വനിതകള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്ക് ഫ്‌ളോട്ടര്‍ പോളിസികള്‍ മാത്രം മതിയോ?
Mail This Article
ജോലിക്കാരായാലും ഔപചാരികമായ തൊഴില്‍ ഇല്ലാത്തവരായാലും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്പോള്‍ ഭര്‍ത്താവിന്റെ പോളിസിക്കൊപ്പം ഭാര്യക്കു കൂടി ഫ്‌ളോട്ടര്‍ പോളിസികള്‍ വഴിയുള്ള പരിരക്ഷ നേടുക എന്നതാണ് പതിവു രീതി. ഭര്‍ത്താവിന്റെ പോളിസിയോടൊപ്പമുള്ള പരിരക്ഷ മാത്രമാണോ വനിതകള്‍ക്കു വേണ്ടത്? എന്തുകൊണ്ടാണ് വരുമാനമുള്ള വനിതകള്‍ പോലും സ്വന്തമായ ഇന്‍ഷൂറന്‍സ് പോളിസികളെ കുറിച്ച് ഗൗരവമായി ചിന്തിക്കാത്തത്? സാമ്പത്തിക ആസൂത്രണം എന്നത് പലപ്പോഴും പുരുഷന്‍മാരെ കേന്ദ്രീകരിച്ചു നടക്കുന്നു എന്നതാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം.
ഇന്‍ഷൂറന്‍സ് പരിരക്ഷയ്്ക്ക് സാമ്പത്തിക ആസൂത്രണത്തില്‍ വന്‍ പ്രാധാന്യം
സാമ്പത്തിക ആസൂത്രണത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇന്‍ഷൂറന്‍സ് എന്നത്. ലൈഫ് ഇന്‍ഷൂറന്‍സും ആരോഗ്യ ഇന്‍ഷൂറന്‍സുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അത് പുരുഷന്‍മാരുടെ കാര്യത്തിലായാലും സ്ത്രീകളുടെ കാര്യത്തിലായാലും ഒരു പോലെ പ്രസക്തവുമാണ്.
ടേം ഇന്‍ഷൂറന്‍സ് വനിതകള്‍ക്കും വേണം
അപ്രതീക്ഷിത വേളകളില്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുകയാണ് ടേം ഇന്‍ഷൂറന്‍സ് പോളിസികളിലൂടെ ലക്ഷ്യമിടുന്നത്. വരുമാനമുള്ളവരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പോളിസിയാണിത്. പുരുഷന്‍മാരായാലും വനിതകളായാലും സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യഘട്ടമായി ടേം ഇന്‍ഷൂറന്‍സ് എടുക്കുന്നത് മികച്ച തീരുമാനമായിരിക്കും.
ആരോഗ്യ ഇന്‍ഷൂറന്‍സ് എങ്ങനെ വേണം?
നേരത്തെ സൂചിപ്പിച്ചതു പോലെ ജോലിക്കാരായ വനിതകള്‍ പോലും ആരോഗ്യ ഇന്‍ഷൂറന്‍സ് തങ്ങളുടെ ഭര്‍ത്താവിന്റെ പോളിസിയുടെ ഭാഗമായാണ് കാണുന്നത്. ഇതിനായുള്ള ഫ്‌ളോട്ടര്‍ പോളിസികള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് പലരുടേയും രീതി. വനിതകള്‍ക്ക് പ്രത്യേക പരിരക്ഷകള്‍ നല്‍കുന്ന പുതുതലമുറ പോളിസികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നതു കൂടി ഇതിലൂടെ ഉടലെടുക്കുന്നുണ്ട്.
വനിതകള്‍ക്ക് ഫെര്‍ട്ടിലിറ്റി ചികില്‍സ, മെറ്റേണിറ്റി കവറേജ് എന്നിവ ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ ഇപ്പോള്‍ പല കമ്പനികളും അവതരിപ്പിക്കുന്നുണ്ട്. വനിതകള്‍ക്കുണ്ടാകുന്ന പ്രത്യേക രോഗങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ പരിരക്ഷ, വിവാഹിതരാകാത്ത സ്ത്രീകള്‍ക്ക് ഡിസ്‌ക്കൗണ്ട്, ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ക്കുള്ള പരിരക്ഷ, സ്തനാര്‍ബുദ പരിരക്ഷ തുടങ്ങിയവയെല്ലാം വനിതകള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സില്‍ പല കമ്പനികളും ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം കുടുംബാഗംങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നേടാനും സാധിക്കും.
റിട്ടയര്‍മെന്റ് പ്ലാനുകളും പ്രയോജനപ്പെടുത്തണം
പെന്‍ഷന്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും വനിതകള്‍ പിന്നിലാണെന്നതാണു വസ്തുത. ജോലി ചെയ്യുന്ന കാലത്തെ അതേ ജീവിതശൈലി തുടരാനായില്ലെങ്കിലും അതിനോട് അടുത്തു നില്‍ക്കുന്ന ശൈലിയുമായി റിട്ടയര്‍മെന്റിനു ശേഷമുള്ള കാലം മുന്നോട്ടു പോകാന്‍ പെന്‍ഷന്‍ പദ്ധതികള്‍ ഏറെ സഹായകമാകും. അക്കാലത്ത് ആവശ്യമായ രീതിയില്‍ കാഷ് ഫ്‌ളോ ഉറപ്പാക്കാനും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കാനും പെന്‍ഷന്‍ പദ്ധതികള്‍ സഹായകമാകും. ജീവിതദൈര്‍ഘ്യം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് വനിതകള്‍ പെന്‍ഷന്‍ പദ്ധതികള്‍ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിക്കുകയാണ്.
ഇന്‍ഷൂറന്‍സിന്റെ നികുതി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണം
ജോലിക്കാരായ വനിതകള്‍ സ്വന്തം പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുകയാണെങ്കില്‍ ആദായ നികുതി ആനുകൂല്യങ്ങളും നേടാനാവും. ഫ്‌ളോട്ടര്‍ പോളിസികളാണെങ്കില്‍ ഇത്തരം നേട്ടങ്ങള്‍ ലഭ്യമാകില്ല എന്നതും ഓര്‍മിക്കണം.
English Summary : Women Especially Working Women Need Their Own Insurance Policies