ഇത് തനിനാടൻ രുചിക്കൂട്ട്: ഉണക്ക ചെമ്മീൻ ചേർത്ത ചക്കക്കുരു മാങ്ങാ കറി
Mail This Article
ഉണക്ക ചെമ്മീൻ ചക്കകുരുവും മാങ്ങയും ചേർത്ത് തനിനാടൻ രീതിയിൽ വച്ചാൽ ആര്‍ക്കും ഇഷ്ടപ്പെടും. ചൂടുചോറിനൊപ്പം ഉച്ചയ്ക്ക് വിളമ്പാൻ പറ്റിയ കറിയാണിത്. വളരെ പെട്ടെന്ന് ഈ കറി എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചെമ്മീൻ കഴിക്കുന്നത് അലർജിയുള്ളവർ പരീക്ഷിക്കേണ്ടതില്ല. ഞൊടിയിടയിൽ ഉണക്ക ചെമ്മീൻ കറി ഉണ്ടാക്കാം.
ചക്കക്കുരു തൊലികളഞ്ഞ് നടുവെ കീറിയതും ഒന്നേ കാൽ സ്പൂൺ മുളക്പ്പൊടിയും മഞ്ഞപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ചക്കകുരു വേവാനുള്ള വെള്ളവും ഒഴിച്ച് കുക്കറിൽ വയ്ക്കാം. ഒരു വിസിൽ വന്നു കഴിയുമ്പോൾ തീ അണയ്ക്കാം. കുക്കറിലെ എയർ പോയതിനു ശേഷം തുറന്ന് വെന്ത ചക്കകുരു നന്നായി ഉടച്ചെടുക്കാം.
ആ കൂട്ട് മൺചട്ടിയിലേക്ക് ചേർത്തതിനു ശേഷം ഗ്യാസിൽ വയ്ക്കാം. അതിലേക്ക് അരിഞ്ഞെടുത്ത മാങ്ങയും തേങ്ങയും നാലു ചെറിയ ഉള്ളിയും ചേർത്ത് അരച്ച അരപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. വെള്ളവും ഉപ്പുമൊക്കെ പാകത്തിനാണോയെന്ന് നോക്കണം. ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചിട്ട് കഴുകി വൃത്തിയാക്കിയ ഉണക്ക ചെമ്മീൻ ചേർത്ത് വറുത്തെടുക്കാം. അതിലേക്ക് കറിവേപ്പിലയും ചേർക്കണം. ശേഷം ചക്കകുരുവും മാങ്ങായും ചേർന്ന കറിയിലേക്ക് ഉണക്കചെമ്മീൻ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. രുചിയൂറും ഉണക്കചെമ്മീൻ കറി റെഡി.
English Summary: easy dried prawns curry