നഷ്ടപ്രതാപം വീണ്ടെടുക്കാൻ 4 ക്യാപ്റ്റൻമാരെ ‘നയിച്ച്’ പാണ്ഡ്യ; സ്ഫോടനാത്മക ബാറ്റിങ്ങ്, നശീകരണ ബോളിങ്ങ്; ഇക്കുറി ‘ബൈ പറയാൻ’ വൈകും!

Mail This Article
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻമാരും ഇവരുടെ അഭാവത്തിൽ നയിക്കാറുള്ള ഇടക്കാല ക്യാപ്റ്റനും ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനും ഇവിടെ വെറും ‘സാധാരണക്കാർ’, ഇന്ത്യൻ ടീമിലെ ‘സാധാരണക്കാരനാ’കട്ടെ, ഇവിടെ ക്യാപ്റ്റനും – സമകാലിക ക്രിക്കറ്റിലെ കൗതുകമുണർത്തുന്ന, തികച്ചും വ്യത്യസ്തമായ ഈ സമവാക്യവുമായി ഈ സീസണിൽ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) കിരീടം ലക്ഷ്യമിടുന്നവരാണ് മുംബൈ ഇന്ത്യൻസ്. ഇത്തവണ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്നത് നാലു ക്യാപ്റ്റൻമാരെയാണ്. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ താൽക്കാലിക നായകനായി എത്താറുള്ള ജസ്പ്രീത് ബുമ്ര! ക്യാപ്റ്റൻമാരുടെ അതിപ്രസരമുള്ള ടീമിന്, ഇടവേളയ്ക്കു ശേഷം മുംബൈ ഇന്ത്യൻസിന് കിരീടം സമ്മാനിക്കാനുള്ള കരുത്തുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മുംബൈ ഇന്ത്യൻസ് ആരാധകർ. കഴിഞ്ഞ സീസണിൽ രോഹിത്തിനു പകരം നായകസ്ഥാനത്തെത്തിയ പാണ്ഡ്യയെ ടൂർണമെന്റിലുടനീളം കൂകിവിളിച്ചാണ് മുംബൈ ഇന്ത്യൻസ് ആരാധകർ എതിരേറ്റത്. രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഇപ്പോഴും പൂർണമായി ദഹിക്കാത്ത ആരാധകർക്കു മുന്നിൽ, അതേ അവഹേളനത്തിന്റെ ഭീഷണിയുമായാണ് പാണ്ഡ്യ ഇക്കുറിയും ടീമിനെ നയിക്കുന്നത്. സീസണിന് വിജയത്തുടക്കമിട്ട് ആരാധകർക്കിടയിൽ ഇപ്പോഴും നീറിപ്പുകയുന്ന അതൃപ്തി കെടുത്തുകയാകും പാണ്ഡ്യയ്‌ക്കു മുന്നിലുള്ള പ്രധാന ലക്ഷ്യം. ഐപിഎലിൽ അഞ്ച് കിരീടവുമായി ചെന്നൈയ്ക്കൊപ്പം കൂടുതൽ തവണ ചാംപ്യൻമാരായ ടീമാണെങ്കിലും, കഴിഞ്ഞ നാലു സീസണുകളിൽ ഒരിക്കൽ മാത്രം പ്ലേഓഫിൽ കടന്ന, രണ്ടു തവണയും ഏറ്റവും അവസാന സ്ഥാനക്കാരായ നാണക്കേടിനും പരിഹാരം കാണാനുറച്ചാകും പാണ്ഡ്യയുടെയും സംഘത്തിന്റെയും വരവ്.