ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച നടപടിയിൽ എതിർപ്പ്
Mail This Article
ബെംഗളൂരു/കൊച്ചി∙ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ നിന്ന് ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച വ്യവസായ മന്ത്രി പി.രാജീവിന്റെ നടപടിയെ കർണാടക രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ നടപടി ഫെഡറൽ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ആരോഗ്യകരമായ മത്സര മനോഭാവമല്ലെന്നും കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. ഒട്ടേറെ മലയാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന കാര്യം മന്ത്രി മറക്കരുത്. കേരളത്തിനു നിക്ഷേപം സമാഹരിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്നും മന്ത്രി പാട്ടീൽ ഓർമിപ്പിച്ചു.
ബെംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്കു ക്ഷണിച്ചു കത്ത് എഴുതിയതായി മന്ത്രി രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 44 നദികളുണ്ടെന്നും ശുദ്ധജലം പ്രശ്നമേ അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
അന്വേഷണം പതിന്മടങ്ങായി
വിവാദത്തിനിടെ കേരളത്തിലെ ഐടി കെട്ടിട സ്ഥലം ലഭ്യമാണോ എന്നു ചോദിച്ച് പുറത്തുനിന്നുള്ള അന്വേഷണങ്ങൾ പതിന്മടങ്ങായി. അന്വേഷണത്തിൽ 300% വർധനയുണ്ടെന്ന് സ്വകാര്യ ഐടി പാർക്ക് ഉടമകൾ പറയുന്നു.
എന്നാൽ കൊച്ചി ഇൻഫോപാർക്കിൽ സ്ഥലവുമില്ല ഐടി വകുപ്പിന്റെ കെട്ടിടവുമില്ല എന്ന സ്ഥിതിയാണ്. സ്വകാര്യ കെട്ടിടമായ ലുലു സൈബർ ടവർ രണ്ടിൽ ഇനി 60000 ചതുരശ്രയടി ബാക്കിയുണ്ട്. അതേസമയം, കൊച്ചി ഇൻഫോപാർക്കിൽ ജലദൗർലഭ്യം നേരിടാൻ ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണെന്നതാണ് യാഥാർഥ്യം.