ലോകത്തിലെ ഏറ്റവും മികച്ച ഫുഡ് ഫോട്ടോ മത്സരത്തിൽ മലയാളി സാന്നിധ്യം

Mail This Article
ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള രുചിക്കൂട്ടുകളുടെ കഥകളിലേക്കു വെളിച്ചം വീശുന്ന ലോകപ്രശസ്ത ഫൊട്ടോഗ്രഫി മത്സരമാണ് 'പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫർ' പുരസ്ക്കാരം. 'ഫുഡ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ' എന്ന പേരിലും പിന്നീട് 'വേൾഡ് ഫുഡ് ഫൊട്ടോഗ്രാഫി' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. ഇത് ലോകത്തെ ഏറ്റവും പ്രശസ്തമായ ഫുഡ് ഫൊട്ടോഗ്രാഫി മത്സരമാണിത്. 2025 വേൾഡ് ഫുഡ് ഫൊട്ടോഗ്രാഫി അവാർഡിന്റെ ഉപദേശക സമിതിയുടെ ഭാഗമായി ഇത്തവണ പുതുപ്പള്ളി സ്വദേശി ജോർജ് മാത്യുവും ഉണ്ടാവും.

ആദ്യമായിട്ടാണ് ഒരു മലയാളി ഫൊട്ടോഗ്രാഫർ ഈ സ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ 23 വർഷമായി ബഹറിനിൽ കൊമേഷ്യൽ ഫൊട്ടോഗ്രാഫറാണ് ജോർജ് മാത്യു. അവാർഡുകൾ ഓരോ വർഷവും വിലയിരുത്തുന്നത്, ഫുഡ് ഫൊട്ടോഗ്രാഫർമാരിൽ പ്രമുഖനായ ഡേവിഡ് ലോഫ്‌റ്റസ് ചെയർമാനായുള്ള രാജ്യാന്തര ഫുഡ് ഫോട്ടോഗ്രാഫർമാരുടെ ഒരു പാനലാണ്. ഈ പാനലിലേക്ക് ആണ് ജോർജ് മാത്യു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഏകദേശം 100 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം എൻട്രികളാണ് മത്സരത്തിനെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുഡ് ഫൊട്ടോഗ്രാഫിയിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ കഥകളിലേക്കാണ് ഈ ചിത്രവൈവിദ്ധ്യം വിരുന്നൊരുക്കുന്നത്.