ട്രൈബൽ സ്റ്റാർട്ടപ്പുകൾ: വഴികാട്ടാൻ നിലമ്പൂർ

Mail This Article
സംരംഭക രംഗത്തെ ആദിവാസി മുന്നേറ്റത്തിന് നിലമ്പൂർ കാടുകളിലെ ആദിവാസി കോളനികൾ നൽകുന്ന മാതൃക ലോകത്തിനുതന്നെ വെളിച്ചമേകുന്നതാണ്. ഒന്നിച്ചു നിൽക്കാനും അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും അധ്വാനത്തിന് ആനുപാതികമായ സമ്പാദ്യമുണ്ടാക്കാനുമുള്ള യത്നം ഒരുപരിധിവരെ വിജയിക്കുന്നുണ്ട്. സംരംഭകരായും മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദകരായുമൊക്കെ ആദിവാസികളും മാറുന്നു. കോളനികളിലെ ഇല്ലായ്മകളും വല്ലായ്മകളും മാത്രം ജനശ്രദ്ധ നേടുമ്പോൾ ഇത്തരം ചെറിയ മുന്നേറ്റങ്ങളും ആദിവാസി കോളനികളിൽ നടക്കുന്നുണ്ട് എന്ന് അറിയണം. നിലമ്പൂരിലെ ആദിവാസി കോളനികൾ നൽകുന്ന മാതൃകകൾ സമൂഹത്തിനുമുന്നിൽ നൽകുന്ന ചില ഉദാഹരണങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മാതൃകാസംരംഭങ്ങൾ ഏറെയുണ്ട്. മാധ്യമങ്ങളുടെ പിന്തുണയും പ്രോൽസാഹനവും വഴി ഇത്തരം സംരംഭങ്ങളും മുന്നേറ്റങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവന്നാൽ വിപണിയിൽ വൻമുന്നേറ്റം കൊണ്ടുവരാൻ സാധ്യമാകും.
ജേൻ ഉറഗ്: ബ്രാൻഡഡ് വൈൽഡ്
കാട്ടു തേൻ ബ്രാൻഡ് ആയി വിപണിയിലെത്തിക്കാനുള്ള പരിശ്രമമാണ് ‘ജേൻ ഉറഗ്’ എന്നാണ് പായ്ക്ക് ചെയ്ത തേനിലൂടെ നടത്തുന്നത്. കാട്ടുനായ്ക്ക ഭാഷയിൽ ‘ജേൻ’ എന്നാൽ തേൻ എന്നാണ് അർഥം. ‘ഉറഗ്’ എന്നാൽ അറനാടൻ ഭാഷയിൽ ഉറവ എന്നും. ‘ജേൻ ഉറഗ്’ എന്നാൽ തേൻ ഉറവ. ബ്രാൻഡ് ആയി ഉൽപന്നം വിപണിയിലെത്തിക്കുന്നതിനായി തേൻസംസ്കരണത്തിലുള്ള പരിശീലനങ്ങൾ നൽകിക്കഴിഞ്ഞു.
കാട്ടിലെ സേഫ്റ്റ് ഡ്രിങ്കുകൾ
ഹണി കോള ആദിവാസികൾ ഉണ്ടാക്കിയ പുതിയ സോഫ്റ്റ് ഡ്രിങ്ക് ആണ്. ഇതിലെ ചേരുവകൾ മുഴുവൻ കാട്ടിൽ നിന്ന് ശേഖരിക്കുന്നവയാണ്. ഇത് സംസ്കരിക്കുന്നതിനുള്ള പരിശീലനം പൂർത്തിയായി. ഇഞ്ചി,കുരുമുളക്, മഞ്ഞൾ, നെല്ലിക്ക, ഏലം തുടങ്ങിയവയെല്ലാം കാട്ടിൽ നിന്ന് ശേഖരിക്കുന്നവയാണ്. സർബത്ത് നൽകുന്നതു പോലെ ആവശ്യക്കാർക്ക് അപ്പപ്പോൾ മിക്സ് ചെയ്താണ് ഹണി കോള നൽകുക, ഒരു ഗ്ലാസ് ഹണി കോള മിക്സ് ഉപയോഗിച്ച് 4 ഗ്ലാസ് വെള്ളം ഉണ്ടാക്കും, ഇപ്പോൾ വിവാഹം, കൺവൻഷനുകൾ, സെമിനാറുകൾ പോലുള്ളവയിൽ വെൽകം ഡ്രിങ്ക് ആയി ഹണി കോള ഓർഡർ പ്രകാരം നൽകാനാണ് ലക്ഷ്യമിടുന്നത്, ഇതു കൂടാതെ തൊടുവെയുടെ ഇക്കോ ഷോപ്പുകളിലും ഹണികോള ലഭിക്കും.

വനിക വഴി വിഭവശേഖരണം
ആദിവാസി ഊരുകളിൽ നിന്നു വന വിഭവങ്ങളും കാർഷിക വിളകളും നേരിട്ടു ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയാണ് വനിക. പുറം മാർക്കറ്റിലെ വില അനുസരിച്ച് ആദിവാസികളിൽ നിന്ന് കാർഷിക വിളകൾ നേരിട്ടു സ്വീകരിക്കും.ഓരോ ഊരിലും ഒരു കേന്ദ്രത്തിൽ വിൽപനയ്ക്കുള്ള വന വിഭവങ്ങളും കാർഷിക വിളകളും ആദിവാസികളെത്തിക്കും. പുറം നാട്ടിലെ ചൂഷണത്തിൽ നിന്ന് ആദിവാസികളെ രക്ഷിക്കാൻ പ്രത്യേക ആപ്പും ഉണ്ടാക്കിയിട്ടുണ്ട്.
ഹിൽ വാല്യു
ആദിവാസി ഊരുകളിലെ റാഗിയും ചാമയും തിനയും കമ്പും വരഗും ചക്കയും മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തും. കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി സ്ത്രീകളുടെ സംരംഭമാണ് ഹിൽവാല്യൂ എന്ന പേരിൽ പോഷകാഹാരങ്ങൾ വിപണിയിലെത്തിക്കുന്നത്.
ഡിജി ലോക്കർ
ആദിവാസി കോളനികളിലുൾപ്പെടെ ഡിജി ലോക്കർ സംവിധാനം വ്യാപകമാക്കാനുള്ള പദ്ധതി ഐടി മിഷൻ നടപ്പാക്കുന്നുണ്ട്. എല്ലാ ആദിവാസി കോളനിയിലും നേരിട്ടെത്തി നിവാസികളുടെ രേഖകൾ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഓഫിസുകൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് സംവിധാനം വ്യാപിപ്പിക്കാനുള്ള പദ്ധതി. സർട്ടിഫിക്കറ്റുകളുടെ ക്യുആർ കോഡ് സ്കാൻ ചെയ്തും രേഖകൾ അപ്‌ലോഡ് ചെയ്യാം.
ട്രൈബൽ വാലി
രാജ്യാന്തര ഗുണനിലവാരം ഉറപ്പാക്കി ആദിവാസി മേഖലയിലെ ജൈവ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പദ്ധതിയാണ് ട്രൈബൽ വാലി പദ്ധതി. ആദിവാസികൾ പരമ്പരാഗത കൃഷിരീതികളിലൂടെ ഉൽപാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമായ വിഭവങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് മൂല്യ വർധിത ഉൽപന്നങ്ങളാക്കും. ജൈവകൃഷി സാക്ഷ്യപത്രവും റെയിൻ ഫോറസ്റ്റ് അലയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഊരുകളിലെ കർഷകരെ ഉൾപ്പെടുത്തി കമ്പനി രൂപീകരിക്കും.
‘വിജ്ഞാന വനിക’
കോവിഡ് കാലത്ത് കാട്ടിലെ കുരുന്നുകൾക്ക് അക്ഷര വെട്ടം അണയാതിരിക്കാൻ ആരംഭിച്ച പദ്ധതിയാണ് ‘വിജ്ഞാന വനിക’. ടെലിവിഷനും സ്മാർട്ട് ഫോണും അന്യമായ ആദിവാസി കുടിലുകളിൽ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ വനം വകുപ്പിലെ ഒരു കൂട്ടം ജീവനക്കാരുടെ പരിശ്രമമാണ് വിജ്ഞാന വനികയിലൂടെ ആദിവാസി കുരുന്നുകൾക്ക് വെളിച്ച മേകുന്നത്.
ഹണി കോള: കുത്തകകളോടുള്ള ഏറ്റുമുട്ടൽ
‘ഹണികോള’. ഇത് കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ഏതെങ്കിലും സംരംഭകന്റെ ശ്രമമല്ല. ജീവിതം പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ഒരു കൂട്ടം ആദിവാസികൾ നടത്തുന്ന ചെറുമുന്നേറ്റമാണ്. പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഒരു ആദിവാസി ഉൽപന്നമാണ് ഹണികോള. കാട്ടുതേൻ, കാട്ടിഞ്ചി,കാട്ട് ഏലം തുടങ്ങിയവയാണ് ഇതിലെ ചേരുവകൾ. നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്ത് പ്രവർത്തിക്കുന്ന ആദിവാസി ഉൽപന്ന വിപണനകേന്ദ്രത്തിൽ ഹണി കോള ഉടൻ വിൽപനയ്ക്കെത്തും. തീർന്നില്ല, കാട്ടുതേൻ മെഴുക് ഉപയോഗിച്ച് നിർമിക്കുന്ന ലിപ് ബാം, പെയിൻ ബാം പോലുള്ളവയും വിൽപനയ്ക്കുണ്ടാകും.
നിലമ്പൂർ ഉൾവനത്തിലുള്ള ഏതാനും കോളനികളിലെ ചെറുപ്പക്കാരുടെ മേൽനോട്ടത്തിലാണ് ഈ സംരംഭക മുന്നേറ്റം. ചാലിയാർ,പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്കർ, മുതുവാൻ വിഭാഗത്തിൽ പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപീകരിച്ച ‘തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ’ എന്ന സംരംഭക ഗ്രൂപ്പിന്റെ കീഴിലാണ് ആദിവാസി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. കാട്ടുനായ്ക്ക ഭാഷയിൽ ‘തൊടുവെ’ എന്നാൽ മൺപുറ്റുകളിൽ നിന്ന് എടുക്കുന്ന കാട്ടുതേൻ എന്നാണ് അർഥം.
പരിമിതികളോടുള്ള ഏറ്റുമുട്ടൽ
കോവിഡ് കാലത്തെ അനിശ്ചിതത്വവും പട്ടിണിയുമാണ് ഇങ്ങനെയൊരു സംരംഭക യത്നത്തിന് മുൻകയ്യെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പാലക്കയം കോളനിയിലെ അംഗവും മുതുവാൻ വിഭാഗത്തിൽ പെടുന്ന യുവാവുമായ ശ്യാംജിത് പറയുന്നു. ഓരോ ആദിവാസി മേഖലകളിലുമുള്ള ഊരുകൂട്ടങ്ങളിൽ നിന്നാണ് തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ രൂപപ്പെട്ടത്. ഇടത്തട്ടുകാരെ ഒഴിവാക്കി ഉൽപന്നങ്ങൾ നേരിട്ട് എത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി കരുളായി ആസ്ഥാനമായി ഒരു ഓഫിസ് തുടങ്ങി, ഇവിടെയാണ് തേൻ പ്രോസസിങ് യൂണിറ്റും ബോട്ട്ലിങ് കേന്ദ്രവും പ്രവർത്തിക്കുക. ലിപ്ബാം, പെയ്ൻ ബാം തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ നിർമിക്കും. ഹോർട്ടി കോർപ്, വയനാട്ടിലെ സിവൈഡി എന്ന സന്നദ്ധ സംഘടന സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ്, നിലമ്പൂർ അമൽ കോളജിലെ ടൂറിസം, ഫുഡ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റ് തുടങ്ങിയവയാണ് ഈ പ്രസ്ഥാനത്തെ വിവിധ രീതികളിൽ സഹായിക്കുന്നത്.
കാട്ടിൽ നിന്നുള്ള വനവിഭവ ശേഖരണത്തിന്റെ സീസൺ ആകുന്നതേയുള്ളൂ. അത് കഴിയുന്നതോടെ എല്ലാ ഉൽപന്നങ്ങളുടെയും സ്റ്റോക്ക് ആവശ്യത്തിന് ഉണ്ടാകും. അതിനു ശേഷമേ പൂർണ തോതിലുള്ള ഉൽപാദവും വിപണനവും തുടങ്ങുകയുള്ളൂ. പുലിമുണ്ട കോളനിയിലെ ബാബുരാജ് പ്രസിഡന്റും വാണിയമ്പുഴ കോളനിയിലെ കെ.ബാബു സെക്രട്ടറിയും പാലക്കയം കോളനിയിലെ ശ്യാംജിത് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ആയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും വനവിഭവങ്ങൾ ആദിവാസി ബ്രാൻഡിൽ പുറത്തിറക്കാനും കാലക്രമത്തിൽ തൊടുവെയെ ഒരു ഉൽപാദക കമ്പനിയാക്കിമാറ്റാനുമുള്ള ലക്ഷ്യങ്ങളോടെയാണ് ഇവരുടെ പ്രവർത്തനം.
കാടറിവ്
കരുളായി പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടുതീർത്തെന്ന് അവകാശപ്പെടാവുന്ന ഒരാൾ പോലും ഇതുവരെയുണ്ടായിട്ടില്ല. കാരണം ആകെ വിസ്തൃതിയുടെ 95% കാടും 5% മാത്രം നാടുമുള്ള പഞ്ചായത്താണ് കരുളായി. പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതി 135 ചതുരശ്ര കിലോമീറ്റർ. ഇതിൽ 128 ചതുരശ്ര കിലോമീറ്ററും കാടാണ്. തമിഴ്നാട്ടിലെ മുക്കുറുത്തി കൊടുമുടിയുടെ താഴ്‌വാരം വരെ പരന്നു കിടക്കുന്നു പഞ്ചായത്തിന്റെ അതിർത്തി. 24,000 ആണ് ജനസംഖ്യ. ഇതിൽ ഏകദേശം 900 പേർ വനത്തിനകത്താണു താമസം. ബാക്കി 23,100 പേർ തിങ്ങിത്താമസിക്കുന്നതാകട്ടെ വെറും 7 ചതുരശ്ര കിലോമീറ്ററിനകത്തും. ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളെന്നു നരവംശ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ചോലനായ്ക്കരുടെ ആവാസ കേന്ദ്രവും പ്രദേശത്തുതന്നെ. കരിമ്പുഴ വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനകവാടം കരുളായിയിലെ ചെറുപുഴയിലാണ്.
English Summary: Know the Details About Tribal Startups in Nilambur