എൻഒവി കൊച്ചിയിലേയ്ക്ക്, ആദ്യ ഘട്ട നിക്ഷേപം ഒരു കോടി ഡോളർ
Mail This Article
കൊച്ചി ∙ ആഗോള ഊർജ മേഖലയിൽ നൂറ്റൻപതിലേറെ വർഷത്തെ ചരിത്രമുള്ള യുഎസ് ബഹുരാഷ്ട്ര കമ്പനിയായ ‘എൻഒവി’യുടെ ആദ്യ ഇന്ത്യൻ ഡിജിറ്റൽ ടെക്നോളജി ഡവലപ്മെന്റ് സെന്റർ ഇൻഫോപാർക്കിൽ. സോഫ്റ്റ്‌വെയർ എൻജിനീയറിങ് സെന്റർ, കോർപറേറ്റ് ഡിജിറ്റൽ സർവീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിവയും ഇതിന്റെ ഭാഗമാകും. ആദ്യ ഘട്ട നിക്ഷേപം 1 കോടി ഡോളർ. തുടക്കത്തിൽ 70 ജീവനക്കാരുമായാണു സെന്റർ തുടങ്ങുന്നതെങ്കിലും അടുത്ത വർഷം എണ്ണം ഇരട്ടിയിലേറെയായി ഉയർത്തും. ഔദ്യോഗിക ഉദ്ഘാടനം 18 ന്.
ക്രൂഡ് ഓയിൽ ഖനനത്തിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും സേവനങ്ങളും ഡിജിറ്റൽ സൊലൂഷനുകളും ലഭ്യമാക്കുന്നതിൽ ആഗോള വമ്പൻമാരായ എൻഒവി, ഓഫ് ഷോർ – ഓൺ ഷോർ ഓയിൽ ഫീൽഡുകളിൽ ആവശ്യമായ ഡ്രില്ലിങ് മെഷീൻ, ആർട്ടിഫിഷ്യൽ ലിഫ്റ്റ് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളും സേവനങ്ങളുമാണു ലഭ്യമാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം മുന്നിൽക്കണ്ട് വിൻഡ് ഫാം പോലുള്ള പാരമ്പര്യേതര ഊർജ മേഖലകളിലും എൻഒവി ചുവടുറപ്പിച്ചു. പുണെയിലും ചെന്നൈയിലും ഫാക്ടറികളുമുണ്ട്. ഇന്ത്യയിൽ ഒഎൻജിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നു. ആഗോള സാന്നിധ്യമുള്ള കമ്പനി ഡിജിറ്റൽ ഡവലപ്മെന്റ് സെന്റർ തുറക്കാൻ കൊച്ചി തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം സാങ്കേതിക പ്രതിഭകളുടെ ലഭ്യതയാണെന്ന് ഐടി വിഭാഗം വൈസ് പ്രസിഡന്റ് സ്റ്റാലെ ജോർദൻ പറയുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹാൻസ് റോണി കെംപെജെനും സൗത്ത് ഏഷ്യ ആൻഡ് ചൈന റീജനൽ ഡയറക്ടർ ആനന്ദ് നാരായണസ്വാമിയും ഇതു ശരിവയ്ക്കുന്നു.
മുംബൈയും ബെംഗളൂരുവുമൊക്കെ നോക്കിയിരുന്നു. മികച്ചതായി തോന്നിയതു കൊച്ചിയാണ്. ഇവിടെ എയർ – റോഡ് – റെയിൽ കണക്ടിവിറ്റി മികച്ചതാണ്. വടക്കേ ഇന്ത്യയിൽ നിന്നും മറ്റുമുള്ള പ്രഫഷനലുകൾ, കൊച്ചി ജീവിക്കാൻ മികച്ച സ്ഥലമാണെന്നാണു കരുതുന്നത്. വീക്കെൻഡിൽ കുമരകത്തേക്കോ മൂന്നാറിലേക്കോ ഒരു റൈഡ്, അല്ലെങ്കിൽ സ്വസ്ഥമായി ഏതെങ്കിലും റിസോർട്ടിൽ. അതൊക്കെ കൊച്ചിയുടെ ആകർഷണങ്ങളാണ്.
ഇൻഫോപാർക്കിന്റെ സൗഹൃദാന്തരീക്ഷവും കൊച്ചി തിരഞ്ഞെടുക്കാൻ കാരണമായെന്ന് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ജയിംസ് ലാസർ പറഞ്ഞു. ആഗോളതലത്തിൽ 34,000 ജീവനക്കാരുള്ള എൻഒവി കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ സെന്ററുകൾ ആരംഭിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.