‘സ്വർണം തൂക്കാൻ എടുക്കുന്ന വിത്ത്’: ഇതാണ് ആളുകൾ കഴിക്കുന്ന ലോകത്തിലെ വിഷമേറിയ പഴം

Mail This Article
വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിച്ച്, ഉത്തരേന്ത്യയില്‍ കുട്ടികള്‍ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ലിച്ചിയുടെ അതേ കുടുംബത്തില്‍പ്പെട്ട ഒരു പഴമാണ് അക്കി(Ackee). 'വെജിറ്റബിള്‍ ബ്രെയിന്‍' എന്നാണ് അക്കി അറിയപ്പെടുന്നത്. ഉള്ളിലെ മാംസളഭാഗം കാണാന്‍ ഏകദേശം തലച്ചോറിന്‍റെ ആകൃതിയുള്ളതിനാലാണ് ഈ പേര് ലഭിച്ചത്. ജമൈക്കയുടെ ദേശീയഫലമാണ് ഇത്. മിനുസമാര്‍ന്ന ചുവന്ന നിറത്തില്‍, കാണാന്‍ വളരെ മനോഹരമായ ഈ പഴം, പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അമേരിക്കയില്‍ നിയമപരമായി നിരോധിച്ചതാണെന്ന കാര്യം അറിയാമോ?
ഉള്ളില്‍ മരണം വരെ ഉണ്ടാക്കുന്ന വിഷം
പഴുക്കാത്ത അക്കിപ്പഴത്തില്‍അക്കിയിൽ ഉയർന്ന അളവിൽ ഹൈപ്പോഗ്ലൈസിൻ എ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും, ഹൈപ്പോഗ്ലൈസീമിയയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഹൈപ്പോഗ്ലൈസീമിയ മൂലം ആശയക്കുഴപ്പം, തലകറക്കം, തലവേദന, അപസ്മാരം, കോമ എന്നിവയും ഉണ്ടാകാം.

ഗർഭിണികളോ മുലയൂട്ടുന്നവരോ ആയ സ്ത്രീകൾക്ക്, പഴുക്കാത്തതും പഴുത്തതുമായ അക്കി ഏത് അളവില്‍ കഴിച്ചാലും സുരക്ഷിതമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നു. കുട്ടികള്‍ക്കും ഇത് ദോഷകരമായി ബാധിക്കാന്‍ സാധ്യത വളരെയേറെയാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, 1973 മുതൽ അക്കിപ്പഴത്തിന്‍റെ ഇറക്കുമതി അമേരിക്ക നിരോധിച്ചു. പഴം നിരോധിച്ചെങ്കിലും ഇതിന്‍റെ സംസ്കരിച്ച രൂപങ്ങള്‍ ലഭ്യമാണ്.
സ്വര്‍ണം തൂക്കാന്‍ വിത്തുകള്‍
ഭക്ഷണമായി മാത്രമല്ല, സ്വര്‍ണം തൂക്കാനുള്ള അളവുകട്ടിയായും ഇതിന്‍റെ വിത്തുകള്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഗോൾഡ് കോസ്റ്റിലെ മുൻ കോളനിയിൽ ഗ്രേറ്റ് ബ്രിട്ടൻ പുറത്തിറക്കിയ കറൻസിക്ക് "ഗോൾഡ് കോസ്റ്റ് അക്കി" എന്നു പേരിട്ടു.
കൂടാതെ, പശ്ചിമാഫ്രിക്കയിലും കരീബിയൻ ദ്വീപുകളിലെ ഗ്രാമപ്രദേശങ്ങളിലും ഈ പഴത്തിന് വിവിധ ഉപയോഗങ്ങളുണ്ട്. വസ്ത്രം അലക്കാനുള്ള സോപ്പായി ഇതിന്‍റെ കായ്കള്‍ ഉപയോഗിക്കുന്നു. സുഗന്ധമുള്ള പൂക്കൾ അലങ്കാരമായോ പെര്‍ഫ്യൂമിന് പകരമായോ ഉപയോഗിക്കാം. ആഫ്രിക്കൻ പരമ്പരാഗത ചികിത്സാരീതിയില്‍ പഴുത്ത പഴങ്ങളും ഇലകളും പുറംതൊലിയുമെല്ലാം ചെറിയ രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്നു.
അക്കി കൊണ്ടുള്ള വിഭവങ്ങള്‍
ജമൈക്കൻ പാചകരീതിയിൽ അക്കിപ്പഴം വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ജമൈക്കയുടെ ഔദ്യോഗിക ദേശീയ വിഭവമായ അക്കി ആൻഡ് സാൾട്ട് ഫിഷ് ആണ് ഇതില്‍ പ്രധാനം, വഴറ്റിയ അക്കിയും ഉപ്പിട്ട മത്സ്യവും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന്‍റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇത് എന്ന് പറയപ്പെടുന്നു.
കൂടാതെ, സ്റ്റ്യൂ, കറി, സൂപ്പ്, ജാമുകൾ, പാനീയങ്ങൾ, മിഠായികൾ എന്നിവ ഉണ്ടാക്കാനും അക്കിപ്പഴം ഉപയോഗിക്കുന്നു.