കെട്ടിട നിർമാണത്തിൽ ഐടിസി യോഗ്യത എപ്പോൾ?
Mail This Article
ജിഎസ്ടി നിയമത്തിൽ റജിസ്ട്രേഷനുള്ള ഞങ്ങൾക്ക് ബിൽഡിങ് വാടക സ്വീകരിക്കാൻ മാത്രം ഇൻവോയ്‌സുകൾ കൊടുക്കുന്നു. ഈ കെട്ടിടത്തിന്റെ റിപ്പയർ ചെയ്യുന്നതിനും പുതിയ നിർമാണത്തിനും ആവശ്യമായ ചെലവുകളുടെ ജി എസ്ടി ഇൻപുട്ട് ആയി എടുക്കാൻ സാധിക്കുമോ?
(ഉസൈർ ജഹാഫർ, കോഴിക്കോട്)
∙ താങ്കൾ വാടകയ്ക്കു കൊടുത്തിരിക്കുന്ന കെട്ടിടത്തിന് 18% ജിഎസ്ടി ആണു ബാധകമാകുന്നത്. ഇതുമായി ബന്ധപ്പെട്ടു നിർമാണ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു സ്ഥാവര സ്വത്തായി (immovable property) കെട്ടിടം മാറുന്നു. ജിഎസ്ടിക്കു കീഴിലുള്ള നിർമാണ,സേവന നിയമ പ്രകാരം (works contact services) താങ്കൾ കെട്ടിടം പണിയുമ്പോൾ സപ്ലെയർക്കോ കോൺട്രാക്ടർക്കോ കൊടുക്കുന്ന ജിഎസ്ടിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) എടുക്കാൻസാധിക്കില്ല. സെക്‌ഷൻ 17(5)(c )(d ) പ്രകാരം ബ്ലോക്ക്ഡ് ക്രെഡിറ്റ് അഥവാ ഇൻ എലിജിബിൾ ഐടിസി ആയതിനാലാണ് ക്രെഡിറ്റ് ലഭിക്കാത്തത്. എങ്കിലും നിർമാണം എന്ന നിർവചനത്തിൽ റീ കൺസ്ട്രക്‌ഷൻ, റിനവേഷൻ, റിപ്പയർ തുടങ്ങിയവ ഉൾപ്പെടും. അതിനുള്ള നിബന്ധന കെട്ടിടത്തിന്റെ ചെലവുകളുടെ കൂടെത്തന്നെ ഇവ ക്യാപ്പിറ്റലൈസ് ചെയ്തിരിക്കണമെന്നതാണ്. താങ്കളുടെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട റിപ്പയർ /റീ കൺസ്ട്രക്‌ഷൻ ചെലവുകൾ ക്യാപ്പിറ്റലൈസ് ചെയ്ത് ഇൻകം ടാക്സ് നിയമ പ്രകാരം ഡിപ്രീസിയേഷൻ എടുക്കുന്ന സന്ദർഭത്തിൽ ഐടിസി എടുക്കാൻ സാധിക്കില്ല.
എന്നാൽ മേൽപറഞ്ഞ ചെലവുകൾ റവന്യു എക്സ്പെൻഡിച്ചർ ആയാണു കാണിക്കുന്നതെങ്കിൽ ഐടിസിക്കു യോഗ്യതയുണ്ട്.