ചാലിശ്ശേരി അടയ്ക്കയ്ക്ക് 13ന് ദീപാവലി മുഹൂർത്ത വ്യാപാരം
Mail This Article
ചാലിശ്ശേരി (പാലക്കാട്) ∙ പഴയ അടയ്ക്കാ മാർക്കറ്റിൽ ഉത്തരേന്ത്യൻ മാതൃകയിൽ 13നു ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും. മുഹൂർത്ത വ്യാപാര സമയത്തു മികച്ച വില ലഭിക്കുമെന്നതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ കർഷകർ അടയ്ക്കയുമായി എത്തും എന്നാണു പ്രതീക്ഷ.
ഒരു ദിവസം മാത്രം 350 ടൺ അടയ്ക്കയുടെ കച്ചവടമാണു പ്രതീക്ഷിക്കുന്നതെന്നു വ്യാപാരി ഷിജോയ് തോലത്ത് പറഞ്ഞു. മുഹൂർത്ത വ്യാപാരത്തിന്റെ ഭാഗമായി വലിയ ഒരുക്കങ്ങളാണു വിപണന കേന്ദ്രത്തിൽ നടത്തുന്നത്. അടയ്ക്കയുമായി എത്തുന്നവർക്കും വ്യാപാരികൾക്കും വിരുന്നും ഒരുക്കുന്നുണ്ട്. ചാലിശ്ശേരിയിൽ ശരാശരി 60 ടൺ കൊട്ടടയ്ക്ക ദിവസവും എത്തുന്നുണ്ട്. ഗുണനിലവാരമുള്ള പഴയ അടയ്ക്കയ്ക്ക് തുലാത്തിന് (20 കിലോ) 9,000 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച വില. സീസൺ തുടങ്ങിയതിനാൽ വലിയ തോതിൽ അടയ്ക്ക എത്തുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള വിപണനകേന്ദ്രം 5 മാസം മുൻപാണ് ഇവിടെ തുടങ്ങിയത്.