പ്രമേഹമുള്ളവർക്ക് കശുവണ്ടിയും ബദാമും കഴിക്കാമോ?
Mail This Article
അടുക്കളയെ ആരോഗ്യകരമായ രീതിയിൽ ക്രമീകരിച്ചാൽ പ്രമേഹത്തെ പടിക്കുപുറത്തു നിർത്താം. ഇതിനർഥം പ്രമേഹമുള്ളവർക്കു വേണ്ടി പ്രത്യേക ഭക്ഷണം തയാറാക്കണമെന്നല്ല. ആരോഗ്യകരമായ ഏതു ഭക്ഷണവും അവർക്കും ഉപയോഗിക്കാം.
∙ കശുവണ്ടി, ബദാം, പിസ്ത ഇവ കഴിക്കാമോ?
കശുവണ്ടി, ബദാം, പിസ്ത, നിലക്കടല തുടങ്ങിയ അപൂരിത കൊഴുപ്പടങ്ങിയ പദാർഥങ്ങൾ ഗുണമേ ചെയ്യൂ. ഇവ ദിവസവും മിതമായി കഴിക്കാം. നിലക്കടല ഏറെ പ്രയോജനപ്രദം. ഉപ്പു ചേർത്തോ എണ്ണയിൽ വറുത്തോ ഇവ കഴിക്കരുത്.
∙ പഞ്ചസാരയ്ക്കു പകരം തേൻ/ ശർക്കര?
ശരീരത്തിനു തീരെ ആവശ്യമില്ലാത്തതാണു പഞ്ചസാര. ഇതു പൂർണമായി ഒഴിവാക്കാം. പകരം തേനും ശർക്കരയും ഉപയോഗിക്കുന്നതും നന്നല്ല. പഞ്ചസാരയ്ക്കു തുല്യമായിത്തന്നെ ഇതും ശരീരത്തെ ദോഷമായി ബാധിക്കും.
∙ എണ്ണ ഉപയോഗം എങ്ങനെ നിയന്ത്രിക്കണം?
പൂരിത കൊഴുപ്പടങ്ങിയ എണ്ണ, വെണ്ണ, വെളിച്ചെണ്ണ, നെയ്യ്, ചുവന്ന മാംസം തുടങ്ങിയവ ദോഷമാണ്. ഇവ പരമാവധി ഒഴിവാക്കണം. എന്നാൽ മൽസ്യ എണ്ണകൾ ഗുണകരമാണ്. മൽസ്യഗുളിക കഴിക്കുന്നതു കൊണ്ട് ഈഗുണം ലഭിക്കണമെന്നില്ല.
∙ പച്ചക്കറികൾക്കു നിയന്ത്രണമുണ്ടോ?
ശരീരത്തിന് ആവശ്യമായ മാംസ്യം (പ്രോട്ടീൻ) പച്ചക്കറികളിൽ നിന്നു കിട്ടും. പച്ചക്കറികളും പയറുവർഗങ്ങളും എത്രത്തോളം കഴിക്കുന്നുവോ അത്രയും ഗുണം. ഏതു പച്ചക്കറിയും പ്രമേഹരോഗിക്കു ധൈര്യമായി കഴിക്കാം. കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി കൂടുതലായി ഉൾപ്പെടുത്താം.
∙ വേരിലുണ്ടാകുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കാമോ?
കിഴങ്ങു വർഗങ്ങളായ കപ്പ, കാച്ചിൽ, ചേമ്പ്, ചേന, മധുരക്കിഴങ്ങ് തുടങ്ങിയവ പച്ചക്കറിയായി കരുതാനാകില്ല. കാർബോഹൈഡ്രേറ്റ് വളരെ കൂടുതലുള്ള ഇവ അരി, ഗോതമ്പ് തുടങ്ങിയവയ്ക്കു തുല്യമാണ്. അതിനാൽ ഉപയോഗം നന്നായി കുറയ്ക്കണം. ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ വേരിലാണ് ഉണ്ടാകുന്നതെങ്കിലും പച്ചക്കറികളുടെ കൂട്ടത്തിൽപെടുത്താം.
∙ ഉപ്പ് അപകടകാരിയാണോ?
അച്ചാർ, പപ്പടം, ഉണക്ക മൽസ്യം എന്നിവ ഉപയോഗിച്ചാൽ ശരീരത്തിലേക്കു വളരെയധികം സോഡിയം എത്താൻ സാധ്യതയുണ്ട്. ഇവ പരമാവധി ഒഴിവാക്കുക. കറികളിൽ വളരെ കുറച്ചു മാത്രം ഉപ്പ് ഉപയോഗിക്കുക
∙ അരി ഭക്ഷണമാകാമോ?
അരിയും ഗോതമ്പും മിതമായ അളവിൽ ഉപയോഗിക്കാം. ഇവയിലടങ്ങിയ തവിട് നഷ്ടപ്പെടുംതോറും പഞ്ചസാരയുടെ അളവ് ഉയർത്തുന്ന ഘടകങ്ങൾ വർധിച്ചു കൊണ്ടിരിക്കും. തവിടോടു കൂടിയ ധാന്യങ്ങൾ ശീലമാക്കാം. അരി ഭക്ഷണം കൊണ്ടു മാത്രം വയർ നിറയ്ക്കുന്ന ശീലം ഉപേക്ഷിക്കാം. ഏറിയാൽ ഒരു കപ്പ്, അതുമതി. അപ്പമാണെങ്കിൽ രണ്ടെണ്ണത്തിൽ നിർത്താം. വയർ നിറഞ്ഞില്ലെന്നു തോന്നിയാൽ പച്ചക്കറികൾ കഴിക്കാം.
∙ പഴവർഗങ്ങൾ പൂർണമായി ഉപേക്ഷിക്കണോ?
നല്ല ആരോഗ്യത്തിനു പഴങ്ങൾ നന്നായി കഴിക്കണം. എന്നാൽ പ്രമേഹം വളരെ കൂടുതലുള്ളവർ ഇതിനു മുതിരരുത്. രോഗം കൃത്യമായി നിയന്ത്രിച്ചു മുന്നോട്ടു പോകുന്നവർക്കു പഴങ്ങൾ കഴിക്കാം. രക്തത്തിലെ പഞ്ചസാരവല്ലാതെ ഉയർത്തുന്ന തരത്തിലുള്ള മാമ്പഴം, ചക്ക, മുന്തിരി തുടങ്ങിയവയാണെങ്കിൽ നന്നായി പഴുക്കുന്നതിനു മുൻപ് മിതമായി ഉപയോഗിക്കാം.
തണ്ണിമത്തൻ, ഈന്തപ്പഴം തുടങ്ങിയവ വേണ്ട. ആപ്പിൾ, പേരയ്ക്ക, സബർജിൽ തുടങ്ങിയവ താരതമ്യേന പഞ്ചസാരയുടെ അളവു കുറഞ്ഞ പഴങ്ങളാണ്. പഴങ്ങൾ ജൂസാക്കി കുടിക്കരുത്. ജൂസിലെ പഞ്ചസാര ദോഷം ചെയ്യുമെന്നതിനു പുറമെ പഴങ്ങളിലെ നാരുകൾ (ഫൈബർ) നഷ്ടപ്പെടുകയും ചെയ്യും. വിപണിയിൽ ലഭിക്കുന്ന ശീതളപാനീയങ്ങളും ഒഴിവാക്കാം.
∙ മൈദയുടെ ഉപയോഗം നിയന്ത്രിക്കണോ?
ഗോതമ്പിന്റെ നാരുകൾ നീക്കിയുണ്ടാക്കുന്ന ഉൽപന്നമാണു മൈദ. ശരീരത്തിനു പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത മൈദ അടുക്കളയ്ക്കു പുറത്താക്കാം.
∙ മാംസം കഴിക്കാനേ പാടില്ലെന്നാണോ?
വളരെയധികം ദോഷകരമായ പൂരിത കൊഴുപ്പടങ്ങിയ ചുവന്നമാംസങ്ങളായ മട്ടനും ബീഫും പരിമിതപ്പെടുത്തുക. മിതമായ അളവിൽ ചിക്കൻ ഉപയോഗിക്കാം. ഇവ പാകം ചെയ്യുമ്പോൾ തൊലി പൂർണമായി മാറ്റാൻ ശ്രദ്ധിക്കണം. എണ്ണയിൽ വറുക്കുന്നതിനു പകരം കറിവച്ച് കഴിക്കാം.
∙ മൽസ്യം കഴിക്കാമോ?
ചെറു മൽസ്യങ്ങളായ മത്തി, അയല, നത്തോലി തുടങ്ങിയവ ആരോഗ്യത്തിനു വളരെ നല്ലതാണ്. ആഴ്ചയിൽ മൂന്നു തവണയെങ്കിലും കറിവച്ച് ഉപയോഗിക്കാം. നെയ്മീൻ പോലുള്ള വലിയമൽസ്യങ്ങൾ പരിമിതപ്പെടുത്താം.
∙ മുട്ടയും പാൽ ഉൽപന്നങ്ങളും?
മുട്ടയുടെ വെള്ള ഉപയോഗിക്കാവുന്നതാണ്. എന്നാൽ മഞ്ഞ പരമാവധി ഒഴിവാക്കുന്നതായിരിക്കും നല്ലത് (ഇതുസംബന്ധിച്ച് ഭിന്നാഭിപ്രായം നിലനിൽക്കുന്നു). പാലും പാൽ ഉൽപന്നങ്ങളും വളരെ കുറച്ചുമാത്രമേ ഉപയോഗിക്കാവൂ.
∙ ഏത് എണ്ണ ഉപയോഗിക്കുന്നതാണു നല്ലത്?
ഏറ്റവും നല്ലത് ഒലിവ് എണ്ണയാണ്. സൺഫ്ലവർ, വെജിറ്റബിൾ എണ്ണകളും ഉപയോഗിക്കാം. ഏത് എണ്ണയും അമിതമായാൽ അപകടം. വറ ഉൽപന്നങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കുക. ചിപ്സ്, കേക്ക് പോലുള്ളവ ഉണ്ടാക്കുന്നതു ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ട്രാൻസ്ഫാറ്റിലാണ്. എണ്ണചൂടാക്കി കട്ടിയാക്കിയെടുക്കുന്നതാണ് ട്രാൻസ്ഫാറ്റ്.
∙ എത്ര തവണ ഭക്ഷണം കഴിക്കണം?
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണു നല്ലത്. മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനു പകരം അളവുകുറച്ച് ആറുനേരമാക്കാം. പ്രമേഹം കൂടുന്നതിനും മരുന്നുകളുടെ ഉപയോഗം മൂലം പെട്ടെന്നു ഗ്ലൂക്കോസ് നില കുറയുന്ന അവസ്ഥയ്ക്കും ഇത് ഏറെക്കുറെ പരിഹാരമാകും. ദാഹിക്കുമ്പോൾ നാരങ്ങാവെള്ളം, സംഭാരം, ചായ തുടങ്ങിയവ മധുരമോ ഉപ്പോ ചേർക്കാതെ ഉപയോഗിക്കാം. ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കുക. അമിതഭക്ഷണവും ഭക്ഷണം കഴിക്കാതിരിക്കലും ഏറെ അപകടകരമാണ്.
Content Summary : What is the best diet for a diabetic person?