മത്സ്യത്തൊഴിലാളി ആനുകൂല്യം;കേന്ദ്ര ഫിഷറീസ് പോർട്ടൽ റജിസ്ട്രേഷനിൽ കേരളം ഒന്നാമത്
Mail This Article
തിരുവനന്തപുരം∙മത്സ്യത്തൊഴിലാളികൾക്കുള്ള കേന്ദ്ര ആനുകൂല്യങ്ങൾ ഫിഷറീസ് പോർട്ടൽ വഴി മാത്രമാക്കുന്ന പദ്ധതിയുടെ റജിസ്ട്രേഷനിൽ കേരളം ഒന്നാമത്. ‘നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ (എൻഎഫ്ഡിപി) കേരളത്തിൽ ഇതുവരെ 1.56 ലക്ഷം പേർ റജിസ്ട്രേഷൻ പൂർത്തിയാക്കി. അസം, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.
സംസ്ഥാനത്ത് ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം, കാസർകോട് ജില്ലകളാണ് ആദ്യ 5 സ്ഥാനത്ത്. ആലപ്പുഴയിൽ 52,575 പേർ റജിസ്റ്റർ ചെയ്തു. ഇതുവരെ ദേശീയതലത്തിൽ 8.6 ലക്ഷം പേർ റജിസ്റ്റർ ചെയ്തു. 2025 ജൂണിൽ റജിസ്ട്രേഷൻ അവസാനിക്കും. ‘നാഷനൽ ഫിഷറീസ് ഡിജിറ്റൽ റജിസ്ട്രി’ ക്കു രൂപം നൽകുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, മത്സ്യ സംസ്കരണവും വിപണനവും നടത്തുന്ന സ്വയംസഹായ, സഹകരണ, ഉൽപാദക സംഘങ്ങൾ, പ്രൊപ്രൈറ്റർഷിപ് സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്കെല്ലാം റജിസ്റ്റർ ചെയ്യാം. തൊഴിലാളികൾക്ക് സ്വന്തമായോ കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) വഴിയോ നടത്താവുന്ന റജിസ്ട്രേഷൻ പൂർത്തിയായാൽ സർട്ടിഫിക്കറ്റും ആനുകൂല്യവും ലഭിക്കും. ഫിഷറീസ് വകുപ്പിലെ നോഡൽ ഓഫിസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ നോഡൽ ഓഫിസർമാർ റജിസ്ട്രേഷനു അനുമതി നൽകിയാലുടൻ അക്കൗണ്ടിൽ തുകയെത്തും. സ്വന്തമായി റജിസ്റ്റർ ചെയ്യുന്നവർക്ക് 100 രൂപയും സിഎസ്‌സി വഴി ചെയ്യുന്നവർക്ക് 80 രൂപയുമാണ് റജിസ്ട്രേഷനുള്ള ആനുകൂല്യം.
എൻഎഫ്ഡിപി ലക്ഷ്യങ്ങൾ
∙ സഹായധനം, സബ്സിഡി എന്നിവ നേരിട്ട് മത്സ്യത്തൊഴിലാളികളിൽ എത്തിക്കൽ.
∙ മത്സ്യസംസ്കരണം, ഉൽപന്നങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തൽ
∙ സർട്ടിഫിക്കേഷൻ വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ