ADVERTISEMENT

പുഡ്ഡിങ് പോലെ വായില്‍ പൂ പോലെ അലിഞ്ഞുപോകുന്ന സുഖം തരുന്ന മറ്റൊരു ഭക്ഷണമില്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തനതായ പുഡ്ഡിങ്ങുകളുണ്ട്. ഓരോ രാജ്യത്തിന്‍റെയും ഭക്ഷണരീതിയും പാരമ്പര്യവും സംസ്കാരവുമനുസരിച്ച് പുഡ്ഡിങ്ങിന്‍റെ ചേരുവകള്‍ വ്യത്യാസപ്പെടാം, എന്നാല്‍ രുചിയുടെ കാര്യത്തില്‍ എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. 

ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച 10 പുഡ്ഡിങ്ങുകളുടെ പട്ടിക പുറത്തിറക്കി. ഇക്കുറി രണ്ടു ഇന്ത്യന്‍ വിഭവങ്ങളും ഈ പട്ടികയിൽ ഇടംപിടിച്ചു. ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവമായ ഫിർണിയും പായസം അഥവാ ഖീറുമാണ് ഈ വിഭവങ്ങള്‍. 

kheer
Image Credit: Lazartivan/shutterstock

പാലിൽ പാകം ചെയ്ത്, ബദാം, കുങ്കുമപ്പൂ, ഏലക്ക എന്നിവയും ചേർത്ത്, അരികൊണ്ട് ഉണ്ടാക്കിയ ഒരു മധുരപലഹാരം എന്നാണ് ഫിർണിയെ ടേസ്റ്റ് അറ്റ്‌ലസ് വിശേഷിപ്പിച്ചത്. ദീപാവലി, കർവാ ചൗത്ത് തുടങ്ങിയ പ്രത്യേക അവസരങ്ങൾക്കോ ​​ഉത്സവങ്ങൾക്കോ ​​വേണ്ടിയാണ് ഇത് സാധാരണയായി തയ്യാറാക്കുന്നത്. പരമ്പരാഗതമായി ഷിക്കോറസ് എന്നറിയപ്പെടുന്ന ചെറിയ കളിമൺ പാത്രങ്ങളിൽ വിളമ്പുന്നു, ഫിർണി എപ്പോഴും നന്നായി തണുപ്പിച്ചാണ് കഴിക്കുന്നത്. ഇവ കൂടുതല്‍ ആഡംബരപൂര്‍ണ്ണമാക്കാന്‍, നട്സ്, റോസ് ഇതളുകൾ, സിൽവർ പേപ്പർ അല്ലെങ്കിൽ സില്‍വര്‍ ലീഫ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കുന്നു. ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഫിർണി. 

ഒറീസയിലെ ഭഗവാൻ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് 2000 വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച പലഹാരമായ ഖീർ അല്ലെങ്കിൽ പായസം പത്താം സ്ഥാനത്താണ്. ഈ ക്രീം റൈസ് പുഡ്ഡിംഗ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയില്‍ ഉണ്ടാക്കുന്നു. "ഇന്ത്യയിലെ ചടങ്ങുകളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഇത് ഒരു സാധാരണ വിഭവമാണ്, എന്നിരുന്നാലും വർഷത്തിൽ ഏത് സമയത്തും ഇത് കഴിക്കാം. അരി, ഗോതമ്പ് അല്ലെങ്കിൽ മരച്ചീനി എന്നിവ പാലും പഞ്ചസാരയും ചേർത്ത് തിളപ്പിച്ചാണ് ഖീർ ഉണ്ടാക്കുന്നത്, ഉണങ്ങിയ പഴങ്ങൾ, നട്സ്, ഏലം, കുങ്കുമപ്പൂവ് എന്നിവ ഉപയോഗിച്ച് രുചികരമാക്കാം, ”ടേസ്റ്റ് അറ്റ്ലസ് കുറിച്ചു.

ടേസ്റ്റ് അറ്റ്ലസിന്‍റെ പട്ടികയില്‍ ഇടംനേടിയ മറ്റു വിഭവങ്ങള്‍ താഴെപ്പറയുന്നവയാണ്. 

1. ഷോലെ സാർഡ്: ഇറാൻ

2. ഫിരിന്‍ സൂറ്റ്ലാക്: തുർക്കി

3. ടെംബ്ലെക്ക്: പ്യൂർട്ടോ റിക്കോ

4. ഖാവോ നിയോ മാമുവാങ്: തായ്‌ലൻഡ്

5. കസാൻഡിബി: തുർക്കി

6. കുറാവു: ബ്രസീൽ

7. ഫിർണി: പഞ്ചാബ്, ഇന്ത്യ

8. പന്നകോട്ട: പീഡ്‌മോണ്ട്, ഇറ്റലി

9. ടാവുക് ഗോഗ്സു: തുർക്കി

10. ഖീർ: ഒഡീഷ, ഇന്ത്യ

വളരെ പ്രശസ്തമായ ഒരു പേര്‍ഷ്യന്‍ വിഭവമാണ് ഷോലെ സാർഡ്, ഇറാനിലെ എല്ലാ ആഘോഷാവസരങ്ങളിലും പ്രശസ്തമായ ഈ മധുരപലഹാരം ഉണ്ടാക്കുന്നു. ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതും സുഗന്ധമുള്ളതുമായ കുങ്കുമപ്പൂവായ സർഗോൾ ചേര്‍ത്താണ് ഇത് പരമ്പരാഗതമായി ഉണ്ടാക്കുന്നത്. സ്വര്‍ണ്ണമഞ്ഞ നിറത്തില്‍ കാണാനും വളരെ മനോഹരമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഷോലെ സാർഡ് – പേർഷ്യൻ കുങ്കുമപ്പൂ റൈസ് പുഡ്ഡിങ്

-ചേരുവകൾ-

ജാസ്മിൻ അരി - 1 കപ്പ്

തിളക്കുന്ന വെള്ളം - 6 കപ്പ് 

ഗ്രാനേറ്റഡ് പഞ്ചസാര - 2 കപ്പ് 

പിന്നീട് ചേര്‍ക്കാന്‍ തിളച്ച വെള്ളം - 2⅓ കപ്പ്  

റോസ് വാട്ടർ - ¼ കപ്പ് 

പൊടിച്ച കുങ്കുമപ്പൂവ് - ¼ ടീസ്പൂൺ 

അലങ്കരിക്കാന്‍:

പൊടിച്ച കറുവപ്പട്ട

ഉപ്പില്ലാത്ത പിസ്ത അരിഞ്ഞത്

ഉണങ്ങിയ റോസാദളങ്ങൾ

-ഉണ്ടാക്കുന്ന വിധം-

1. അരി എടുത്ത് തണുത്ത വെള്ളത്തിൽ കഴുകുക. വെള്ളം തെളിഞ്ഞ നിറമാകും വരെ വീണ്ടും വീണ്ടും കഴുകുക. 

2. ആഴമുള്ള നോൺസ്റ്റിക്ക് സോസ്പാനിൽ അരിയും തിളച്ച വെള്ളവും ചേർത്ത് തിളപ്പിക്കുക. തീ കുറയ്ക്കുക. പാൻ മൂടാതെ ചെറുതീയിൽ തിളപ്പിക്കുക.

3. ഏകദേശം 1 മണിക്കൂർ 15 മിനിറ്റ് നേരത്തേക്ക് ഇളക്കരുത്. അരി പൂർണ്ണമായും മൃദുവാകുന്നത് വരെ വേവിക്കുക.

4. 2⅓ കപ്പ് തിളക്കുന്ന വെള്ളം, 2 കപ്പ് പഞ്ചസാര, ¼ കപ്പ് റോസ് വാട്ടർ, ¼ ടീസ്പൂൺ കുങ്കുമപ്പൂവ് എന്നിവ ചേർക്കുക. മീഡിയം തീയില്‍ തിളപ്പിക്കുക. 5 മിനിറ്റ് കൂടി, അല്ലെങ്കിൽ ഷോലെ സാർഡ് കട്ടിയാകുന്നത് വരെ ഇടത്തരം ചൂടിൽ പാചകം ചെയ്യുക. പാത്രത്തിന്‍റെ അടിയിലോ വശങ്ങളിലോ പറ്റിപ്പിടിക്കാതിരിക്കാന്‍ തടികൊണ്ടുള്ള ഒരു സ്പൂൺ കൊണ്ട് ഇടയ്ക്കിടെ ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക.

5. ശേഷം, ഇത് ചെറിയ കപ്പുകളിലേക്ക് ഒഴിച്ച് തണുപ്പിക്കുക. പൂർണ്ണമായും തണുത്തുകഴിഞ്ഞാല്‍ എടുത്ത്  1-2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് മുകള്‍വശം മൂടണം.

6. വിളമ്പുന്നതിന് മുമ്പ് കറുവാപ്പട്ട, പിസ്ത, ബദാം, റോസ് ഇതളുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.

English Summary:

Two Indian dishes named among world’s best puddings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com