ADVERTISEMENT

തൂശനിലയിൽ വിളമ്പാൻ നല്ല നാടൻ പപ്പടം ഇല്ലെങ്കിൽ എന്ത് ഓണാഘോഷം. ചോറും നെയ്യും പരിപ്പും കൂട്ടി കുഴച്ചുണ്ണാനും പായസത്തിനൊപ്പം പൊടിച്ച് അൽപം അകത്താക്കാനും പപ്പടത്തിന്റെ മേമ്പൊടി ഇല്ലാതെ വയ്യ. ഓണമടുത്തതോടെ പപ്പട വിപണിയും സജീവമായി. ഓണസദ്യ വട്ടങ്ങളിൽ തൂശനിലയുടെ വശത്ത് പപ്പടം വേണമെന്നത് മലയാളിക്ക് നിർബന്ധം തന്നെ. വലുത്, ചെറുത്, ഇടത്തരം എന്നിങ്ങനെ പല വലുപ്പത്തിൽ പപ്പടങ്ങൾ വിപണിയിലുണ്ട്.

വലിയത് 100 എണ്ണം 140 രൂപയും, ചെറുത് 100 എണ്ണം 120 രൂപയ്ക്കുമാണ് വിൽപന. സ്പെഷൽ പപ്പടവും തയാറാക്കുന്നുണ്ട്, 100 എണ്ണത്തിന് 200 രൂപ. പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടമാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. പാക്കറ്റിലെ എണ്ണമനുസരിച്ച് വിലയിലും വ്യത്യാസം വരും. തൊഴിലാളികളുടെ ക്ഷാമവും പ്രതികൂല കാലാവസ്ഥയും തരണം ചെയ്യാൻ യന്ത്രവൽക്കരണം പപ്പട നിർമാണത്തിലും വന്നെത്തി.

ഒരു കെട്ടും അരക്കെട്ടുമായി വീടുകളിൽ നിന്നു പപ്പടം വാങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഓണത്തിന്. നല്ല ഒന്നാന്തരം ഉഴുന്ന് പൊടിച്ച് ഉപ്പു ചേർത്ത് കുഴച്ച് പരത്തിയെടുത്ത് പപ്പടക്കാരത്തിൽ തട്ടിക്കുടഞ്ഞ് പഴമ്പായിലോ പനമ്പിലോ ഉണക്കിയെടുക്കുന്ന പപ്പടമായിരുന്നു വിൽപനയ്ക്കെത്തിയിരുന്നത്.

എന്നാൽ കൈ കൊണ്ടു മാത്രം ഉണ്ടാക്കിയെടുക്കുന്ന പപ്പടം നിർമിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം ഇപ്പോൾ പലരും യന്ത്രവൽകൃത നിർമാണ യൂണിറ്റുകളാക്കി മാറ്റിക്കഴിഞ്ഞു. പപ്പടത്തിന് ആവശ്യക്കാർ ഏറെയെങ്കിലും ജോലിക്കാരുടെ കുറവ് പല നിർമാണ യൂണിറ്റുകളിലുമുണ്ട്. ഇടയ്ക്ക് പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഓണക്കാലത്ത് പപ്പടം നിർമാണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചാക്കിൽ പപ്പടം നിരത്തി ഉണക്കിയെടുക്കുന്നവരാണ് ഏറെയും. എന്നാൽ ഓണമെത്തുന്നതോടെ ഈ പ്രതിസന്ധിയൊക്കെ തരണം ചെയ്യാമെന്നാണ് നിർമാതാക്കൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com