ഭക്ഷണം കഴിക്കുമ്പോൾ ഉറപ്പായും പാലിക്കേണ്ട ചില മര്യാദകൾ : വിഡിയോ
Mail This Article
നല്ല ഭക്ഷണം നല്ല രീതിയിൽ കഴിക്കുക എന്നതു വളരെ പ്രധാനമാണ്, ഭക്ഷണം കഴിക്കുമ്പോൾ തീൻമേശയിൽ പാലിക്കേണ്ടതും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളെപ്പറ്റി ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു.
മലയാളികളുടെ സാമൂഹിക ജീവിതത്തിന്റെ രീതി തന്നെ പുതിയ കാലത്തു മാറിയിരിക്കുന്നു. ധാരാളം പേർ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നുണ്ട്, ഗ്രാമങ്ങളില്‍ പോലും വലിയ വിരുന്നുകൾ നടക്കുന്നു. വലിയ റസ്റ്ററന്റിലോ ഫൈവ് സ്റ്റാർ ഹോട്ടലിലോ പോയി ഭക്ഷണം കഴിക്കുന്നു. പക്ഷേ അത്തരം അവസരങ്ങളിൽ തീൻമേശയിൽ എങ്ങനെ പെരുമാറണമെന്നോ വിഭവങ്ങൾ എങ്ങനെ വിളമ്പണമെന്നോ കഴിക്കണമെന്നോ ഒക്കെയുള്ള സംശയങ്ങൾ പലർക്കുമുണ്ട്. അറിവില്ലാതെ പലതും ചെയ്യുന്നവരും അറിയില്ല എന്നതിന്റെ പേരിൽ പലതും ആസ്വദിക്കാതെ പോകുന്നവരും ഉണ്ട്.
ടൂത്ത് പിക് ഉപയോഗിക്കുമ്പോൾ....
തീൻമേശയിൽ അശ്രദ്ധമായി ചെയ്യുന്ന ചില കാര്യങ്ങൾ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതാണ്. റസ്റ്ററന്റിൽ പോയി ഇറച്ചിയും മീനുമൊക്കെ കഴിക്കുമ്പോൾ പല്ലിനിടയിൽ ഇറച്ചി കുടുങ്ങാറുണ്ട്. അപ്പോൾത്തന്നെ ടൂത്ത് പിക് ഉപയോഗിക്കുക. പക്ഷേ അത് എല്ലാവരും കാണുന്ന രീതിയിൽ ചെയ്യുന്നത് മോശം കാര്യമായാണ് ലോകത്തെല്ലായിടത്തും കാണക്കാക്കപ്പെടുന്നത്. ടൂത്ത് പിക് കൈയോ ടിഷ്യൂ പേപ്പറോ കൊണ്ടു മറച്ചുപിടിച്ചു വേണം ഉപയോഗിക്കേണ്ടത്. അതിനു വാഷ് റൂം ഉപയോഗിക്കാം. അതുപോലെ ടൂത്ത് പിക് ടേബിളിൽ വലിച്ചെറിയുന്നത് മോശമാണ്. അത് ഒരു ടിഷ്യുപേപ്പറിൽ ചുരുട്ടി വയ്ക്കുക, ടേബിൾ വൃത്തിയാക്കാൻ വരുന്നവർക്കും അതാണ് എളുപ്പം.
വായ് കഴുകുമ്പോൾ ഇത്രയും ശബ്ദം വേണോ?
ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോകുമ്പോൾ വായിൽ വെള്ളമൊഴിച്ചു ശബ്ദമുണ്ടാക്കി കഴുകുന്നൊരു ശീലമുണ്ട് പലർക്കും. തൊട്ടടുത്ത് ഒരാൾ നിൽക്കുമ്പോൾ ശബ്ദം ഉണ്ടാക്കി വായ് കഴുകുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൈയിലെ വെള്ളം മറ്റുള്ളവരുടെ ദേഹത്തേക്കു കുടഞ്ഞ് തെറിപ്പിക്കരുതേ!
കൈ കഴുകിയിട്ട് അടുത്ത് ആളുണ്ടോ എന്നു നോക്കാതെ കൈ കുടയുന്ന ഒരു ശീലം മലയാളിക്കുണ്ട്. അത് ചിലപ്പോൾ അടുത്തിരിക്കുന്ന ആളുകളുടെ ദേഹത്ത് വീഴും.
വല്ലപ്പോഴും സ്പൂണും ഫോർക്കും വീട്ടിൽ ഉപയോഗിച്ച് ശീലിക്കാം...
ഒരു റസ്റ്ററന്റിൽ ചെല്ലുമ്പോൾ എങ്ങനെയൊക്കെ ഭക്ഷണം കഴിക്കണം? വീടുകളിൽ ചോറും കറികളും കൈ കൊണ്ടു കഴിക്കുമ്പോഴാണ് അതിന്റെ ഒരു പൂർണമായ ആസ്വാദനം ഉണ്ടാകുന്നത്. പക്ഷേ നിങ്ങൾ ഒരു വിരുന്നിനു പോകുമ്പോൾ പത്തു പേരിരിക്കുന്ന ഡിന്നറിൽ ഒമ്പതു പേരും സ്പൂണും ഫോർക്കും വച്ചു കഴിക്കുന്നു. നിങ്ങൾ അവിടെ കൈകൊണ്ട് കഴിക്കുമ്പോൾ ജാള്യം തോന്നും. മറ്റുള്ളവർക്കും ഇത് അരോചകമായി തോന്നാം. അതൊഴിവാക്കാൻ വേണ്ടി വല്ലപ്പോഴും വീടുകളിൽ ഭക്ഷണം സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിച്ച് ശീലിക്കാം. സ്പൂണും ഫോർക്കും ചോപ്സ്റ്റിക്കും ഒക്കെ വച്ച് കഴിക്കേണ്ട അവസരത്തിൽ അത് ഉപകാരപ്പെടും.
ആവശ്യത്തിന് ഭക്ഷണം എടുക്കാം, പാഴാക്കരുത്!
എണ്ണിയാൽ തീരാത്ത വിഭവങ്ങളുണ്ടാകും പല വിരുന്നുകളിലും. പല തരത്തിലുള്ള രുചികളായിരിക്കും അവിടെ ബൊഫെ മെനുവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ആദ്യം കാണുന്നത് എടുത്തു കഴിക്കാതെ മെനു നോക്കി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പല തരത്തിലുള്ള ഭക്ഷണത്തിന്റെ രുചി അറിയാൻ വേണ്ടിയിട്ടാണ് വ്യത്യസ്ത രുചികൾ ഒരുക്കിയിരിക്കുന്നത്. ഷെഫ് മെനു പ്ലാൻ ചെയ്തിരിക്കുന്നതുതന്നെ ഒരാൾക്ക് എങ്ങനെയാണ് ആ ഒരു കോഴ്സ് കംപ്ലീറ്റ് ആയി കിട്ടുക എന്ന രീതിയിലാണ്. ധാരാളം വിഭവങ്ങൾ ഉള്ളപ്പോൾ നമുക്കിഷ്ടപ്പെട്ട ആഹാരം ഏതൊക്കെയാണ് എന്നു നേരത്തേ മനസ്സിലാക്കി ആവശ്യാനുസരണം എടുക്കണം. ഭക്ഷണം പാഴാക്കാതിരിക്കാനും ആവശ്യത്തിനു മാത്രം എടുത്തു ശീലിക്കാം.
നൂറു പേരുടെ ഒരു പരിപാടിയിലേക്കു നൂറു േപരെടുക്കുന്നതിലും കൂടുതൽ ഭക്ഷണമാണ് കേറ്റർമാർ കരുതുക. ഒരു പരിപാടിയിൽ അതിലേറെ ഭക്ഷണം വിളമ്പേണ്ടിവന്നാൽ അടുത്ത പരിപാടിയിൽ അവർ അതിലേറെ കരുതും. പലപ്പോഴും അതു പാഴാവുകയും ചെയ്യും. അതുപോലെ, രണ്ടാമതു പോയി എടുക്കാനുള്ള മടി കൊണ്ട് പ്ലേറ്റിൽ ഒരുപാട് സാധനങ്ങൾ എടുക്കുകയും അതിൽ നല്ല പങ്കും കളയുകയും ചെയ്യുന്നവരുണ്ട്. എല്ലാവരും ഒരു ഡേറ്റ അനലൈസ് ചെയ്തിട്ടാണ് ബിസിനസ് ചെയ്യുക. ഒരു കേറ്ററിങ് ഗ്രൂപ്പ് 500 പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നത്, ആ ഒരു സമൂഹം എത്രമാത്രം കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. നമ്മൾ കഴിക്കുന്നതും കളയുന്നതുമായ ഭക്ഷണത്തിന്റെ അളവു കൂടി വച്ചാണ് അവർ അടുത്ത തവണ ഭക്ഷണം തയാറാക്കുന്നത്. കാരണം ഭക്ഷണം കുറയാൻ പാടില്ല, അത് അവരുടെ ബിസിനസിനെ ബാധിക്കും. കഴിക്കുന്നവർ ചില മര്യാദകൾ ശീലിച്ചാൽ നമ്മുടെ സമൂഹത്തിനു തന്നെ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും.
English Summary : Chef Talk with Celebrity chef Suresh Pillai on Table manners.