ADVERTISEMENT

ശരിയായി ആരോഗ്യം നോക്കുന്നവര്‍ക്കും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെ ഏറ്റവും ഉപകാരപ്രദമായ ഒരു പച്ചക്കറിയാണ് കക്കിരിക്ക അഥവാ കുക്കുംബര്‍. 95% ശതമാനവും ജലാംശം അടങ്ങിയിരിക്കുന്ന കക്കിരിക്ക ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതു മൂലം ശരീര താപനില നിയന്ത്രിക്കുക മാത്രമല്ല, സുന്ദരമായ ചര്‍മ്മം കാത്തു സൂക്ഷിക്കാനും ഉപകാരപ്പെടുന്നു. 

ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്‍റി ഓക്സിഡന്റുകൾ കക്കരിയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ കെ, വിറ്റാമിൻ സി, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഇത്.

കക്കിരിക്ക ഉപ്പിലിട്ടും പച്ചയ്ക്കും സാലഡ് ആയുമെല്ലാം കഴിക്കാറുണ്ട്. ഇങ്ങനെ കഴിച്ചു മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി റെസിപ്പി ആണ് ഇനി പറയാന്‍ പോകുന്നത്. കണ്ണൂര്‍ ഭാഗങ്ങളില്‍ സാധാരണയായി ഉണ്ടാക്കുന്ന ഈ വിഭവമാണ്  പെരക്ക്. ഇതുണ്ടാക്കാന്‍ തീ ഉപയോഗിക്കേണ്ടതില്ല എന്നതാണ് പ്രധാന കാര്യം! വളരെ എളുപ്പത്തില്‍, അഞ്ചു മിനിറ്റ് കൊണ്ട് ഈ ഹെല്‍ത്തി വിഭവം ഉണ്ടാക്കാം. 

ചേരുവകള്‍

കുക്കുംമ്പർ- 2 എണ്ണം

തേങ്ങ ചിരകിയത് - 1/2 കപ്പ്

പച്ചമുളക് - 2 എണ്ണം

കടുക് - 1/4 ടീസ്പൂണ്‍

അധികം പുളിയില്ലാത്ത കട്ടത്തൈര്‌ - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

- കുക്കുമ്പർ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി തിരുമ്മി അര മണിക്കൂര്‍ മണിക്കൂര്‍ മാറ്റി വയ്ക്കുക.

- ചിരകിയ തേങ്ങയും പച്ചമുളകും കൂടി ഒതുക്കിയെടുക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി കറക്കിയെടുക്കുക. കടുക് ഒട്ടും അരയരുത്.

- നേരത്തെ അരിഞ്ഞ് ഉപ്പ് ചേര്‍ത്ത് മാറ്റിവച്ച കുക്കുംമ്പറിലേക്ക്, തേങ്ങ ഒതുക്കിയെടുത്തതും നന്നായി ഉടച്ചെടുത്ത തൈരും ചേര്‍ത്ത് യോജിപ്പിക്കണം. ഉപ്പ് കുറവുണ്ടെങ്കില്‍ ചേര്‍ത്ത് കൊടുത്തതിനു ശേഷം കടുകും ഉണക്ക മുളകും കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കാം.  രുചികരമായ കുക്കുമ്പർ പെരക്ക് റെഡി. ഇത് ചോറിനൊപ്പമോ അല്ലാതെയോ സാലഡ് ആയോ ഉപയോഗിക്കാം.

English Summary:

Healthy Cucumber Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com