ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കാറുണ്ടോ? ഇത് അറിഞ്ഞിരിക്കാം
Mail This Article
രാവിലെ വെറും വയറ്റില്‍ നാരങ്ങ പിഴിഞ്ഞ് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പണ്ടുമുതല്‍ക്കേ നമ്മള്‍ കേട്ടിട്ടുണ്ട്. ഈ പാനീയം കൊഴുപ്പ് ഉരുകുകയും മുഖക്കുരു നീക്കം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുമെന്ന് പറയപ്പെടുന്നു, ഇതുകൊണ്ട് ശരിക്കും എന്തെങ്കിലും ഗുണമുണ്ടോ?
ദഹനപ്രക്രിയ ആരംഭിക്കാൻ സഹായിക്കുന്നു
രാവിലെ തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനം ആരംഭിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറിളക്കം എന്നിവ ശമിപ്പിക്കുന്നു. കൂടാതെ, പിത്തരസത്തിന്‍റെയും ഗ്യാസ്ട്രിക് ജൂസുകളുടെയും ഉത്പാദനം ഉത്തേജിപ്പിക്കാൻ അറിയപ്പെടുന്ന ഒന്നാണ് നാരങ്ങ.
രോഗപ്രതിരോധശേഷി
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി കൂടാതെ, വിറ്റാമിൻ ബി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ് നാരങ്ങ. ഇത് സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.
ചര്‍മ്മം കാക്കും
നാരങ്ങയില്‍ ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളുടെ ഉയർന്ന ഉള്ളടക്കമുണ്ട്. അതിനാല്‍ ഇത് ചർമ്മത്തിന് നല്ലതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മലബന്ധം തടയുന്നു
വൻകുടലിലെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും ജലാംശം വർദ്ധിപ്പിക്കാനും ഇതിനു കഴിയും. അതിനാല്‍ ഇത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് മലബന്ധത്തിന് സഹായിക്കും.
ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?
നാരങ്ങയില്‍ പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണ ആസക്തികളെ നിയന്ത്രിക്കാൻ സഹായിക്കുന്നു, അങ്ങനെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
എങ്ങനെ കുടിക്കണം?
ഇളംചൂടുള്ള വെള്ളത്തില്‍ തന്നെ നാരങ്ങ പിഴിഞ്ഞ് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ശരീരത്തിന്റെ അതേ താപനിലയിലാകുമ്പോള്‍ അത് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ഇത് വെറും വയറ്റിൽ കഴിക്കുന്നത് എല്ലാവർക്കും അനുയോജ്യമല്ല, പ്രത്യേകിച്ച് ദുർബലമായ ദഹനവ്യവസ്ഥയുള്ളവർക്ക്. അത്തരം സന്ദർഭങ്ങളിൽ കുറഞ്ഞ അളവിൽ മറ്റെന്തെങ്കിലും കഴിച്ചതിന് ശേഷം നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്.
നാരങ്ങയ്ക്ക് അസിഡിക് സ്വഭാവം ഉള്ളതിനാല്‍ ഇത് പല്ലിന്റെ ഇനാമലിന്റെ തേയ്മാനത്തിന് കാരണമാകും. അതിനാല്‍ സ്ട്രോ ഉപയോഗിച്ച് കുടിക്കുകയോ, അല്ലെങ്കില്‍ കുടിച്ച ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് വായ കഴുകുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. നാരങ്ങവെള്ളം കുടിച്ച ശേഷം ഉടനടി ബ്രഷ് ചെയ്യരുത്, ഇത് പല്ലിനു കൂടുതല്‍ പ്രശ്നമുണ്ടാക്കും.