ദേ ഇവിടെ 30 രൂപയ്ക്ക് ഉൗണ് കിട്ടും; കുരുമുളകിട്ട ബീഫും കക്കയിറച്ചിയും മീൻരുചിയുമുണ്ട്

Mail This Article
കോവിഡ് പലരെയും പലരീതിയിലാണ് ബാധിച്ചത്. ആരോഗ്യപരമായി മാത്രമല്ല, സാമ്പത്തികമായും തളർത്തിയ സമയം കൂടിയായിരുന്നുവത്. ജോലി നഷ്ടപ്പെട്ടവർക്ക് ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത് പോലും ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ആഹാരം മാത്രമല്ല, സ്നേഹവും കരുണയും വിളമ്പിയ ഒരു ഹോട്ടലുണ്ട് കൊച്ചിയിൽ. ലോക്ഡൗണിനു ശേഷമുള്ള ആ നാളുകളിൽ മുപ്പതു രൂപ കൊടുത്താൽ വയറു നിറയെ രുചികരമായ ആഹാരം നൽകിയിരുന്ന മാത്യൂസ് ഹോട്ടൽ. താൻ വില കുറച്ചതു കൊണ്ട് ആർക്കെങ്കിലും ഉപകാരമാകുമെങ്കിൽ ആകട്ടെ എന്ന കടയുടമയായ പീറ്റർ ചേട്ടന്റെ നന്മ നിറഞ്ഞ തീരുമാനമാണ് ഊണിന്റെ വില അമ്പതിൽ നിന്നും മുപ്പതിലേക്ക് എത്തിച്ചത്. വില കുറവെന്ന് കരുതി ഊണ് മോശമെന്ന് ചിന്തിക്കുകയേ വേണ്ട സ്വാദിലും ഈ ഭക്ഷണശാല ഏറെ മുന്നിലാണ്.

ഇടപ്പള്ളി മരോട്ടിഞ്ചോടിലാണ് മാത്യൂസ് ഹോട്ടൽ. കൊച്ചി പോലൊരു നഗരത്തിൽ പല ദേശത്തു നിന്നും ജോലിക്കായും മറ്റാവശ്യങ്ങൾക്കായുമൊക്കെ എത്തുന്നവർക്ക് കുറഞ്ഞ വിലയിൽ ഊണ് നൽകുക അതും രുചികരമായി. അച്ചാറും തോരനും ഒരു തൊടുകറിയും പിന്നെ ഒഴിച്ച് കറികളായി മീൻകറിയും സാമ്പാറുമുണ്ട്. ഇതാണ് ഊണിനൊപ്പമുള്ള വിഭവങ്ങൾ. കുറച്ചുകൂടി വിശാലമായി, വിഭവസമൃദ്ധമായി ഭക്ഷണം കഴിക്കണമെന്നുള്ളവർക്ക് പല തരത്തിലുള്ള മീനുകൾ പൊരിച്ചതുണ്ട്. മത്തിയും കരിമീനും മുതൽ വിപണിയിൽ ലഭ്യമാകുന്ന മീനുകൾ നല്ല മസാല ചേർത്ത് വറുത്തെടുത്തു മുന്നിലെത്തുമ്പോൾ വാങ്ങാതിരിക്കുന്നതെങ്ങനെ എന്നാണ് കടയിലെത്തുന്നവർ ചോദിക്കുന്നത്. മീൻ വിഭവങ്ങൾ മാത്രമല്ല, ചിക്കനും ബീഫുമൊക്കെ ഈ കൊച്ചുകടയിലെ രുചി രാജാക്കന്മാരാണ്. കുരുമുളകൊക്കെ ചേർത്ത് നാടൻ രീതിയിൽ തയാറാക്കുന്ന ഇവിടുത്തെ ബീഫ് കറിയുടെ ആരാധകരാണ് സ്ഥിരമായി കടയിലെത്തുന്നവർ.

മുപ്പതു രൂപയ്ക്ക് വിളമ്പുന്ന ഇവിടുത്തെ ഊണ് കഴിക്കാൻ സ്ഥിരമായി എത്തുന്നവർ നിരവധിയാണ്. വിലക്കുറവ് എന്നത് മാത്രമല്ല അവരെ ആകർഷിക്കുന്നത് ചൂടോടെ വിളമ്പുന്ന ആ ചോറും കറികളും അവയുടെ രുചിയും തന്നെയാണ്. ആവശ്യക്കാർക്ക് വീണ്ടും വീണ്ടും വിളമ്പി നൽകും. അതിനു യാതൊരു മടിയുമില്ല. വീട്ടിൽ നിന്നും കഴിക്കുന്നത് പോലെ, തനിനാടൻ കറികളുടെ അകമ്പടിയോടെ വയറു നിറയുന്നതുവരെ ഇവിടെ നിന്നും കഴിക്കാം. സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു മടങ്ങുന്നവരാണ് മാത്യൂസ് ഹോട്ടലിൽ വീണ്ടുമെത്തുന്നത്. അവരുടെ ചിരിയാണ് പീറ്റർ ചേട്ടന് ലഭിക്കുന്ന ലാഭം. ഇനി പോക്കറ്റ് അധികം കാലിയാകാതെ, രുചികരമായ നാടൻ ഊണ് കഴിക്കണമെന്നുള്ളവർക്കു ഇടപ്പള്ളിയിലെത്തുമ്പോൾ ധൈര്യമായി തന്നെ ഈ കടയിലേക്ക് കയറാം. വില തുച്ഛം, രുചി കേമം.