'ശത്രുക്കൾക്കു പോലും കൊടുക്കരുത്', ഇങ്ങനെയും ഐസ്ക്രീമോ?
Mail This Article
നല്ല മധുരം നിറഞ്ഞ, ഐസ്ക്രീമിൽ എരിവ് ചേർന്നാൽ എന്താകും അവസ്ഥ? അത്തരമൊരു പരീക്ഷണത്തിന് പൊതുവെ ആരും മുതിരാറില്ലെങ്കിലും ഇൻഡോറിലെ ഒരു ഐസ്ക്രീം വിൽപനക്കാരൻ അത്തരമൊരു സാഹസം ചെയ്തിരിക്കുകയാണ്. പച്ചമുളക് ചേർത്ത് തയാറാക്കുന്ന ഒരു സ്പെഷൽ ഐസ്ക്രീം റോൾ വിൽപനയ്ക്ക് എത്തിച്ച ആളോട് അത് ശത്രുക്കൾക്കു പോലും കൊടുക്കരുതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ''മിർച്ചി ഐസ്ക്രീം'' എന്നാണ് പുതിയതും വിചിത്രവുമായ വിഭവത്തിന്റെ പേര്. ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട പുതിയ ചേരുവ ചേർന്ന ഐസ്ക്രീം റോൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ ലോകം.
പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ റോൾ ഉണ്ടാക്കുന്ന വ്യക്തി ആദ്യമേ കുറച്ചു പച്ചമുളകുകൾ പ്രെപ്പിങ് പ്ലാറ്റ്‌ഫോമിൽ ഇട്ടതിനു ശേഷം സോസുകളും ഫ്ലേവറുകളും ചേർക്കുന്നു. തുടർന്ന് ഈ കൂട്ടുകൾ നന്നായി മിക്സ് ചെയ്യുന്നു. അതിനു ശേഷം ദ്രവ രൂപത്തിലുള്ള ഐസ്ക്രീം ഈ കൂട്ടിനു മുകളിൽ ഒഴിച്ച് വീണ്ടും ഒരുമിച്ച് ചേർക്കുന്നു. അവസാനം റോളിന്റെ രൂപത്തിലാക്കി, പാത്രത്തിലാക്കി അലങ്കരിച്ച് കഴിക്കാൻ നിൽക്കുന്ന ആൾക്ക് കൈമാറുന്നു. ഇത്തരത്തിൽ ഐസ്ക്രീം റോൾ ഉണ്ടാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടതോടെ മധുരപ്രിയരായവരെല്ലാം ഈ വിചിത്ര വിഭവത്തിനെ കടുത്ത ഭാഷയിൽ തന്നെ വിമർശിക്കുകയാണ്.
''എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാനെങ്കിലും ഇത് ജീവിതത്തിലൊരിക്കലും കഴിക്കുകയില്ലെന്നാണ്'' ഒരാൾ വിഡിയോയുടെ താഴെ കമെന്റ് ചെയ്തത്. പച്ചമുളകും തിളപ്പിക്കാത്ത പാലും ഒരുമിച്ചു ചേർക്കുന്നത് വയറിനു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ് നൽകുന്ന കുറിപ്പുകളും വിഡിയോയുടെ താഴെയുണ്ട്. ''ഇതുപോലുള്ളവ തയാറാക്കി ശത്രുക്കൾക്കു പോലും കൊടുക്കരുതെന്നനാണ്'' ഒരു വിഭാഗത്തിന്റെ താക്കീത്. വില്പനക്കാരനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്. താങ്കൾ തയാറാക്കിയ ഐസ്ക്രീം റോളിൽ ഹാർപിക് കൂടി ചേർക്കാമായിരുന്നു എന്നും, ഒരല്പം വിഷം കൂടി ചേർത്ത് വിൽക്കാമായിരുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്തായാലും പച്ചമുളക് ചേർത്ത ഐസ്ക്രീം റോൾ സോഷ്യൽ ലോകത്തിനു ഇഷ്ടപ്പെട്ടിട്ടില്ല എന്ന് ചുരുക്കം.
English Summary: Mirchi ice cream roll Bizarre ice cream recipe