എയർ കാർഗോ: മുന്നിൽ സിയാൽ
Mail This Article
കൊച്ചി ∙ കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതിയിൽ ഉയരത്തിൽ പറക്കുന്നതു കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) തന്നെ. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി – മാർച്ച്) സിയാൽ വഴി പറന്നത് 6855 ടൺ ചരക്ക്. എയർ കാർഗോ കാലിക്കറ്റ് രണ്ടാമത് (4345 ടൺ). തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ (4008 ടൺ) മൂന്നാമത്. കണ്ണൂർ വിമാനത്താവളം കൈകാര്യം ചെയ്തത് 746 ടൺ.
∙ മൂന്നിടത്തു വർധന, കണ്ണൂരിന് ഇടിവ്
കേരളത്തിലെ 4 രാജ്യാന്തര ടെർമിനലുകളും ചേർന്നു 3 മാസം കൊണ്ടു കയറ്റി അയച്ചത് 15,954 ടൺ ചരക്കാണ്. 2022– 23 സാമ്പത്തിക വർഷത്തെ അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ സിയാൽ (18%), തിരുവനന്തപുരം (9.8%), കോഴിക്കോട് (19%) ടെർമിനലുകൾ വർധന നേടിയപ്പോൾ കണ്ണൂരിനു തളർച്ച; 23.55% ഇടിവ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം വിവിധ ഏജൻസികളിൽ നിന്നു സമാഹരിച്ച ഏകദേശ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.
∙ മുന്നിൽ പച്ചക്കറി –പഴവർഗങ്ങൾ
കേരളത്തിത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചതു പച്ചക്കറികളും പഴവർഗങ്ങളും തന്നെ; 11.949. 26 ടൺ. ഇക്കാര്യത്തിലും മുന്നിൽ സിയാൽ (6855 ടൺ). തിരുവനന്തപുരം വഴി നാമമാത്ര കയറ്റുമതി മാത്രം. അതേസമയം, കണ്ണൂർ, കാലിക്കറ്റ് ടെർമിനലുകൾ വഴി കടൽ കടന്നതു പച്ചക്കറികളും പഴങ്ങളും മാത്രം. മറ്റിനങ്ങളൊന്നുമില്ല. സിയാൽ വഴി മാത്രമാണു മുട്ടയുടെ കയറ്റുമതി; 68.49 ടൺ. തണുപ്പിച്ച ഫ്രഷ് മത്സ്യം (ചിൽഡ് ഫിഷ്) അയച്ചതും സിയാൽ മാത്രം; 58.59 ടൺ. എന്നാൽ, ശീതീകരിച്ച മത്സ്യോൽപന്നങ്ങൾ അയച്ചതിൽ മുന്നിൽ തിരുവനന്തപുരമാണ്; 662 ടൺ.