ചിങ്ങമാസം വന്നു ചേർന്നാൽ.. നവദമ്പതികള്ക്കിതാ ഒരു നിക്ഷേപ പാഠം
Mail This Article
ചിങ്ങമാസമെന്നാൽ ഓണം മാത്രമല്ല, വിവാഹങ്ങളുടെയും കാലമാണ്. മഴ മാറി തെളിമയാർന്ന ഈ നാളുകളിൽ രണ്ടു വ്യക്തികൾ മാത്രമല്ല, രണ്ട് കുടുംബങ്ങൾ കൂടി ഒത്തുചേരുന്നു. എന്നാൽ ആഘോഷങ്ങള്‍ കൊണ്ട് എല്ലാം കഴിഞ്ഞോ ? ഇല്ല. ആഹ്ളാദപ്രദമായ പുതിയൊരു ജീവിതം തുടങ്ങുകയാണവിടെ.
രണ്ടു പേര്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങുമ്പോള്‍ തന്നെ പല സാമ്പത്തിക പ്ലാനുകളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. തുടക്കത്തില്‍ തന്നെ നിക്ഷേപം തുടങ്ങിയാല്‍ ഭാവി ഭദ്രമാക്കാനും സാധിക്കും. എന്നാല്‍, കൃത്യമായും ശ്രദ്ധയോടെയും നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കില്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. ജീവിതം മനോഹരമായി മുന്നോട്ട് പോകാന്‍ ഈ മേഖലയില്‍ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാണ്
റിയല്‍ എസ്റ്റേറ്റ്
വീട് എന്നത് ഒരു സ്വപ്‌നമാണ്. സ്വന്തമായി വീട് ഇല്ലെങ്കില്‍ ഭാവിയിലേക്ക് ഒരു നിക്ഷേപ മാര്‍ഗമായിക്കൂടി കണക്കാക്കി ഒരു വീട് വാങ്ങാവുന്നതാണ്. മനസിന് ഇണങ്ങിയ സ്ഥലത്ത് മികച്ച രീതിയില്‍ ഒരു വീട് ഒരുക്കാന്‍ നവദമ്പതികള്‍ തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്യേണ്ടതാണ്. വീടിനായുള്ള പണം കൈയ്യിലില്ലെങ്കില്‍ എല്ലാ ധനകാര്യ സേവന ദാതാക്കളും വായ്പ സൗകര്യം നല്‍കുന്നുണ്ട്. അനുയോജ്യമായത് തിരഞ്ഞെടുക്കാം.
സ്വര്‍ണം
വിവാഹിതരായവര്‍ക്ക് നടത്താവുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്നാണ് സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം. നിലവില്‍ വിപണിയിലെ പ്രവണതകളനുസരിച്ച് അനുസരിച്ച് സ്വര്‍ണ വില ഉയരുക തന്നെ ചെയ്യും. പവന് 50,000 രൂപ വരെ കടക്കുമെന്നാണ് വിപണി വിലയിരുത്തല്‍. അതിനാല്‍ വിവാഹത്തിനു ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തന്നെ നിക്ഷേപമായി സ്വീകരിക്കാനാകും. കൂടാതെ സ്വര്‍ണ ബോണ്ടുകളിലും, സ്വർണ ഇടിഎഫുകളിലും നിക്ഷേപം നടത്താവുന്നതാണ്.
എന്‍പിഎസ്
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം റിട്ടയര്‍മെന്റ് സേവിങ്സ് സ്‌കീമാണ്. ഇതൊരു നല്ല നിക്ഷേപ മാര്‍ഗമാണ്. പ്രത്യേകിച്ച് രണ്ടുപേരും ജോലിക്കാരാണെങ്കില്‍ കൂടുതല്‍ മികച്ച സ്‌കീം ആണ്. തുടക്കം മുതല്‍ ചെറിയൊരു തുക കൃത്യമായി നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ പെന്‍ഷന്‍ കാലത്ത് ഒരു വരുമാന മാര്‍ഗമാകും.
ഇന്‍ഷുറന്‍സ് പോളിസി
ജീവിതത്തില്‍ എന്തു വലിയ ദുരന്തവും വന്നേക്കാം. അതിനാല്‍ നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി ആദ്യം തന്നെ എടുത്തിരിക്കണം. ഒരു ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഇവ രണ്ടും കഴിവതും നേരത്തെ എടുത്തു വയ്ക്കുക. കുറഞ്ഞ പ്രീമിയം നൽകിയാൽ മതി എന്നതു മാത്രമല്ല നിങ്ങളുടെ ആരോഗ്യപരമായ വലിയ സാമ്പത്തിക റിസ്‌കുകളൊക്കെ ഒഴിവായിക്കിട്ടും.
സ്ഥിര നിക്ഷേപം
വിവാഹ വേളയിൽ ലഭിച്ചതെല്ലാം കൂടി വലിയൊരു തുക കൈയ്യിലുണ്ടെങ്കില്‍ കൂടുതല്‍ പലിശ ലഭിക്കുന്ന ബാങ്കില്‍ നിക്ഷേപിക്കാവുന്നതാണ്. ഇത്തരം നിക്ഷേപം വഴി മാസം നല്ലൊരു പലിശ ലഭിക്കും. സുരക്ഷയും ഉറപ്പാക്കാം.
ചിട്ടി
പെട്ടെന്ന് വലിയ തുക ആവശ്യം വരുന്ന സാഹചര്യമുണ്ടെങ്കില്‍ ചിട്ടിയില്‍ നിക്ഷേപിക്കാവുന്നതാണ്. വിളിച്ചെടുക്കാൻ അവസരമുള്ളത് കൊണ്ട് ഒരു പരിധി വരെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷ നേടാം.
ഏതു നിക്ഷേപമായാലും നടത്തുന്നതിന് മുന്‍പ് മാസം എത്ര വരുമാനം ഉണ്ട്, ചെലവ് ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ കണക്ക് കൂട്ടണം. അതിനു ശേഷം വേണം നിക്ഷേപം ആരംഭിക്കാന്‍. നവദമ്പതികളാണെങ്കിലും സാമ്പത്തിക കാര്യങ്ങളെല്ലാം ആദ്യനാളുകളിൽ തന്നെ സംസാരിച്ച് ധാരണയിലെത്തുന്നത് പിന്നീട് അനാവശ്യ സങ്കീർണതകളൊഴിവാക്കാൻ സഹായിക്കും
English Summary : Financial Planning is Necessary for Newly Married Couple