വെള്ള സ്ട്രോബെറി, ബുദ്ധരൂപമുള്ള പിയര്‍, ചതുര തണ്ണിമത്തന്; ലോകത്തിലെ ഏറ്റവും വിലയേറിയ പഴങ്ങള്‍

Mail This Article
പത്തോ നൂറോ കൊടുത്താല്‍ കിലോ കിട്ടുന്ന തരത്തിലുള്ള പഴങ്ങള്‍ നമ്മള്‍ സ്ഥിരമായി വാങ്ങുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരൊറ്റ എണ്ണത്തിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ട തരത്തിലുള്ള 'സെലിബ്രിറ്റി' ഇനങ്ങളും പഴങ്ങളുടെ കൂട്ടത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ചില പഴങ്ങള്‍ ഇതാ...
വൈറ്റ് ജുവല്‍ സ്ട്രോബെറീസ്
ഉള്ളിലും പുറമേയും വെളുത്ത നിറമുള്ള ജാപ്പനീസ് സ്ട്രോബെറിയാണ് വൈറ്റ് ജുവല്‍ സ്ട്രോബെറി. പ്രത്യേക രീതിയിലുള്ള കൃഷിരീതി വഴിയാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നിരുന്നാല്‍പ്പോലും കൃഷിചെയ്യുന്നതിന്‍റെ ഏകദേശം 10% മാത്രമേ വെളുത്ത നിറമായി മാറുകയുള്ളൂ. വിറ്റാമിൻ സിയുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും നല്ല ഉറവിടം കൂടിയായ ഇവയ്ക്ക് ഒന്നിന് പത്തു ഡോളര്‍ വരെ വിലയുണ്ട്.
സെകായി ഇച്ചി ആപ്പിള്‍
സെകായി ഇച്ചി എന്നാൽ ജാപ്പനീസ് ഭാഷയിൽ "ലോകത്തിലെ ഒന്നാം നമ്പർ" എന്നാണ് അർത്ഥമാക്കുന്നത്. പേരുപോലെ തന്നെ നല്ല വലിപ്പമുള്ള ഇനം ജാപ്പനീസ് ആപ്പിളുകള്‍ ആണ് സെകായി ഇച്ചി. ഇവയ്ക്ക് ശരാശരി 30 മുതൽ 46 സെൻ്റീമീറ്റർ വരെ ചുറ്റളവും 900 ഗ്രാം ഭാരവുമുണ്ടായിരിക്കും. ഇരുപത് ഡോളര്‍ മുതലാണ് ഒരു ആപ്പിളിന്‍റെ വില.
ബുദ്ധരൂപമുള്ള പിയര്‍

കൂപ്പുകൈകളും തടിച്ച വയറും ധ്യാനനിമഗ്നമായ പുഞ്ചിരിയുമായി, തടിച്ച ചെറിയ ബുദ്ധന്മാരെപ്പോലെ തോന്നിക്കുന്ന പിയര്‍ ചൈനയിലാണ് ഉള്ളത്. പ്രത്യേകതരം മോള്‍ഡുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത ഇവയ്ക്ക് ഒന്നിന് എട്ടു ഡോളറിലധികം വിലവരും.
യുബാരി കിംഗ് മെലണ്‍
ജപ്പാനിലെ ചെറിയ നഗരമായ ഹൊക്കൈഡോയിലെ യുബാരിയിലെ ഹരിതഗൃഹങ്ങളിൽ കൃഷി ചെയ്യുന്ന ഒരു തരം മത്തങ്ങയാണ് ഇത്. തികച്ചും വൃത്താകൃതിയിലുള്ളതും അസാധാരണമാംവിധം മിനുസമാർന്ന പുറംതൊലി ഉള്ളതുമാണ് ഇത്. ആഘോഷവേളകളില്‍ ഇവ പരസ്പരം സമ്മാനിക്കുന്നത് ജപ്പാനിലെ ഒരു രീതിയാണ്. ഇത്തരം ഒരു തണ്ണിമത്തന് തന്നെ ഇരുന്നൂറു ഡോളറിലധികം വിലവരും. 2019 ൽ ടോക്കിയോ ആസ്ഥാനമായുള്ള പോക്ക സപ്പോറോ ഫുഡ് ആൻഡ് ബിവറേജ് ലിമിറ്റഡ് ഒരു ജോടി യുബാരി തണ്ണിമത്തൻ ലേലത്തിൽ ഏറ്റവും ഉയർന്ന വിലയായ 5 മില്ല്യൺ വിലയ്ക്ക് വാങ്ങി
ചതുരാകൃതിയുള്ള തണ്ണിമത്തന്‍
ചെറിയ റഫ്രിജറേറ്ററുകള്‍ക്കുള്ളില്‍ സൂക്ഷിക്കാനാകുന്ന വിധത്തില്‍ പ്രത്യേകം മോള്‍ഡ് ചെയ്തെടുത്ത് ഉണ്ടാക്കിയ തണ്ണിമത്തനാണ് ഇത്. ഇവയ്ക്ക് ഓരോന്നിനും നൂറു ഡോളറിന് മുകളിലേക്ക് വിലവരും.
ഡെക്കോപോൺ
ജപ്പാനിലെ സത്സുമ ഇനത്തില്‍പ്പെട്ട ഓറഞ്ചിൻ്റെ വിത്തില്ലാത്തതും മധുരമുള്ളതുമായ ഇനമാണ് ഡെക്കോപോൺ. ദക്ഷിണ കൊറിയയിൽ ഡെക്കോപോണിനെ ഹാലബോംഗ് എന്നാണ് വിളിക്കുന്നത്. ഒരു ഓറഞ്ച് തന്നെ ഒരു പൌണ്ടിലധികം ഭാരം കാണും. ആറെണ്ണം വരുന്ന ഒരു പാക്കിന് ഏകദേശം 80 ഡോളര്‍ ആണ് വില.
മിയസാക്കി മാംഗോ
ജാപ്പനീസ് ഇനമായ മിയസാക്കി മാമ്പഴത്തിന് രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വില. മിയാസാക്കി മാമ്പഴം വളർത്തുന്നതിന് അസാധാരണമായ വൈദഗ്ധ്യവും ക്ഷമയും സൂക്ഷ്മമായ ശ്രദ്ധയും ആവശ്യമാണ്. ബീഹാറിലെയും പശ്ചിമ ബംഗാളിലെയും കർഷകർ ഇപ്പോള്‍ ഇത് കൃഷിചെയ്യുന്നുണ്ട്. പ്രത്യേകമായ രുചിയും നിറവും ഔഷധമൂല്യവും കാരണം ഇതിന് ആവശ്യക്കാരേറെയാണ്. വിഖ്യാത ജാപ്പനീസ് ശാസ്ത്രജ്ഞനായ മിസ്റ്റർ യമഷിത മിയാസാക്കിയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ഡെൻസുകെ തണ്ണിമത്തൻ
സാധാരണ തണ്ണിമത്തൻ കിലോഗ്രാമിന് 20 മുതൽ 30 രൂപ വരെയാണ് വില. എന്നാല്‍, ജപ്പാനിലെ ഹോക്കൈഡോ ദ്വീപിൻ്റെ വടക്കൻ മേഖലയിൽ മാത്രം വളരുന്ന ഡെൻസുകെ തണ്ണിമത്തൻ്റെ വില, ഒരു യൂണിറ്റിന് ആയിരക്കണക്കിന് മുതൽ ലക്ഷങ്ങൾ വരെയാണ്. 2019 ല്‍ ഇത്തരമൊരു തണ്ണിമത്തന്‍ വിറ്റത് 4.5 ലക്ഷം രൂപയ്ക്കായിരുന്നു. തണ്ണിമത്തൻ്റെ സാധാരണ രൂപത്തിൽ നിന്ന് വ്യത്യസ്തമായി അതിൻ്റെ പുറംഭാഗം കറുപ്പാണ്.
റൂബി റോമന്‍ മുന്തിരി
ജപ്പാനിലെ ഇഷികാവ പ്രിഫെക്ചറിൽ കാണുന്ന ഒരുതരം മുന്തിരിയാണ് റൂബി റോമൻ . ഇതിന് ചുവപ്പ് നിറവും ഒരു പിംഗ്-പോങ് ബോളിൻ്റെ വലുപ്പവുമുണ്ട്. മുന്തിരിയുടെ ഏറ്റവും വിലകൂടിയ ഇനമാണ് ഇവയെന്ന് പറയപ്പെടുന്നു. 2016 ജൂലൈയിൽ , കനസാവയിലെ മൊത്തവ്യാപാര മാർക്കറ്റിൽ നടന്ന ലേലത്തിൽ ഏകദേശം 700 ഗ്രാം ഭാരമുള്ള 26 മുന്തിരി അടങ്ങിയ റൂബി റോമൻ മുന്തിരിക്കുല വിറ്റത് ഏകദേശം 8400 ഡോളറിനാണ്.
ലോസ്റ്റ് ഗാര്‍ഡന്‍സ് ഓഫ് ഹെലിഗന്‍ പൈനാപ്പിള്‍
ഇംഗ്ലണ്ടിലെ കോൺവാളിലെ മെവാഗിസിക്ക് സമീപമുള്ള ഒരു മനോഹരമായ പ്രദേശമാണ് ലോസ്റ്റ് ഗാർഡൻസ് ഓഫ് ഹെലിഗൻ. ഇവിടെ എവിടെ നോക്കിയാലും പൂന്തോട്ടങ്ങളാണ്. ഇവിടെ ഉണ്ടാകുന്ന പൈനാപ്പിള്‍ വളരെ വിലയേറിയതാണ്. ഒരു പൈനാപ്പിളിന് ഏകദേശം 15,000 ഡോളറിലധികം വിലവരും.