തക്കാളി 'തൽകാലം' നോവിക്കില്ല; വില കുറഞ്ഞുവെന്ന് കേന്ദ്രം, കേരളത്തിൽ നേരിയ വിലക്കുറവ്
Mail This Article
സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ ശ്രുതിതെറ്റിച്ചും ഇന്ത്യയുടെ പണപ്പെരുപ്പത്തെ തന്നെ കുതിച്ചുയർത്തുംവിധവും കഴിഞ്ഞമാസം കുത്തനെ കൂടിയ തക്കാളി വില ഇപ്പോൾ കുറഞ്ഞുതുടങ്ങിയെന്ന് കേന്ദ്രസർക്കാർ. ഉൽപാദനം മെച്ചപ്പെട്ടതും വിപണിയിലേക്കുള്ള വരവ് ഉയർന്നതുമാണ് കാരണം. ശരാശരി ദേശീയവില ഒരുമാസം മുമ്പ് കിലോയ്ക്ക് 67 രൂപയായിരുന്നത് ഇപ്പോൾ 52 രൂപയായെന്ന് കേന്ദ്രം വ്യക്തമാക്കി.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഒഡിഷ, ബംഗാൾ, തെലങ്കാന, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങി 18 സംസ്ഥാനങ്ങളാണ് ഇന്ത്യയിൽ തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ളത്. ഇവിടങ്ങളിൽ നിന്നെല്ലാം തക്കാളി വരവ് വർധിച്ചുവെന്ന് കേന്ദ്രം പറയുന്നു. വിളവ് മെച്ചപ്പെട്ടതിനെ തുടർന്ന്, മുഖ്യവിപണികളായ മഹാരാഷ്ട്രയിലെ പിംപൽഗാവ്, ആന്ധ്രയിലെ മദനപ്പല്ലെ, കർണാടകയിലെ കോലാർ എന്നിവിടങ്ങളിൽ വില കുറഞ്ഞത് രാജ്യത്തെ മറ്റ് വിപണികളിലും തക്കാളിക്ക് വില കുറയാൻ ഇടവരുത്തി.
കേരളത്തിലെ വില
കേരളത്തിലും തക്കാളിക്ക് വിലകുറഞ്ഞു. കൊച്ചിയിൽ ഒരാഴ്ച മുമ്പ് കിലോയ്ക്ക് 40 രൂപയായിരുന്ന ചില്ലറവില ഇപ്പോൾ 36 രൂപയാണെന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളത്തിന്റെ വിലനിലവാരപ്പട്ടിക വ്യക്തമാക്കുന്നു. കോട്ടയത്ത് വില 50 രൂപയിൽ നിന്ന് 45 രൂപയായി. തിരുവനന്തപുരത്ത് 35 രൂപ നിരക്കിൽ തുടരുന്നു. മലബാർ മേഖലകളിൽ 35 രൂപയിൽ നിന്ന് 25-28 രൂപയായും കുറഞ്ഞു.