ഇവിടെ ഇഡ്ഡലി വെളുപ്പ് അല്ല കറുപ്പാണ്; ആരാധകർ ഏറെയുണ്ട് ഈ 'കരിക്കട്ട' ഇഡ്ഡലിയ്ക്ക്

Mail This Article
തൂവെള്ള നിറവും പൂ പോലെ പതുപതുപ്പും ഉള്ള ഇഡ്ഡലിയും, അതിനു മുകളില്‍ ആവി പറക്കുന്ന സാമ്പാറും, അരികില്‍ ഇത്തിരി തേങ്ങാച്ചമ്മന്തിയും... ആഹാ! ഈയൊരു കോമ്പിനേഷനെ കവച്ചുവെക്കുന്ന മറ്റൊരു പ്രാതല്‍ ഇല്ലെന്നുതന്നെ പറയാം. മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തുള്ള പല രാജ്യങ്ങളിലുള്ള ആളുകള്‍ക്കും ഇന്ന് വളരെ പ്രിയമേറിയ ഒരു പ്രഭാതഭക്ഷണമാണ് ഇഡ്ഡലി.

ഇക്കാലയളവില്‍ പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ ഇഡ്ഡലിയില്‍ നടന്നിട്ടുണ്ട്. അരിക്കും ഉഴുന്നിനും പകരം, പലവിധ മാവുകള്‍ കൊണ്ടും പച്ചക്കറികള്‍ ഉപയോഗിച്ചുമെല്ലാം ഇഡ്ഡലി ഉണ്ടാക്കി വരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായ ഒരു ഇഡ്ഡലി ഇനമാണ് കറുത്ത ഇഡ്ഡലി.
കരിക്കട്ട പോലെ കറുത്ത നിറമാണ് ഇവന്. കണ്ടാല്‍ ആരും ഒരുനിമിഷം ഒന്ന് മടിക്കും കഴിക്കാന്‍. എന്നാല്‍ കഴിച്ചു തുടങ്ങിയാലോ, പിന്നെ നിര്‍ത്താനും പറ്റില്ല. അസാധ്യരുചിയാണ് ഇതിനെന്ന് കഴിച്ചവര്‍ പറയുന്നു. നാഗ്പൂരിലെ ഒരു ഭക്ഷണശാലയിലാണ് ഈ സുന്ദരന്‍ ഇഡ്ഡലികള്‍ കൊതിപടര്‍ത്തി വിലസുന്നത്.

മാർക്കറ്റിങ് ബിസിനസിൽ നിന്നും തെരുവ് കച്ചവടക്കാരനായി മാറിയ കുമാർ എസ് റെഡ്ഡിയാണ് ഈ വൈറല്‍ ഇഡ്ഡലിക്ക് പിന്നില്‍. ഇഡ്ഡലി എന്നാല്‍ വെള്ളയോ പിങ്കോ ഓറഞ്ചോ നിറങ്ങളില്‍ മാത്രം ഉണ്ടാക്കേണ്ട ഒന്നല്ല എന്ന് തന്‍റെ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കുക എന്ന ആശയം മനസ്സില്‍ വന്നപ്പോള്‍, ഇഡ്ഡലിക്കച്ചവടം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നാഗ്പൂരില്‍ ഓൾ എബൗട്ട് ഇഡ്ഡലി(AAI) ആരംഭിച്ചു.

ഈ പേരിനു പിന്നിലും ഒരു കഥയുണ്ട്. ‘ആയി’ (AAI) എന്നാൽ അമ്മ എന്നാണര്‍ത്ഥം. ഒന്‍പതു വർഷം മുൻപ് തന്‍റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് കുമാര്‍ ഈ ഇഡ്ഡലിക്കട ആരംഭിക്കുന്നത്. എല്ലാ വർഷവും അമ്മയുടെ പിറന്നാൾ ദിനത്തിൽ, വിശന്ന വയറുകൾക്ക് സൗജന്യമായി ഇഡ്ഡലി വിളമ്പാറുമുണ്ട്.
എഴുപതിലധികം വെറൈറ്റി ഇഡ്ഡലികൾ
ഇഡ്ഡലിയുടെ നൂറിലധികം വകഭേദങ്ങൾ പരീക്ഷിച്ച ശേഷം, എഴുപതിലധികം ഇനങ്ങള്‍ ലഭ്യമാക്കി. പരമ്പരാഗത മൂല്യങ്ങൾ കൈവിടാതെ സമകാലിക രുചിയിലെ വൈവിധ്യങ്ങളും ഉൾപ്പെടുത്തിയ ഒരു ഫ്യൂഷൻ പാചകരീതിയാണ് റെഡ്ഡി പിന്തുടരുന്നത്. ബ്ലാക്ക് ഇഡ്‌ഡലി, കോൺ ഇഡ്‌ഡലി, ഇഡ്‌ഡലി കബാബ്, ഇഡ്‌ഡലി സമോസ, ഇഡ്‌ഡലി പറാത്ത, വെജ്കീമ ഇഡ്‌ഡലി, മുളപ്പിച്ച പയർ വർഗങ്ങൾ കൊണ്ടുള്ള ഇഡ്‌ഡലി, ഹാരാബാര ഇഡ്‌ഡലി, ട്രൈ കളർ ഇഡ്‌ഡലി എന്നിങ്ങനെയുള്ള ഇഡ്ഡലികള്‍ക്കെല്ലാം ഒട്ടേറെ ആരാധകരുണ്ട്.
കണവയുടെ മുട്ട ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കാനും കുമാര്‍ ആദ്യം ശ്രമിച്ചിരുന്നു. എന്നാല്‍, തന്‍റെ ഉപഭോക്താക്കളിൽ പലരും സസ്യഭുക്കുകള്‍ ആയതിനാൽ താമസിയാതെ ആ ആശയം ഉപേക്ഷിച്ചു.
കറുത്ത ഇഡ്ഡലിയുടെ കഥ ഇങ്ങനെ
പിന്നെ ഭക്ഷ്യയോഗ്യമായ കറുത്ത നിറത്തില്‍ ഇഡ്ഡലി ഉണ്ടാക്കുന്നതിനുള്ള പരമ്പരാഗത രീതികളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. പ്രകൃതിദത്തമായി, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ നിറം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമമായിരുന്നു പിന്നീട്. അങ്ങനെ, ചിരട്ടയും, ഓറഞ്ച് തൊലിയും, ബീറ്റ്റൂട്ട് നീരും, ബീറ്റ്റൂട്ട് പൾപ്പും ഉപയോഗിച്ച് കറുത്ത നിറം ഉണ്ടാക്കി. മടുപ്പിക്കുന്നതും ദൈർഘ്യമേറിയതുമായ ഒരു പ്രക്രിയയാണ് ഇത്. ആദ്യം ചേരുവകൾ ഉണക്കി എടുക്കണം, എന്നിട്ട് കറുത്ത നിറം ലഭിക്കാൻ അവ കത്തിക്കുന്നതിനുപകരം, ഒന്നര ഇഞ്ച് തവയിൽ എണ്ണയില്ലാതെ വറുക്കുന്നു. ഇത് പൊടിച്ച്, റവ ചേർത്ത് ഇഡ്ഡലി ഉണ്ടാക്കുന്നു.
ഒരുതരം പ്രകൃതിദത്ത ആക്റ്റിവേറ്റഡ് ചാർക്കോൾ ആണ് ഈ പൊടി. അതുകൊണ്ട്, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അതിനാല്‍ കറുത്ത ഇഡ്ഡലി ഗര്‍ഭിണികള്‍ കഴിക്കരുതെന്ന് കുമാര്‍ തന്നെ പറയുന്നു.
ഇടയ്ക്ക് ഈ ഇഡ്ഡലി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ 'ഡീടോക്സ്' അഥവാ 'വിഷവിമുക്ത' ഇഡ്ഡലി എന്നൊക്കെ ആളുകള്‍ ഇതിന് ഓമനപ്പേരിട്ടു. എന്നാല്‍ താന്‍ അങ്ങനെ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് കുമാര്‍ പറയുന്നുണ്ട്. ഈയടുത്തായി സെലബ്രിറ്റികളും കുമാറിന്‍റെ കടയില്‍ എത്തുന്നുണ്ട്. ഈയിടെ നടന്‍ ആശിഷ് വിദ്യാര്‍ഥി ഇവിടെ നിന്നും ഇഡ്ഡലി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
ഈ ഇഡ്ഡലിയുടെ മാവ് ഉപയോഗിച്ച് കറുത്ത കല്ലു പോലെ ഇരിക്കുന്ന ഒരു പലഹാരവും കുമാര്‍ തയ്യാറാക്കി. മാവ്, എണ്ണയില്‍ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. 'കാലാ പത്തര്‍' എന്നാണ് ഇതിനു പേര് നല്‍കിയത്. അതേപോലെ തന്നെ ചന്ദ്രയാന്‍ 3 ന് ഐ എസ് ആര്‍ ഓയ്ക്ക് അഭിനന്ദനം നേര്‍ന്നുകൊണ്ട് ഉണ്ടാക്കിയ ഇഡ്ഡലിയും ഇന്ത്യയുടെ പതാക പോലെ മൂന്നു നിറത്തില്‍ ഉണ്ടാക്കിയ ഇഡ്ഡലിയുമെല്ലാം വൈറലായിരുന്നു.