7 ആഴ്ചകൾക്കു ശേഷം വമ്പൻ തിരിച്ചുവരവ്
Mail This Article
മുംബൈ∙ വൻ തിരുത്തലുകളുടെ 7 ആഴ്ചയ്ക്കു ശേഷം ഓഹരി വിപണി സൂചികകളുടെ തേരോട്ടം. ബിജെപി അനുകൂല എക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്നലത്തെ കുതിപ്പിന് ഇന്ധനമേകിയത്. വ്യാപാരത്തിനിടെ 2000 പോയിന്റ് കടന്നു മുന്നേറിയ സെൻസെക്സ് 1961 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെ നേട്ടം 557 പോയിന്റ്. നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ വർധന 7.32 ലക്ഷം കോടി രൂപ. ഇന്നലത്തെ നേട്ടത്തോടെ സെൻസെക്സിന് 79,000 പോയിന്റിനു മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ കഴിഞ്ഞു. 5 മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന മുന്നേറ്റത്തിനാണ് വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇതിനു മുൻപ് സൂചികകൾ ഒരു വ്യാപാരദിനത്തിൽ 2 ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കിയത് കഴിഞ്ഞ ജൂൺ 7നായിരുന്നു.
അദാനി ഓഹരികളിൽ നേട്ടം
അദാനി ഗ്രൂപ്പിന്റെ ഭൂരിപക്ഷം ഓഹരികളും ഇന്നലെ നേട്ടത്തിലായിരുന്നു. അംബുജ സിമന്റ്സ് ഓഹരി 3.5% നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ് ഓഹരി 2.16 ശതമാനവും അദാനി പോർട്സ് ഓഹരി 2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 1.18 ശതമാനവും നേട്ടമുണ്ടാക്കി. എൻഡിടിവി ഓഹരിയും നേട്ടത്തിലായിരുന്നു. അതേസമയം അദാനി പവർ ഓഹരിയിൽ 3.3% ഇടിവു നേരിട്ടു. പുതിയ വിവാദത്തിൽ എക്സ്ചേഞ്ചുകൾ അദാനി ഗ്രൂപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.