ഇങ്ങനെയൊരു ഹൽവ മലയാളികൾ കേട്ടിട്ടുണ്ടാവില്ല; വാഴയില കൊണ്ടുണ്ടാക്കിയ വൈറലായ ഐറ്റം
Mail This Article
വെണ്ണ പോലെ വായില്‍ അലിയുന്ന കോഴിക്കോടന്‍ ഹല്‍വയും നോര്‍ത്തിന്ത്യക്കാരുടെ കാരറ്റ് ഹല്‍വയും തമിഴ്നാട്ടിലെ തിരുനെല്‍വേലി ഹല്‍വയുമെല്ലാം ഇതിനോടകം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഹല്‍വ ഇല്ലാത്ത ആഘോഷാവസരങ്ങള്‍ നമുക്ക് ആലോചിക്കാന്‍ പോലുമാവില്ല. കൂട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം വീട്ടില്‍ വിരുന്ന് പോകുമ്പോഴും ഒരു പാക്കറ്റ് ഹല്‍വയുടെ സ്നേഹമധുരം ഒപ്പം കാണും.
ഹല്‍വയോട് ഇത്രയധികം സ്നേഹം സൂക്ഷിക്കുന്ന മലയാളികള്‍ ഒരിക്കലും കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു അഡാര്‍ ഐറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. അതാണ് വാഴയില ഹല്‍വ!
ഇന്‍സ്റ്റഗ്രാമില്‍ great_indian_asmr എന്ന ചാനലിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോയില്‍ വ്ളോഗര്‍ ആദ്യം വാഴയില വൃത്തിയാക്കുന്നതും മധ്യത്തിലുള്ള തണ്ട് നീക്കം ചെയ്യുന്നതും കാണാം. ശേഷം, ഈ ഇലകള്‍ ഉരുട്ടി നന്നായി മുറിച്ചെടുക്കുന്നു. ഇവ ഒരു ബ്ലെൻഡറിൽ ഇട്ട്, അല്പം വെള്ളവുമായി കലർത്തി പച്ച നീര് ഉണ്ടാക്കുന്നു. ശേഷം ഒരു അരിപ്പയ്ക്ക് മുകളില്‍ തുണി വച്ച് ഇത് നന്നായി അരിച്ചെടുക്കുന്നു.
അതിനുശേഷം, ഒരു പാനില്‍ നെയ്യൊഴിച്ച് അതിലേക്ക് ഈ പ്യൂരി ഒഴിക്കുന്നു. അതിലേക്ക് പഞ്ചസാര ഇടുന്നു. കുറച്ച് കോണ്‍ഫ്ലോര്‍ ഒരു പാത്രത്തിലേക്ക് തട്ടി വെള്ളവുമായി മിക്സ് ചെയ്യുന്നു. ഇത് അടുപ്പത്തേക്ക് ഒഴിച്ച ശേഷം നന്നായി ഇളക്കുന്നു. കുറുകിവരുമ്പോള്‍ മുകളില്‍ കശുവണ്ടിപ്പരിപ്പ് വിതറി ഇളക്കുന്നു. ഇങ്ങനെയാണ് ഹല്‍വ തയാറാക്കുന്നത്. ഈ ഹല്‍വ ഒരു സ്പൂണ്‍ കൊണ്ട് കോരി ആസ്വദിച്ച് കഴിക്കുന്ന വ്ളോഗറിനെയും വിഡിയോയില്‍ കാണാം. വാഴയില ഹൽവ എന്നും പരാജയപ്പെട്ട പാചകമെന്നും പങ്കുവച്ച വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുമുണ്ട്.
ഈ വിചിത്രമായ മധുരപലഹാരത്തിനെക്കുറിച്ച് ഒട്ടേറെ ആളുകള്‍ വിഡിയോയ്ക്ക് കീഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലോറോഫിൽ ഹൽവ, ഹൾക്ക് ഹൽവ, അന്യഗ്രഹ ഭക്ഷണം എന്നിങ്ങനെ രസകരമായ ഒട്ടേറെ പേരുകളും ആളുകള്‍ ഈ ഹല്‍വയ്ക്ക് നല്‍കി.