പുത്തൻ മേഖലയിലേക്ക് ഈ ബോളിവുഡ് താരം; ദുബായിൽ ഹിറ്റായി ഈ ഇടം
Mail This Article
രുചികളുടെ ലോകത്തേക്ക് ചുവടു വച്ച് ബോളിവുഡ് താരം സഞ്ജയ് ദത്തും ഭാര്യ മാന്യത ദത്തും. ദുബായിൽ ദത്ത്സ് ഫ്രാങ്ക് ടീ എന്ന സംരംഭം ആണ് ഇരുവരും ചേർന്ന് ആരംഭിച്ചത്. മാന്യതയുടെ പാചക വൈദഗ്ദ്യം പേരു കേട്ടതാണ്. അതുപോലെ തന്ന ഭക്ഷണപ്രിയനാണ് സഞ്ജയ് ദത്തും. ലോകമെമ്പാടുമുള്ള പാചകരീതികൾ അറിയാനും ആസ്വദിക്കാനും വളരെ താൽപര്യമുള്ളയാളാണ് സഞ്ജയ് ദത്ത്. ഭക്ഷണത്തോടുള്ള ഈ പ്രിയം തന്നെയാണ് ഒരു ബിസിനസ് ആയി അതിനെ ചിന്തിക്കാൻ ഈ ദമ്പതികളെ പ്രേരിപ്പിച്ചതും.
ദുബായിൽ പുതിയ സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി മാന്യത ദത്ത് ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചു. ഒരു പാചകവിദഗ്ദനെ പോലെ സഞ്ജയ് ദത്ത് റോൾ തയാറാക്കുന്നതാണ് വിഡിയോയിൽ. ഫ്രാങ്ക്ടീയെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കുറിപ്പും വിഡിയോയ്ക്ക് സഞ്ജയ് ദത്ത് പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ വളരെ പ്രിയപ്പെട്ട ഇൻ-ഹൗസ് റെസീപ്പികൾ നിങ്ങൾക്ക് മുമ്പിലേക്ക് കൊണ്ടു വരുന്നു. രുചികരമായി അത് ക്യൂറേറ്റ് ചെയ്തിരിക്കുന്നു. രാജ്യാന്തര രുചികളും ദേശി സ്നേഹവും സമന്വയിപ്പിച്ചിരിക്കുന്നതിനാൽ തന്നെ എല്ലാ ഭക്ഷണപ്രേമികൾക്കും ഇതൊരു രാജ്യാന്തര അനുഭവം ആയിരിക്കും. റോളുകൾ റോക്ക് ചെയ്യും, കഠക് ചായയ്ക്കൊപ്പം' - എന്നാണ് മാന്യത കുറിച്ചിരിക്കുന്നത്.
തലബാത്ത് യു എ ഇയിലാണ് ദത്ത്സ് ഫ്രാങ്ക്ടീ ഓഫറുകൾ ഇപ്പോൾ ലഭ്യമായിരിക്കുന്നത്. സ്വന്തം വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നു കൊണ്ട് ദത്ത്സ് ഫ്രാങ്ക്ടീ ഭക്ഷണങ്ങൾ ആസ്വദിക്കാം. മെനുവിൽ വൈവിധ്യമാർന്ന റോളുകളും കഠക് ചായയും ഉണ്ട്. ഏത് മീലിനൊപ്പവും കഴിക്കാവുന്ന ഒന്നാണ് കഠക് ചായ. കടുപ്പത്തിലുള്ള രുചിയാണ് കഠത് ചായയെ വ്യത്യസ്തമാക്കുന്നത്. ദത്ത്സ് ഫ്രാങ്ക്ടീ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ബോളിവുഡ് താരങ്ങളും സഞ്ജയ് ദത്തിന്റെ പുതിയ സംരംഭത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ്, സൽമാൻ ഖാൻ, മോഹൻലാൽ, അർജുൻ കപൂർ എന്നിവരെല്ലാം സഞ്ജയ് ദത്തിന് ആശംസ അറിയിച്ചിട്ടുണ്ട്.