിന്നിലെന്നു കണ്ടെത്തി. ഒറ്റ ദിവസം കൊണ്ടു നൂറുകണക്കിനു ടൺ ഗോതമ്പ് പൊടിച്ചു പാക്കറ്റിലാക്കി മാറ്റാൻ കഴിയുന്ന അത്യാധുനിക മില്ലുകൾ സംസ്ഥാനത്തൊട്ടാകെ പെട്ടെന്നാണ് ഉയർന്നു വന്നത്. സൗജന്യ നിരക്കിൽ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന ഗോതമ്പ് എഫ്സിഐ ഗോഡൗണിൽനിന്നു റേഷൻകടകളിൽ എത്താതെ നേരെ മില്ലുകളിലേക്കു പോകുന്നു. ഇതിനായി സർക്കാരും മില്ലുടമകളും തമ്മിലുണ്ടാക്കിയ രഹസ്യ കരാർ ഇങ്ങനെ: മില്ലുടമകൾക്കു റേഷൻ ഗോതമ്പ് പൊടിച്ചു പാക്കറ്റിലാക്കി വിൽക്കാം. പേരിനു കുറച്ചു പാക്കറ്റ് ഗോതമ്പു പൊടി റേഷൻ കടകളിൽ എത്തിക്കണം .

 

teeka-ram-meena-thalakuri-when-e-k-nayanar-corrected-confidential-report-against-teeka-ram-meena-ias
ടിക്കാറാം മീണ ഐഎഎസ്,

എന്നാൽ കാർഡ് ഉടമകളും മാധ്യമങ്ങളും അറിയാതെ രഹസ്യമായി ഉണ്ടാക്കിയ കരാറും മിൽ ഉടമകൾ പാലിച്ചില്ല. ഒരു പാക്കറ്റ് പൊടി പോലും റേഷൻകടകളിൽ എത്തിയില്ല. അവയെല്ലാം മില്ലുകളുടെ ബ്രാൻഡ് നെയിമിൽ പൊതു വിപണിയിൽ വിറ്റു. റേഷൻ ഗോതമ്പ് അതിന്റെ നാലിരട്ടി വിലയിൽ പൊതുവിപണിയിൽ വിറ്റു മില്ലുടമകൾ കോടികൾ ലാഭമുണ്ടാക്കി. വിറ്റതിനു വിൽപ്പന നികുതിയും നൽകിയില്ല. പകരം വിഹിതം ഭരണമേധാവികൾക്കും ജില്ലാ സപ്ലൈ ഓഫിസർ (ഡിഎസ്ഒ) മുതലുള്ള ഉദ്യാഗസ്ഥർക്കും കിട്ടി. ഈ അഴിമതിക്കഥ പുറത്തുവന്നതിനെത്തുടർന്നു വലിയ ഒച്ചപ്പാടുണ്ടായി. നിയമവിരുദ്ധമായി റേഷൻ ഗോതമ്പ് മില്ലുകൾക്കു നൽകുകയും നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്ത എട്ടു ഡിഎസ്ഒ മാരെ ഒറ്റയടിക്ക് അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്ന ടിക്കാറാം മീണ സസ്പെൻഡ് ചെയ്തു. ഏഴരക്കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി നടപടി ആരംഭിച്ചു. 

 

സി.പി. നായർ ഐഎഎസ്

അധികം വൈകാതെ മീണ സിവിൽ സപ്ലൈസ് ഡയറക്ടറുടെ കസേരയിൽനിന്നു തെറിച്ചു. അതുകൊണ്ടരിശം തീരാതെ വകുപ്പു മന്ത്രി അദ്ദേഹത്തിൻറെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ വളരെ മോശമായി എഴുതി:  മീണയും മനോരമ ലേഖകനും ചേർന്നുള്ള കൂട്ടുകച്ചവടത്തിലൂടെയാണു വാർത്ത പിറന്നതെന്നും ഉദ്യോഗസ്ഥൻ മനോരമ ലേഖകനെ സർക്കാർ വാഹനത്തിൽ കയറ്റി വാർത്ത എഴുതാനായി പലയിടത്തും കൂട്ടിക്കൊണ്ടുപോയി എന്നുംവരെ സിആറിൽ മന്ത്രി എഴുതിച്ചേർത്തു. ഈ വാർത്തയും അതേത്തുടർന്നുള്ള നടപടികളും ഉണ്ടാകുന്ന സമയത്ത് ടിക്കാറാം മീണയെ എനിക്കു പരിചയമില്ല. സിവിൽ സപ്ലൈസ് ഡയറക്ടറുടെ പദവിയിൽനിന്നു തെറിച്ച് പൂജപ്പുരയിലെഒരു . സർക്കാർ ഓഫിസിൻറെ മൂലയിൽ ഒതുങ്ങിയിരിക്കുന്ന കാലത്ത് അദ്ദേഹത്തെ ഞാൻ അങ്ങോട്ടു ചെന്നു പരിചയപ്പെടുകയായിരുന്നു.

c-p-nair-thalakuri-when-e-k-nayanar-corrected-confidential-report-against-teeka-ram-meena-ias
സി.പി.നായരുടെ ആത്മകഥ 'എന്ദരോ മഹാനുഭാവലു'

 

രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ കൃഷിക്കാരന്റെ മകനായി ജനിച്ച മീണ. അറുപതുകളിൽ സൈക്കിൾ പോലും ആഡംബരമായിരുന്ന കുഗ്രാമം. 15 കിലോമീറ്റർ നടന്നു സ്കൂൾ പഠനം. പുഴ നീന്തിക്കടന്നു കോളജ് പഠനം. പശുക്കളെ കാട്ടിൽ മേയാൻ വിട്ടു കാട്ടുമരക്കൊമ്പിലിരുന്നു പഠിച്ച് ഐഎഎസ് നേടിയ ത്രസിപ്പിക്കുന്ന ചരിത്രമുള്ള യുവാവ്. അദ്ദേഹം ഒരു നിയോഗം പോലെ അഴിമതിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സന്ധിയില്ലാ സമരത്തിന്റെ കഥകൾ പിന്നീടറിഞ്ഞു.

 

അഴിമതിക്കെതിരായ ഒരു വാർത്തയെ പിന്തുണച്ചതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ആ മറു നാടൻ ഉദ്യോഗസ്ഥനെ ആരും തുണച്ചില്ല. ഒടുവിൽ അദ്ദേഹത്തെ സഹായിക്കുന്നതു എന്റെ ബാധ്യതയായി ഞാൻ കരുതി. ഇതിനിടെ ഭരണ നേതൃത്വത്തിൽ മാറ്റം വന്നു.  കരുണാകരൻ മാറി എ.കെ.ആൻറണി മുഖ്യമന്ത്രിയായി. അഴിമതി തീണ്ടാത്ത ആൻറണിയെ കണ്ട്, അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥൻ നേരിടുന്ന പീഡനകഥ ഞാൻ വിവരിച്ചു. അദ്ദേഹത്തിനു കാര്യങ്ങൾ ബോധ്യപ്പെട്ടു. മന്ത്രിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മുഖ്യമന്ത്രിക്കു തിരുത്താനാവും. അതു നോക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ടു വർഷം കടന്നുപോയി.  ഒന്നും സംഭവിച്ചില്ല. റിപ്പോർട്ടിലെ മോശം പരാമർശം മൂലം മീണയ്ക്ക് അർഹമായ ഡൽഹി ഡെപ്യൂട്ടേഷൻ തടസ്സപ്പെട്ടു.

 

ഇതിനിടെ ഭരണം വീണ്ടും മാറി. ഇ കെ നായനാർ മുഖ്യമന്ത്രിയായി. നായനാരുമായി വ്യക്തിബന്ധമൊന്നുമില്ലെങ്കിലും ഒരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ നേരിട്ടു കണ്ടു മീണയുടെ കഥ അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ നായനാർക്കു ചുറ്റും അന്ന് ഇരുമ്പുമറകൾ ഇല്ലായിരുന്നു. കറ തീർന്ന കമ്യൂണിസ്റ്റുകാരനെങ്കിലും മനുഷ്യമുഖമുള്ള, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇ.എൻ. മുരളീധരൻ നായർ സഹായിച്ചു.

 

നായനാർക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു. സി.പി.നായരാണ് അന്നു ചീഫ് സെക്രട്ടറി . "ഓനോട് (മീണ) സി.പി.നായർക്ക് ഒരു ഒരു പരാതി കൊടുക്കാൻ പറ. ഞാൻ നോക്കാം. "എന്നെ അൽഭുതപ്പെടുത്തിക്കൊണ്ടു നായനാർ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ സി.പി.നായരെയും കണ്ടു. അദ്ദേഹം മീണയെ വിളിച്ചു. മണിക്കൂറുകൾക്കുള്ളിൽ സി.പി.നായർക്ക് നിവേദനം എത്തി. സി.പി.നായർ കയ്യോടെ മീണയ്ക്ക് അനുകൂലമായി ഒരു ഡ്രാഫ്റ്റ് തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിച്ചു. മുൻ മന്ത്രി എഴുതി കുളമാക്കിയ മീണയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ ക്ലീനായി. സി.പി.നായർ പിന്നീട് 'എന്ദരോ മഹാനുഭാവലു' എന്ന തൻറെ ആത്മകഥയിൽ ഈ സംഭവം വിവരിച്ചു.

 

സി.പി.നായർ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വേർപാട് ഉണർത്തിയ നൊമ്പരത്തിൽ ഇതൊക്കെ വീണ്ടും ഓർമയിലേക്ക് വന്നു. സർവീസിന്റെ അന്ത്യഘട്ടത്തിൽ എത്തിനിൽക്കുന്ന മീണ ഇപ്പോഴും നിലപാടിൽ അയവില്ലാതെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുന്നു. ആ പോരാട്ടം രാജസ്ഥാനിലെ മീണ എന്ന വംശ പരമ്പരയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.

Content Summary : Thalakuri Column - When EK Nayanar corrected confidential report against Teeka Ram Meena IAS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com