ADVERTISEMENT

കോവിഡ് ചികിത്സയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ഒരു ശരാശരി മാസവരുമാനക്കാരനായ ഇന്ത്യാക്കാരന് ആശുപത്രിയിൽ അടയ്ക്കേണ്ടി വരുന്നത് അവന്റെ ഏഴു മുതൽ 10 മാസം വരെയുള്ള ശമ്പളത്തിന്റെ അത്ര തുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡ് കാലഘട്ടത്തിൽ ആശുപത്രി ചെലവിലുണ്ടായ വർധന 20 ശതമാനത്തോളമാണ്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്കു പോലും കോവിഡ് ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന പല ഉപകരണങ്ങൾക്കും പരിരക്ഷ ലഭിക്കണമെന്നില്ല. ഇതോടെ കയ്യിൽ നിന്ന് നല്ലൊരു തുക ഡിസ്ചാർജ് ആകുമ്പോൾ അടയ്ക്കേണ്ടി വരുന്നു. കോവിഡ് കുറേ നാളുകൂടി ഒരു യാഥാർഥ്യമായി നമുക്കൊപ്പം ഉണ്ടാകും എന്നതിനാൽ കീശ കീറാതിരിക്കാൻ കുറച്ചു മുൻകരുതൽ എടുക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം ആരോഗ്യ ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ കൂടിയും കോവിഡിനായി മാത്രം പുറത്തിറക്കിയിട്ടുള്ള ഇൻഷുറൻസ് കൂടി സ്വന്തമാക്കുക. നേരത്തെയുള്ള തീരുമാനം അനുസരിച്ച് സെപ്റ്റംബർ 30ന് കോവിഡ് പോളിസികളായ കൊറോണ കവച്, കൊറണ രക്ഷക് പോളിസികളുടെ വിൽപന ഇൻഷുറൻസ് കമ്പനികൾ നിർത്തേണ്ടിയിരുന്നതാണ്. എന്നാൽ അടുത്ത 2022 മാർച്ച് വരെ വിൽപന തുടരണമെന്നാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്. കുറഞ്ഞ പ്രീമിയമാണ് ഇവയുടെ പ്രത്യേകത.

എന്തിന് രണ്ടു പോളിസി?

കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് ലക്ഷങ്ങളുടെ ബില്ലുകളാണ് പലപ്പോഴും വരുന്നത്. നിലവിൽ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിലും കോവിഡ് ചികിത്സയുടെ ഭാഗമായ പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയ്ക്കൊന്നും അതിൽ പരിരക്ഷ ലഭിക്കുകയില്ല. ഡോക്ടർമാരും നഴ്സുമാരും ഓരോ തവണ രോഗിയെ നോക്കാൻ വരുമ്പോഴും ഇടുന്ന ഇത്തരം മുൻകരുതൽ ഉൽപന്നങ്ങളുടെ വിലയെല്ലാം രോഗി കയ്യിൽ നിന്നു നൽകേണ്ടി വരും. കൂടാതെ മുറിവാടകയ്ക്കും സാധാരണ ആരോഗ്യ ഇൻഷുറൻസിൽ പരിധിയുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ആശ്വാസം തരുന്നതാണ് കൊറോണ പോളിസികൾ. സ്ഥലവും ആഭരണങ്ങളും മറ്റും പണയപ്പെടുത്തി ചികിത്സാച്ചെലവു കണ്ടെത്തേണ്ടി വരുന്നവർ കടുത്ത മാനസിക സമ്മർദം നേരിടുകയാണെന്നാണ് ആരോഗ്യ റിപ്പോർട്ടുകൾ ഉള്ളത്. കോവിഡിന്റെ മൂന്നാം തരംഗം മുന്നിൽ എത്തുമ്പോൾ ഇനിയും കോവിഡ് ഇൻഷുറൻസ് എടുക്കാത്തവർ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കുടുംബത്തിന്റെ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. കോവിഡ് വന്നു പോയ ശേഷം അനുബന്ധ അസുഖങ്ങൾ വ്യാപകമായതിനാൽ, അതു ചികിത്സിക്കാൻ ചിലപ്പോൾ നിങ്ങളുടെ സാധാരണ ആരോഗ്യ ഇൻഷുറൻസിൽ തുക ബാക്കി കാണണമെന്നില്ല. കൊറോണ പോളിസികൾ എടുക്കുകയാണെങ്കിൽ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസിൽ തൊടാതെ തന്നെ കോവിഡ് ചികിത്സ പൂർത്തിയാക്കാനാകും. തുടർന്നുള്ള ചികിത്സയ്ക്ക് ആവശ്യമെങ്കിൽ സാധാരണ പോളിസിയും ഉപയോഗിക്കാം. 

insurance-2

കൊറോണ കവച്

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്താണ് 9 മാസം വരെ കാലാവധിയിൽ പ്രീമിയം കുറഞ്ഞ ഈ പോളിസി അവതരിപ്പിച്ചത്. 50000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പരിരക്ഷയുണ്ട്. 3.5, 6.5, 9.5 മാസ കാലാവധികളിൽ പോളിസി ലഭിക്കും. പോളിസി എടുത്തു കഴിഞ്ഞാൽ ആക്ടിവേറ്റ് ആകാൻ 15 ദിവസം കാത്തിരിക്കണം. ഈ 15 ദിവസം ഉൾപ്പെടെയാണ് പോളിസി കാലാവധി.

കോവിഡ് ബാധിച്ച് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കഴിഞ്ഞാൽ പോളിസി പരിരക്ഷ ലഭിക്കും. കാഷ്‌ലെസ് സൗകര്യവും ലഭ്യം. മുറി വാടക, ഐസിയു, ആംബുലൻസ് സേവനം, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തിയറ്റർ, പിപിഇ കിറ്റ്, ഗ്ലൗസ് അടക്കമുള്ള ചെലവ് കവചിൽ ഉൾപ്പെട്ടിട്ടുണ്ട്. 14 ദിവസം വീട്ടിൽ ചികിത്സയിൽ കഴിഞ്ഞാലും ചെലവ് ഇൻഷുറൻസ് കമ്പനി നൽകും. 

കൊറോണ രക്ഷക്

കോവിഡ് ബാധിച്ച് 72 മണിക്കൂർ എങ്കിലും ആശുപത്രിയിൽ കഴിഞ്ഞാൽ മുഴുവൻ പോളിസി തുകയും(സം ഇൻഷ്വേർഡ്) നൽകുന്നതാണ് കൊറോണ രക്ഷക്. 2.5 ലക്ഷം രൂപ വരെ പരിരക്ഷ ഉണ്ട്. ചികിത്സയ്ക്ക് എത്ര ചെലവായി എന്നത് ഇവിടെ പരിഗണിക്കുന്നില്ല. ചെലവ് കൂടിയാലും കുറഞ്ഞാലും നിങ്ങൾ തിരഞ്ഞെടുത്ത പരിരക്ഷാ തുക പൂർണമായും ലഭിക്കും. എസ്ബിഐ ലൈഫിൽ നിന്ന് രക്ഷക് പോളിസി എടുക്കുകയാണെങ്കിൽ 32 വയസ് പ്രായമുള്ള ആൾക്ക് 9.5 മാസത്തേക്ക് 2.5 ലക്ഷം രൂപയുടെ പരിരക്ഷ 1708 രൂപയ്ക്കു ലഭിക്കുന്നു.

ആരോഗ്യ സഞ്ജീവനി

കുറഞ്ഞ പ്രീമിയത്തിൽ മികച്ച കവറേജ് നൽകുന്ന ആരോഗ്യ സഞ്ജീവനി പോളിസിയും പരിഗണിക്കാവുന്നതാണ്. കോവിഡ് ചികിത്സയ്ക്ക് ഉൾപ്പെടെ ഇതിൽ പരിരക്ഷയുണ്ടെന്നത് ആകർഷകമാണ്. സാധാരണക്കാർക്ക് അടിസ്ഥാന ചികിത്സാ ചെലവുകൾ നേരിടാൻ ഐആർഡിഎഐ പുറത്തിറക്കിയ പോളിസിയാണിത്. ആശുപത്രിയിലെ കിടത്തിചികിത്സ, ആംബുലൻസ് സേവനം അടക്കം എല്ലാത്തിനും പരിരക്ഷ ലഭിക്കും. 10 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ലഭ്യമാണ്. 12 മാസ കാലയളവിൽ അഞ്ചു ലക്ഷത്തിന്റെ പോളിസിക്ക് ഏകദേശം 5000 രൂപയാണ് പ്രീമിയം.

covid

ഇൻഷുറൻസ് പരിരക്ഷ തുക ഉയർത്തണം

ഇന്ത്യാക്കാരിൽ ഭൂരിപക്ഷവും 3–5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇൻഷുറൻസാണ് എടുക്കുന്നത്. കോവിഡിന്റെ വരവോടെ ഉണ്ടായ ആരോഗ്യ ചെലവിലെ വർധന ഈ പരിരക്ഷാ തുക പോരെന്നാണ് കാണിക്കുന്നത്. 10–15 ദിവസം വരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ പത്തു ലക്ഷം രൂപ വരെ ആശുപത്രി ബില്ല് വരാം. ഇതെല്ലാം മുന്നിൽകണ്ട് കുറഞ്ഞത് കുടുംബത്തിനാകെ 10 ലക്ഷത്തിന്റെ പരിരക്ഷയുടെ ഇൻഷുറൻസെങ്കിലും എടുക്കാൻ ശ്രദ്ധിക്കണമെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്. 

ക്ലെയിമുകൾ കുതിക്കുന്നു

കഴിഞ്ഞ 18 മാസത്തിനിടയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗ കാലത്ത് ഇൻഷുറൻസ് ക്ലെയിമുകളിൽ 50 ശതമാനം വരെ വർധനയുണ്ടായതായി കമ്പനികൾ പറയുന്നു. മേയ് 30 വരെയുള്ള കണക്കനുസരിച്ച് കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ ക്ലെയിം തുക 23,715 കോടി രൂപയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോൺ ലൈഫ് ഇൻഷുറൻസ് രംഗത്ത് 13 ശതമാനവും ലൈഫ് ഇൻഷുറൻസ് മേഖലയിൽ 18 ശതമാനവുമാണ് വളർച്ച.

English Summary : Increase the Coverage of Health Insurance Policy Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com