ADVERTISEMENT

അമേരിക്കയിലേക്ക് ഒറ്റയ്ക്കു പോകുമെന്ന് വീരവാദം പറഞ്ഞിരുന്ന സിഐഡി ദാസനെ ചാക്കിലാക്കാൻ സിഐഡി വിജയൻ ഉണ്ടാക്കി കൊടുത്ത മീനവിയലിനെ കുറിച്ച് അറിയാത്ത മലയാളി ഉണ്ടാകില്ല. ദാസന്റെയും വിജയന്റെയും കോമഡിക്കൊപ്പം മലയാളികളുടെ ചിരിയോർമകളിൽ കയറിപ്പറ്റിയ മീനവിയൽ ഇന്ന് വെറുമൊരു സിനിമാ തമാശയല്ല. കാരണം, മീനവയിലും മീൻ സാമ്പാറും മീൻ പുളിയും മുതൽ 18 മീൻ വിഭവങ്ങളടങ്ങിയ ഒരുഗ്രൻ നോൺ വെജ് സദ്യ തന്നെ യഥാർത്ഥ്യമാക്കിയിരിക്കുകയാണ് കോഴിക്കോടുള്ള ഹോട്ടൽ അംബിക. പായസമൊഴിച്ചുള്ള എല്ലാ വിഭവങ്ങളിലും മീനുള്ള ഈ സദ്യയ്ക്ക് അവർ ഒരു പേരുമിട്ടു– സമുദ്ര സദ്യ! 

ഈ ഓഫർ ശനി, ഞായർ ദിവസങ്ങളിൽ മാത്രം
എല്ലാ ദിവസങ്ങളിലും ഹോട്ടൽ അംബികയിൽ സമുദ്ര സദ്യ ലഭിക്കില്ല. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു മാത്രമാണ് ഹോട്ടൽ അംബികയുടെ സ്പെഷൽ ആയ സമുദ്ര സദ്യ വിളമ്പുന്നത്. ഉച്ചയ്ക്ക് 12 മുതൽ ഏകദേശം മൂന്നു മണി വരെയാണ് സമയം. വിഭവങ്ങൾ നേരത്തെ തീർന്നു പോയാൽ ഈ സമയത്തിൽ വ്യത്യാസം ഉണ്ടാകും. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ ചെന്നാൽ കൗണ്ടറിൽ പേരും ആളുകളുടെ എണ്ണവും പറയണം. തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഇങ്ങനെയൊരു ഏർപ്പാട്. കുറച്ചു കാത്തു നിൽക്കേണ്ടി വരുമെങ്കിലും ആ കാത്തിരിപ്പ് വെറുതെയാകില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. 

സാമ്പാർ, രസം, അവിയൽ– സർവം മീൻ മയം
നാലു ഒഴിച്ചു കറികളാണ് സമുദ്ര സദ്യയ്ക്കൊപ്പം നൽകുന്നത്; മീൻ സാമ്പാർ, മീൻ മുളകിട്ടത്, മീൻ വറുത്തരച്ചത്, മീൻ തേങ്ങയിട്ടത്! ഇതിൽ മീൻ സാമ്പാറിൽ ചെമ്മീൻ പൊടിയാണ് ചേർക്കുന്നത്. സാമ്പാറിന്റെ രുചിയ്ക്ക് ഇങ്ങനെയൊരു ട്വിസ്റ്റ് അതിഗംഭീരമാണെന്നു ഇതൊന്നു രുചിച്ചു നോക്കിയാൽ ആരും സമ്മതിക്കും. ഞണ്ട് വച്ചാണ് രസം തയ്യാറാക്കുന്നത്. അവിയലിൽ സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികൾക്കൊപ്പം മീനും ചേർക്കും. അതോടെ സംഗതി മീനവയിൽ ആയി. ഇതിനു പുറമെ, മീൻ ഉപ്പേരി, മീൻ തോരൻ, മീൻ ചമ്മന്തി, ചെമ്മീൻ ഉപ്പേരി, മീൻ കൂട്ടുകറി, കൂന്തൾ ഫ്രൈ, ഉണക്കമീൻ വറുത്തത് എന്നിവയും സമുദ്ര സദ്യയിൽ വിളമ്പുന്നു. കൂടാതെ രണ്ടു തരം മീൻ വറുത്തതും മീൻ പപ്പടവും മീൻ അച്ചാറും കൂടിയാകുമ്പോൾ സമുദ്ര സദ്യ പൂർണമാകും. 

അംബിക മെസിന്റെ സ്വന്തം 
കോഴിക്കോടുകാരുടെ ഇടയിൽ ഏറെ പ്രശസ്തമാണ് പുതിയറയിലുള്ള അംബിക മെസ്. അവരുടെ തന്നെ സ്ഥാപനമാണ് ഈസ്റ്റ് നടക്കാവിലുള്ള ഹോട്ടൽ അംബിക. അംബിക മെസിലെ പ്രശസ്തമായ മീൻ വറവുകളൊക്കെയും ഇവിടെയും ലഭിക്കും. ഇവിടത്തെ പ്രത്യേക മസാലക്കൂട്ട് ചേർത്ത പൊരിച്ച മീനിന്റെ രുചി തേടി നിരവധി പേർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും എത്തുന്നു. സമുദ്ര സദ്യയ്ക്കൊപ്പമുള്ള മീൻ വറുത്തതിലും ഈ പ്രത്യേക മസാലക്കൂട്ട് ചേർക്കുന്നുണ്ട്. കോഴിക്കോട്ടെ മീൻപ്രേമികൾക്ക് ഒരു സർപ്രൈസ് ആയൊരുക്കിയ സമുദ്ര സദ്യ ഇതിനോടകം ഭക്ഷണപ്രേമികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വരും ദിവസങ്ങളി‍ൽ നോൺ വെജ് പ്രേമികൾക്ക് രുചിയുടെ ഇതിലും ഗംഭീരൻ സർപ്രൈസ് തരാനുള്ള ഒരുക്കങ്ങളിലാണ് ഹോട്ടൽ അംബികയുടെ അടുക്കള.

English Summary: Ambika Hotel , SAMUDRA SADYA, Fish Sadya, Calicut

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com