ADVERTISEMENT

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നേരിയ ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,660 രൂപയായി. 80 രൂപ വർധിച്ച് 53,280 രൂപയാണ് പവൻ വില. ഇന്നലെ സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,510 രൂപയായി. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്നതാണ് പ്രധാനമായും 18 കാരറ്റ് സ്വർണം. സ്വർണ വിലയ്ക്ക് കടകവിരുധമായി വെള്ളി വില തുടർച്ചയായി കൂടുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയർന്ന് വില 92 രൂപയിലെത്തി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നവരെയും വില വർധന വലയ്ക്കും.

രാജ്യാന്തര വില ഉയരത്തിൽ തന്നെ
 

സ്വർണത്തിന്റെ രാജ്യാന്തര വില റെക്കോർഡ് ഉയരത്തിനടുത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞവാരം ഔൺസിന് 2,509 ഡോളർ എന്ന എക്കാലത്തെയും ഉയരം തൊട്ട രാജ്യാന്തര വില ഇപ്പോഴുള്ളത് 2,502 ഡോളറിൽ. ഒരുവേള 2,506 വരെ ഉയർന്ന ശേഷമാണ് വില അൽപം കുറഞ്ഞത്.

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 102 എന്ന നിലവാരത്തിന് താഴെ തുടരുന്നതാണ് സ്വർണ വിലയെ ഉയരത്തിൽ നിലനിർത്തുന്നത്. മുൻമാസങ്ങളിൽ 105 വരെയായിരുന്ന ഡോളർ ഇൻഡെക്സാണ്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറച്ചേക്കുമെന്ന ഭീതിമൂലം ദുബർബലമായത്.

Image : iStock/meta2011
Image : iStock/meta2011

ഏതാനും ആഴ്ചകൾക്ക് മുമ്പ് 4.5 ശതമാനമായിരുന്ന യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്ര ആദായനിരക്ക്) ഇപ്പോഴുള്ളത് 3.886 ശതമാനത്തിൽ. ഇതും സ്വർണത്തെ ആകർഷകമാക്കുന്നു. നിക്ഷേപകർ ഡോളറിനെയും ബോണ്ടിനെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്.

എന്തു പറയും ജെറോം പവൽ?
 

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലവൻ ജെറോം പവൽ വെള്ളിയാഴ്ചത്തെ ജാക്സൺ ഹോൾ വാർഷിക സിമ്പോസിയത്തിൽ എന്തുപറയുമെന്നാണ് സ്വർണ നിക്ഷേപകരും ഓഹരികളിൽ നിക്ഷേപിച്ചവരും സാമ്പത്തിക, വ്യവസായ ലോകവും ഉറ്റുനോക്കുന്നത്. യുഎസിന്റെ സാമ്പത്തികദിശയെ കുറിച്ച് സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന വേദിയാണിത്.

ജെറോം പവൽ‌. Photo Credit: Susan Walsh/Pool via REUTERS/File Photo
ജെറോം പവൽ‌. Photo Credit: Susan Walsh/Pool via REUTERS/File Photo

പണപ്പെരുപ്പം കുറഞ്ഞതിനാൽ സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന ഫെഡറൽ റിസർവ് നേരത്തേ നൽകിയിരുന്നു. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്താകും ഇതേക്കുറിച്ച് പവൽ പറയുക?

പലിശ കുറയാൻ 50-80% സാധ്യതയുണ്ടെന്ന് ചില സർവേകൾ കഴിഞ്ഞയാഴ്ച പ്രവചിച്ചിരുന്നു. ഇപ്പോൾ സാധ്യതാനിരക്ക് 25 ശതമാനത്തിന് താഴെയായിട്ടുണ്ട്. പലിശനിരക്ക് കുറയുന്നത് സ്വർണ വിലയെ മേലോട്ടുയർത്തും. ഡോളറും ബോണ്ടും കൂടുതൽ ദുർബലമാകും.

ഒരു പവൻ ആഭരണത്തിന് ഇന്നത്തെ വില
 

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,765 രൂപ കൊടുത്താൽ ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു. ഇന്നത് 57,677 രൂപയായി കുറഞ്ഞിട്ടുണ്ട്. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.

English Summary:

Gold prices dip slightly in the state while silver surges. International gold remains near record highs. All eyes on Jerome Powell's speech at Jackson Hole for clues on interest rate cuts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com