ADVERTISEMENT

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ മധുരക്കിഴങ്ങ് കട്ലറ്റ് ഒന്നു ട്രൈ ചെയ്തു നോക്കൂ.

 

ചേരുവകൾ:

  • മധുരക്കിഴങ്ങ് - 1/2 കിലോ പുഴുങ്ങി തൊലി കളഞ്ഞത്
  • സവാള - 1 ചെറുതായരിഞ്ഞത്
  • പച്ചമുളക് - 3 എണ്ണം ചെറുതായരിഞ്ഞത്
  • ഇഞ്ചി - 1/2 ഇഞ്ച് നീളത്തിലുള്ള കഷ്ണം ചെറുതായരിഞ്ഞത്
  • മല്ലിയില അരിഞ്ഞത്
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 3/4 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • ഗരംമസാല - 1/2 ടീസ്പൂൺ
  • കോൺഫ്ലോർ - 1 1/2 ടേബിൾ സ്പൂൺ
  • ബ്രഡ് പൊടിച്ചത് - 2 ടേബിൾ സ്പൂൺ + കോട്ടിങ്ങിന് ആവശ്യമായത്
  • 1 മുട്ട + 1/4 ടീസ്പൂൺ കുരുമുളകുപൊടി + 2 നുള്ള് ഉപ്പ് ( മുട്ടയുടെ കോട്ടിങിനു ആവശ്യത്തിൽ) 
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ആദ്യം മധുരക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. അത് ഒരു പാത്രത്തിലേക്കിട്ട് നന്നായി ഉടച്ചെടുക്കുക. അതിലേക്കു മേൽപറഞ്ഞ ചേരുവകളായ സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, മഞ്ഞൾപ്പൊടി, മുളകുപൊടി ഗരംമസാല/ ഇറച്ചി മസാല, കുരുമുളകുപൊടി, കോൺഫ്ലോർ, ബ്രഡ് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 

 

അതിനുശേഷം അത് കൈകളിൽ വച്ച് ഉരുട്ടി പരത്തി കട്ലറ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തിൽ 1 മുട്ടയും 1/4 ടീസ്പൂൺ കുരുമുളകുപൊടിയും 2 നുള്ള് ഉപ്പും ചേർത്തു യോജിപ്പിക്കുക. തയാറാക്കി വച്ച കട്ലറ്റ് ആദ്യം മുട്ടയുടെ മിക്സിൽ മുക്കിയെടുത്ത ശേഷം ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക. എല്ലാ കട്ലറ്റും ഇതു പോലെ ചെയ്തെടുത്ത് മാറ്റി വയ്ക്കുക. 

 

അതിനുശേഷം ഒരു ചീനച്ചട്ടിയിൽ ഓയിൽ ചൂടാക്കി കട്ലറ്റ് അതിലേക്കിട്ട് വറുത്തെടുക്കുക. ഓയിൽ ചൂടായ ശേഷം ചെറു തീയിലേക്കു മാറ്റുക. എന്നിട്ട് കട്ലറ്റ് ഓയിലിലേക്കിടുക. അതിനുശേഷം 2 മിനിറ്റ് അനക്കാതിരിക്കുക. പെട്ടെന്നു തന്നെ മറിച്ചിടാൻ ശ്രമിച്ചാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. 2 മിനിറ്റിന് ശേഷം ഇടത്തരം തീയിലേക്കാക്കി കട്ലറ്റ് വറത്തു കോരുക. കുട്ടികൾക്കൊക്കെ വളരെ പെട്ടെന്നു ഇഷ്ടമാകുന്ന നല്ലൊരു ചായക്കടിയാണ് ഈ കട്ലറ്റ്. ഒരിക്കലൊന്നുണ്ടാക്കി നോക്കൂ. തീർച്ചയായും നിങ്ങൾക്കിതിഷ്ടമാവും. 

 

English Summary : Sweet Potato Cutlet Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com