ആനപ്പിണ്ടത്തില്‍ നിന്ന് 'ആഡംബര'കോഫി; വില രണ്ടു ലക്ഷത്തിനടുത്ത്!

Mail This Article
നമ്മളീ കുടിക്കുന്ന കാപ്പിയൊന്നും കാപ്പിയല്ല എന്ന് തോന്നിപ്പോകും ചിലയിനം കാപ്പികള്‍ കണ്ടാല്‍. കാപ്പി ഒരു ലക്ഷ്വറി അനുഭവമായി മാറുന്ന ചില സമയങ്ങളുണ്ട്. കിലോയ്ക്ക് ഒന്നേ മുക്കാല്‍ ലക്ഷം കൊടുത്ത് വാങ്ങിയ കാപ്പിപ്പൊടിയിട്ട് ഒരു കാപ്പി കുടിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ! വടക്കൻ തായ്‌ലൻഡിലെ 'ഐവറി കോഫി'യുടെ ആഡംബര ലോകത്തിലേക്ക് സ്വാഗതം!
സവിശേഷമായ രുചിയുള്ള ഒരു കാപ്പിയാണ് ഐവറി. എന്നാല്‍ യഥാർത്ഥത്തിൽ ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ രുചിയല്ല, മറിച്ച് അസാധാരണമായ ഉൽപാദന പ്രക്രിയയാണ്. ആനകളാണ് ഈ കാപ്പിക്ക് വില കൂട്ടുന്ന പ്രധാന 'ഇടനിലക്കാര്‍' എന്ന് പറയാം. അതെങ്ങനെയെന്നല്ലേ? ആനയുടെ പിണ്ടത്തില്‍ നിന്നാണ് ഈ കോഫി ഉണ്ടാക്കുന്നത്.
ഐവറി കോഫി ഉണ്ടാക്കാന്‍ ഏറ്റവും മികച്ച തായ് അറബിക്ക കാപ്പിക്കുരു മാത്രമേ തിരഞ്ഞെടുക്കൂ. ഈ ബീൻസ് ശ്രദ്ധാപൂർവ്വം കഴുകി തരംതിരിക്കുന്നു. ഇവ ആനകളെക്കൊണ്ട് തീറ്റിക്കുന്നു.
ആനയുടെ ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ, കാപ്പിക്കുരുക്കല്‍ ഒരു സവിശേഷമായ അഴുകൽ പ്രക്രിയയ്ക്ക് വിധേയമാകുന്നു. ആനയുടെ വയറ്റിലെ എൻസൈമുകൾ കാപ്പിയിലെ കയ്പ്പിന് കാരണമാകുന്ന പ്രോട്ടീനുകളെ തകർക്കുന്നു. അപ്പോള്‍ കൂടുതല്‍ ചോക്ലേറ്റി രുചിയുള്ള, മൃദുവായതും അസിഡിറ്റി കുറഞ്ഞതുമായ കുരുവായി മാറുന്നു.
ഇവ കഴിച്ച്, ഏകദേശം 15-30 മണിക്കൂറിനു ശേഷം, ആനകൾ ഇവ പിണ്ടത്തിലൂടെ സ്വാഭാവികമായി പുറന്തള്ളുന്നു. പിന്നീട് അവ ശേഖരിച്ച്, നന്നായി കഴുകി, വെയിലത്ത് ഉണക്കുന്നു. വളരെയധികം കഠിനാധ്വാനം ആവശ്യമുള്ള പ്രക്രിയയാണിത്.
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നാണ് ബ്ലാക്ക് ഐവറി കോഫി, കിലോഗ്രാമിന് 2,000 ഡോളര്‍ അഥവാ ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ഇതിനു വില വരുന്നത്. എന്താണിതിനു കാരണം?
ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് ഇത്രയും ഉയര്‍ന്ന വില ഉണ്ടാവാന്‍ കാരണം. ഒരു കിലോഗ്രാം ബ്ലാക്ക് ഐവറി കാപ്പി ഉത്പാദിപ്പിക്കാൻ ഏകദേശം 33 കിലോഗ്രാം കാപ്പി കുരുക്കള്‍ ആവശ്യമാണ്. കാരണം, കഴിക്കുന്ന കുരുക്കളുടെ ഭൂരിഭാഗവും ആനകൾ ദഹിപ്പിക്കുന്നു, ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗയോഗ്യമാകൂ.
ബ്ലാക്ക് ഐവറി കോഫിയിൽ നിന്നുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ആനകളുടെ സംരക്ഷണ ശ്രമങ്ങൾക്കായി ഉപയോഗിക്കുന്നു. മാത്രമല്ല, ബീൻസ് കൈകൊണ്ട് പറിച്ചെടുക്കുന്നത് മുതൽ വൃത്തിയാക്കി ഉണക്കുന്നത് വരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായ ശ്രദ്ധയോടെയാണ് ചെയ്യുന്നത്. ഇതിനു ഒട്ടേറെ തൊഴിലാളികളുടെ അധ്വാനം ആവശ്യമുണ്ട്.
ഇത്രയും വിലയുള്ളത് കൊണ്ടുതന്നെ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രമേ ഇത് വിളമ്പുന്നുള്ളൂ.
വടക്കൻ തായ്‌ലൻഡിലെ ചിയാങ് സെയ്‌നിലെ ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷനിലെ ആനസങ്കേതത്തില്‍ വച്ച്, ബ്ലാക്ക് ഐവറി കോഫി കമ്പനി ലിമിറ്റഡാണ് ഈ കാപ്പി ആദ്യമായി നിർമ്മിച്ചത്. ഇപ്പോള്‍ വടക്കുകിഴക്കൻ തായ്‌ലൻഡിലെ സുരിൻ പ്രവിശ്യയിലാണ് കാപ്പി ഉല്‍പ്പാദനം നടക്കുന്നത്. ഫൗണ്ടേഷനിലെ ഏകദേശം 20 ആനകൾ കാപ്പി ഉത്പാദിപ്പിക്കുന്നു. ബ്ലാക്ക് ഐവറി കോഫി കമ്പനിയുടെ വിൽപ്പനയുടെ എട്ട് ശതമാനം ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷന് സംഭാവന ചെയ്യുന്നു, ഇത് ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു.