തടി കുറയ്ക്കാന്‍ നിലക്കടലയാണോ മഖാനയാണോ നല്ലത്? ഇങ്ങനെയാണ് കഴിക്കേണ്ടത്
Mail This Article
ഇടനേരങ്ങളില്‍ കഴിക്കാന്‍ വളരെ മികച്ച രണ്ടു ലഘുഭക്ഷണങ്ങളാണ് നിലക്കടലയും മഖാനയും. വളരെയധികം പോഷക മൂല്യവും ആരോഗ്യ ഗുണങ്ങളുമുള്ള ഭക്ഷണമാണ് ഇവ രണ്ടും. നിലക്കടല പണ്ടുമുതല്‍ക്കേ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്, എന്നാല്‍ മഖാന ഈയിടെയായി പ്രചാരത്തില്‍ വരുന്നതേയുള്ളൂ.
ഫിറ്റ്നസ് പ്രേമികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുമാണ് മഖാനയെ താരമാക്കിയത്. തടി കുറയ്ക്കാന്‍ വളരെ മികച്ചത് എന്നാണ് മഖാനയെക്കുറിച്ച് പറയുന്നത്. എന്നാല്‍ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം, മഖാന എന്നും കഴിക്കുന്നത് പ്രായോഗികമാകണം എന്നില്ല.
എന്താണ് മഖാന?
വെളുത്ത സ്പോഞ്ച് പോലുള്ള മഖാന എന്നാല്‍ വറുത്ത താമര വിത്താണ്. ചൈനക്കാർ നൂറ്റാണ്ടുകളായി ഈ ചെടി നട്ടുവളർത്തുന്നു. ഇന്ത്യയില്‍ പ്രധാനമായും ബീഹാറിലാണ് ഇതിന്‍റെ കൃഷി ഉള്ളത്. ലോകത്തിലെ മഖാനയുടെ 90% ഉത്പാദിപ്പിക്കുന്നത് ബീഹാറാണ്. ഫോക്സ് നട്ട്സ്, യൂറിയൽ ഫെറോക്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ്, ഫൂൽ മഖാന എന്നീ പേരുകളിലും മഖാന അറിയപ്പെടുന്നു.
മഖാനയുടെ ആരോഗ്യഗുണങ്ങള്‍
കുറഞ്ഞ കാലറിയും ഉയര്‍ന്ന അളവില്‍ നാരുകളും ഉള്ള മഖാന, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അത്യാവശ്യധാതുക്കളാൽ സമ്പന്നമാണ്. ഇവയില്‍ ഹൃദയാരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും ആന്‍റി ഓക്‌സിഡന്റുകളുടെ നല്ല ഉറവിടമായ മഖാനയില്‍ പ്രോട്ടീനും ഉണ്ട്.
തടി കുറയ്ക്കാന്‍ മഖാനയാണോ നിലക്കടലയാണോ നല്ലത്?
പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച കലവറയാണ് നിലക്കടല. പ്രോട്ടീൻ,ഫൈബർ,, വിറ്റാമിനുകള്‍, കൊഴുപ്പുകൾ, റെസ്വെറാട്രോൾ ഉൾപ്പെടെയുള്ള ആന്‍റി ഓക്സിഡന്റുകൾ തുടങ്ങിയവയും ഇതില്‍ ധാരാളം ഉണ്ട്. ഇവയിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
നൂറു ഗ്രാം മഖാനയില്‍ 347 കാലറി ആണ് ഉള്ളത്. എന്നാല്‍ നിലക്കടലയില്‍ ഇത് 567 കലോറി ആണ്. കൊഴുപ്പാകട്ടെ, മഖനയില്‍ 0.1 ഗ്രാമും നിലക്കടലയില്‍ 49.2 ഗ്രാമും ഉണ്ട്. നാരുകളുടെ കാര്യം നോക്കിയാലും മഖാനയില്‍ 14.5 ഗ്രാമും നിലക്കടലയില്‍ 8.5 ഗ്രാമും ആണ് ഉള്ളത്.
എന്നാല്‍ പ്രോട്ടീനിന്‍റെ കാര്യം നോക്കിയാല്‍ നിലക്കടലയാണ് മുന്നില്‍. 25.8 ഗ്രാം പ്രോട്ടീന്‍ ആണ് ഇതില്‍ ഉള്ളത്. മഖാനയില്‍ ഇത് വെറും 9.7 ഗ്രാം മാത്രമേയുള്ളൂ. മാത്രമല്ല, മഖാനയില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്, 72.8 ഗ്രാം ആണ് ഇതില്‍ ഉള്ള കാര്‍ബോഹൈഡ്രേറ്റ്. എന്നാല്‍ നിലക്കടലയില്‍ ഇത് 8.5 ഗ്രാം മാത്രമേയുള്ളൂ.
അതിനാല്‍ ഇവ രണ്ടും മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്.
തടി കുറയ്ക്കാന്‍ നിലക്കടല എങ്ങനെ കഴിക്കാം?
നിലക്കടല നേരിട്ട് കഴിക്കുന്നതിനെക്കാളും നല്ലത് പുഴുങ്ങി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കലോറിയും കൊഴുപ്പും കുറയും. അതോടൊപ്പം തന്നെ വിറ്റാമിൻ ഇ, ബി3, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും പ്രോട്ടീനും നാരുകളും കുറയുമെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇവ സാലഡുകളില്‍ ചേര്‍ത്തോ നേരിട്ടോ കഴിക്കാം.
മഖാന മസാല, ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ചേരുവകൾ
മഖാന (താമര വിത്ത്) - 2 കപ്പ്
നെയ്യ് - 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - 1/4 ടീസ്പൂൺ
പഞ്ചസാര - 1/8 ടീസ്പൂൺ
മഞ്ഞൾ പൊടി - 1/8 ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ നെയ്യും കറിവേപ്പിലയും താമര വിത്തും ചേർത്തു നല്ല ക്രിസ്പിയാകുന്നതുവരെ ഏകദേശം 6 - 8 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം.
ശേഷം ഇതിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മസാല മഖാനയിൽ നന്നായി പിടിക്കാനായി രണ്ടു മിനിറ്റോളം ചേർത്തിളക്കി യോജിപ്പിച്ചെടുക്കുക. നന്നായി തണുത്തതിനു ശേഷം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരു ആഴ്ചയോളം കേടാകില്ല.