ചോറിനൊപ്പം തേങ്ങ ചുട്ടരച്ച ചമ്മന്തി

Mail This Article
നാട്ടിൽ ഒരുപാടുള്ളതിനെ തേങ്ങയോട് ഉപമിക്കുന്നൊരു കാലമുണ്ടായിരുന്നു നമുക്ക്. പറമ്പിന്റെ മൂലയ്ക്ക് ഒരു തെങ്ങെങ്കിലുമില്ലാത്ത വീടുണ്ടായിരുന്നില്ല.കാലം മാറി, മലയാളിയുടെ കറിക്കരയ്ക്കാനുള്ള തേങ്ങ ഇന്നു മറ്റിടങ്ങളിൽ നിന്നു വരണം.
ചോറിനൊപ്പം കറിയൊന്നുമില്ലാത്ത ദിവസങ്ങളിൽ ഒരു ചമ്മന്തിയാകാം. പാത്രം നിറയെ കഞ്ഞിയിൽ തേങ്ങാച്ചമ്മന്തി കലക്കി ഒറ്റയിരിപ്പിനു അകത്താക്കിയതിന്റെ ഓർമകളില്ലാത്തവരുണ്ടോ? പഞ്ഞം നിറഞ്ഞ കാലത്തു കഞ്ഞിയുടെ കൂടെ യാത്രയാരംഭിച്ച തേങ്ങാച്ചമ്മന്തി ഇന്നു വൻകിട ഹോട്ടലുകളിലെ ബിരിയാണിയുടെ കൂട്ടാളിയായും എത്തിയിരിക്കുന്നു. തേങ്ങ ചുട്ടരച്ച ചമ്മന്തി പുതിയ കാലത്തിനു അത്ര പരിചയമുണ്ടാവാൻ വഴിയില്ല.ഇത്തവണ അതാവട്ടെ.
ഒരു തേങ്ങയുടെ പകുതി ചെറിയ കഷ്ണങ്ങളായി പൂളിയെടുത്ത ശേഷം നല്ല കനലിൽ ചുട്ടെടുക്കാം. 6 വറ്റൽമുളകും 10 ചെറിയ ഉള്ളിയും കരിഞ്ഞുപോകാതെ ചുട്ടെടുക്കണം. ചുട്ടെടുത്തവയെല്ലാം അൽപം പുളിയും ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായി അരച്ചെടുക്കണം. കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്താൽ തേങ്ങ ചുട്ടരച്ച ചമ്മന്തി തയാർ.