തണ്ണിമത്തൻ കേടാകാതിരിക്കാൻ വഴിയുണ്ട്, ഈ രീതിയിൽ സൂക്ഷിക്കാം
Mail This Article
വേനൽക്കാലമാകുന്നതോടെ വിപണിയിൽ സുലഭമാകുന്ന പ്രധാന ഫലങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. ജ്യൂസായി മാത്രമല്ല, സാലഡുകൾ, സ്മൂത്തികൾ, കോക്ടെയിലുകൾ തുടങ്ങി ഡെസേർട്ടുകൾ വരെ തയാറാക്കാൻ തണ്ണിമത്തൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ചയിലുള്ള വലുപ്പം പോലെ തന്നെ ഗുണങ്ങളും ഏറെയുണ്ട് ഈ ഫലത്തിൽ. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കോപ്പർ എന്നുതുടങ്ങിയ പോഷകങ്ങളതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വലുപ്പകൂടുതൽ ഉള്ളതുകൊണ്ട് തന്നെ തണ്ണിമത്തൻ വാങ്ങിയാൽ സൂക്ഷിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഉപയോഗ ശൂന്യമായി പോകുകയും ചെയ്യും. എങ്ങനെ ശരിയായ രീതിയിൽ തണ്ണിമത്തൻ സൂക്ഷിക്കാമെന്നു നോക്കാം.
സാധാരണ താപനിലയിൽ
തണ്ണിമത്തൻ പെട്ടെന്ന് മുറിക്കാനോ, കഴിച്ചു തീർക്കാനോ പദ്ധതിയില്ലാത്ത പക്ഷം ഇത് സാധാരണ താപനിലയിൽ മുറിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. പഴുത്തു പാകമാകാത്തത് അല്ലെങ്കിൽ ഇങ്ങനെ വെച്ചാൽ പഴുക്കുകയും ചെയ്യും. തണുപ്പുള്ളതും ഇരുണ്ടതുമായ മുറിയിൽ തണ്ണിമത്തൻ സൂക്ഷിക്കാവുന്നതാണ്. സൂര്യപ്രകാശം നേരിട്ട് അടിക്കാൻ ഇടവരുത്തരുത്.
പ്ലാസ്റ്റിക്കിൽ പൊതിയാം
കഴിച്ചതിനു ശേഷം ബാക്കിയാകുന്ന തണ്ണിമത്തൻ എങ്ങനെയാണ് ഫ്രിജിൽ സൂക്ഷിക്കുക? ഒരു പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞതിനു ശേഷം ഫ്രിജിൽ വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ചെറു കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് ജലാംശം നഷ്ടപ്പെട്ടു, തണ്ണിമത്തൻ ഉണങ്ങി പോകാതിരിക്കാൻ സഹായിക്കും.
തൊലി കളയാതിരിക്കാം
തണ്ണിമത്തൻ ഒരുപാട് ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അതിന്റെ പുറം തോട് കളയാതെ വയ്ക്കണം. കഴിച്ചതിനു ശേഷം ബാക്കിയാകുന്നവയുടെ പുറം തൊലി കളയാതെ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വയ്ക്കാവുന്നതാണ്. പുറം തൊലി കളയാത്തപക്ഷം പോഷകഗുണങ്ങളും രുചിയും ജലാംശവും നഷ്ടപ്പെടാതെയിരിക്കും.
വാഴപ്പഴത്തിനും ആപ്പിളിനുമൊപ്പം വയ്ക്കരുതേ
പഴങ്ങളെല്ലാം ഒരുമിച്ചു വയ്ക്കുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ചില പഴങ്ങൾ ഒരുമിച്ചു സൂക്ഷിക്കരുത്. പ്രധാനമായും ആപ്പിളിനും വാഴപ്പഴത്തിനുമൊപ്പം തണ്ണിമത്തൻ വയ്ക്കരുത്. എന്തുകൊണ്ടെന്നാൽ ആപ്പിളും വാഴപ്പഴവും എത്തിലീൻ വാതകം പുറത്തുവിടും. അത് തണ്ണിമത്തൻ എളുപ്പത്തിൽ പഴുക്കുന്നതിനിടയാക്കും. കൂടുതൽ പഴുത്തുപോയാൽ ഉപയോഗ ശൂന്യമായി പോകുമെന്നു മാത്രമല്ല, രുചിയിലും വ്യത്യാസം വരാനിടയുണ്ട്.
ഫ്രീസ് ചെയ്യാം
തണ്ണിമത്തൻ കുറേനാളുകൾ സൂക്ഷിക്കണമെന്നുള്ളവർക്കു ഫ്രീസറിൽ വയ്ക്കാവുന്നതാണ്. പുറംതൊലി കളഞ്ഞതിനു ശേഷം മീഡിയം വലുപ്പമുള്ള കഷ്ണങ്ങളായി മുറിച്ചു വായുകടക്കാത്ത പാത്രത്തിലോ അതല്ലെങ്കിൽ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞോ ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ വെച്ചാൽ ഏകദേശം ആറു മുതൽ എട്ടു മാസം വരെ കേടുകൂടാതെയിരിക്കുമെങ്കിലും ചിലപ്പോൾ ഘടനയിൽ വ്യത്യാസം വരാനിടയുണ്ട്.