ഇഞ്ചി ഇനി കേടാവില്ല; മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍
Mail This Article
കറികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ചേരുവകളില്‍ ഒന്നാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരുക മാത്രമല്ല, ഒട്ടേറെ ഔഷധഗുണങ്ങളും ഇഞ്ചിക്ക് ഉണ്ട്. ദഹനം കൂട്ടാനും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാനും ഇഞ്ചിക്ക് കഴിവുണ്ട്. മാത്രമല്ല, ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഇഞ്ചി നല്ലതാണ്.
വലിയ അളവില്‍ ഇഞ്ചി വാങ്ങിച്ചാല്‍ അത് കുറച്ചു ദിവസം കഴിയുമ്പോഴേക്കും കേടായിപ്പോകുന്നത് സ്വാഭാവികമാണ്. ഇഞ്ചി കാലങ്ങളോളം ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം. അതിനുള്ള ചില ട്രിക്കുകള്‍ ഇതാ...
വെള്ളത്തിലിട്ട് സൂക്ഷിക്കാം
കഴുകി വൃത്തിയാക്കിയ ഇഞ്ചി ഒരു ഗ്ലാസ് ജാറില്‍ ഇടുക. ഇതില്‍ മുഴുവനായും വെള്ളം ഒഴിക്കുക. ശേഷം അടച്ചു നേരെ ഫ്രിഡ്ജിലേക്ക് വയ്ക്കാം.
പേപ്പര്‍ബാഗില്‍
ഇഞ്ചി ആദ്യം നന്നായി കഴുകി ചെളിയെല്ലാം കളഞ്ഞ് വൃത്തിയാക്കുക. കിച്ചന്‍ ടവ്വല്‍ അല്ലെങ്കില്‍ ടിഷ്യു പേപ്പര്‍ കൊണ്ട് നന്നായി തുടച്ച് വൃത്തിയാക്കുക. ഉണങ്ങിയ ശേഷം ഇത് ഒരു പേപ്പര്‍ ബാഗിലേക്ക് മാറ്റുക. തുറന്ന ഭാഗം അടച്ച ശേഷം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
കിലോകണക്കിന് ഇഞ്ചി ഇങ്ങനെ സൂക്ഷിക്കാം
മഴക്കാലത്ത് പൊതുവേ നല്ല ഇഞ്ചി കിട്ടാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും ചീഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഇഞ്ചിയാണ് ഈ സമയത്ത് കടകളില്‍ കിട്ടുന്നത്. ഇതൊഴിവാക്കാന്‍ നല്ല ഇഞ്ചി കിട്ടുന്ന സമയത്ത് ഒരുമിച്ച് സൂക്ഷിച്ചു വയ്ക്കാം.
ആദ്യം തന്നെ, ഫ്രഷ് ഇഞ്ചി എടുത്ത് നന്നായി മൂന്നു നാലു തവണ കഴുകുക. തുടച്ച ശേഷം, ഫുഡ് പ്രോസസറില്‍ ഇട്ടു പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി ഫ്രീസറില്‍ വെച്ചാല്‍ മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.
ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ആദ്യം തന്നെ ഇഞ്ചി നന്നായി കഴുകുക. ഇത് തുടച്ച ശേഷം അഞ്ചാറ് മണിക്കൂര്‍ നേരം നന്നായി ഉണങ്ങാന്‍ വയ്ക്കുക.
ശേഷം ഒരു ന്യൂസ്പേപ്പറില്‍ എല്ലാം കൂടി നന്നായി പൊതിയുക. എന്നിട്ട് ഇതൊരു പ്ലാസ്റ്റിക് കൂടിനുള്ളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഐസ് ക്യൂബ് ട്രേയില്‍
അര കിലോ ഇഞ്ചി ആദ്യം നന്നായി കഴുകി വൃത്തിയാക്കുക. ഇതി ഒരു മിക്സിയിലേക്ക് മാറ്റുക. അര കപ്പ് എണ്ണ കൂടി ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ക്കുക. ഇത് നന്നായി ബ്ലെന്‍ഡ് ചെയ്തെടുക്കുക.
തുടര്‍ന്ന് അല്‍പ്പാല്‍പ്പമായി ഐസ് ക്യൂബ് ട്രേയിലേക്ക് മാറ്റുക. പ്ലാസ്റ്റിക് കവറിംഗ് പേപ്പര്‍ കൊണ്ട് ഭദ്രമായി പൊതിയുക. ഇത് നേരെ ഫ്രീസറില്‍ വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഓരോരോ ക്യൂബായി എടുത്ത് നേരെ കറിയില്‍ ഇടാം.