ADVERTISEMENT

പണമിടപാടു സ്ഥാപനങ്ങളുടെ പേരിൽ ശതകോടികളുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി മുങ്ങുന്നത് കേരളത്തിൽ തുടർക്കഥയാകുന്നു. ആട്, തേക്ക്, മാഞ്ചിയം മുതൽ ടോട്ടൽ ഫോർ യു, പോപ്പുലർ ഫിനാൻസ്, സേഫ് ആന്റ് സ്ടോങ്ങു വരെ എത്രയെത്ര കഥകൾ! അറിയപ്പെടാത്ത കഥകൾ ഇതിലുമേറെ. ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപ്പെട്ട നിരവധി പേർ മറ്റൊരു വശത്ത്. ലോൺ ആപ്പുകളുടെ ചതിയിൽപ്പെട്ട്  ജീവൻ നഷ്ടപ്പെട്ടവരുടെ കഥയും ഏതാനും ദിവസം മുമ്പ് നമ്മുടെ പ്രബുദ്ധ കേരളത്തിൽ വാർത്തയായി. ഇത്തരം സാമ്പത്തിക തട്ടിപ്പുകൾ കൂടിക്കൂടി വരുമ്പോഴും ഇവയൊന്നും മലയാളിക്ക് പാഠമാകാത്തത് എന്തുകൊണ്ടാണ് ?

സാമ്പത്തിക സാക്ഷരതയുടെ കുറവോ?

വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നവരാണ് പൊതുവെ മലയാളികൾ. പക്ഷേ വിദ്യാഭ്യാസം മാത്രം ഉണ്ടായതു കൊണ്ടായില്ല. സാമ്പത്തിക സാക്ഷരതയും കൂടിവേണം. സാമ്പത്തിക രംഗത്തെ നെല്ലും പതിരും വേർതിരിച്ചറിയാനുള്ള വിവേകം സാമ്പത്തിക സാക്ഷരതയിലൂടെ മാത്രമേ കൈവരിക്കാനാകൂ. അമിത വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് പ്രാവർത്തികമാണോ എന്ന് വിവേചിച്ചറിയണം. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പറഞ്ഞതുകൊണ്ടു മാത്രം നിക്ഷേപ തീരുമാനം എടുക്കാമോ? യുക്തിസഹമല്ലാത്ത വാഗ്ദാനങ്ങളിൽ വിശ്വസിച്ച് നാം കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പണം അവരുടെ കൈകളിൽ എത്തിക്കുന്നത് ശരിയാണോ?

cyber-online-fraud

ആർത്തി നന്നല്ല

പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് നമ്മെ ഇത്തരം സങ്കേതങ്ങളിൽ എത്തിക്കുന്നത്. പണത്തോടുള്ള അത്യാർത്തി ഒരിക്കലും നല്ലതല്ല. നമ്മുടെ നാട്ടിൽ ആർ ബി ഐ നിയന്ത്രണത്തിലുള്ള പൊതുമേഖലാ  ബാങ്കുകളും സ്വകാര്യ മേഖലാ ബാങ്കുകളും ഉണ്ട്. ഇവയ്ക്കു പുറമെ തപാലാപ്പീസുകളും സംസ്ഥാന ട്രഷറികളുമുണ്ട്. ഇവയ്ക്കെല്ലാം ശക്തമായ നിയന്ത്രണ സംവിധാനങ്ങളുണ്ട്. സെബിയുടെ നിയന്ത്രണത്തിലുള്ള നല്ല മ്യൂച്വൽ ഫണ്ട് കമ്പനികളും വളർച്ചാ സാധ്യതയുള്ള പദ്ധതികളും ഉണ്ട്. എന്നിട്ടും പണത്തോടുള്ള ആർത്തി മൂത്ത് ഇത്തരം കറക്കുകമ്പനികളിൽ പണം നിക്ഷേപിക്കാനൊരുങ്ങുന്നു. മുതലിന്റെ സുരക്ഷിതത്വത്തേക്കാൾ ഏറെ പലിശ നേട്ടത്തിന് പ്രാധാന്യം നൽകുന്നു. അമിത പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ കരുതലോടെ വേണം സമീപിക്കാൻ. ആർബിഐ യുടെ റീപ്പോ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ പലിശ നിരക്ക് നിർണയിക്കുന്നത്. ബാങ്ക് പലിശയെക്കാൾ വളരെ കൂടുതൽ നേട്ടം വാഗ്ദാനം ചെയ്യുമ്പോൾ അതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർക്കണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് ആർബിഐ റീപ്പോ നിരക്ക് തീരുമാനിക്കുന്നത്.

ചതിക്കുഴികളിൽ വീഴാതിരിക്കാൻ

പൊതുമേഖലാ ബാങ്കുകൾ, മറ്റു സ്വകാര്യ മേഖലാ ബാങ്കുകൾ, പോസ്റ്റോഫീസ്, സംസ്ഥാന ട്രഷറി, സഹകരണ ബാങ്കുകൾ എന്നിവയുടെ പലിശ നിരക്കിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. യുക്തിസഹമല്ലാത്ത നേട്ടങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അത് പ്രായോഗികമല്ലെന്ന് തിരിച്ചറിയണം. നിക്ഷേപിക്കുന്ന സ്ഥാപനത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. നിക്ഷേപ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തണം. റിസർവ്ബാങ്ക് നിയന്ത്രണം, നിക്ഷേപ ഗ്യാരണ്ടി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയണം. ലഭിക്കുന്ന നേട്ടത്തേക്കാൾ ഏറെ മുതലിന്റെ സുരക്ഷിതത്വത്തിന് ഊന്നൽ നൽകണം.

സാമ്പത്തിക സാക്ഷരതയ്ക്ക് 'സമ്പാദ്യം'

ധനസമ്പാദനത്തെക്കുറിച്ചും വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ചും അവ നൽകുന്ന നേട്ടങ്ങളെക്കുറിച്ചുമുള്ള സാമാന്യ അവബോധം നമുക്ക് ഉണ്ടായിരിക്കണം. ബാങ്ക് നിക്ഷേപം, സ്വർണം, ഓഹരി തുടങ്ങിയ വിവിധ അസറ്റ്ക്ലാസ് നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനവും ആവശ്യമാണ്. മലയാള മനോരമയുടെ 'സമ്പാദ്യം' പോലുള്ള മാസികകകളും പത്രങ്ങളിലെ സാമ്പത്തികം പേജും സ്ഥിരമായി വായിക്കുന്നതു വഴി  സാമ്പത്തിക സാക്ഷരത ഒരു പരിധിവരെ നേടിയെടുക്കാം.

 English Summary : Why Financial Frauds are Common in Kerala ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com